തെക്കൻ സുഡാനിൽ നാല് വൈദികരും ആറ് ഡീക്കന്മാരും അഭിഷിക്തരായി: ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും മൂലം ബുദ്ധിമുട്ടുന്ന തെക്കൻ സുഡാനിലെ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലായി നാല് പുതിയ പുരോഹിതരുടെയും ആറ് ഡീക്കന്മാരുടെയും അഭിഷേകം. തൊമ്പൂറ-യാമ്പിയോ (Tombura-Yambio) രൂപതയിലാണ് ഏറെ അനുഗ്രഹീതമായ ഈ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നത്.
സഭയുടെ മിഷനറി നിയോഗത്തെ ശക്തിപ്പെടുത്തുന്ന ഏറെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ ഒരു നിമിഷമായിരുന്നു നാല് പേരുടെ പൗരോഹിത്യസ്വീകരണവും ആറ് പേരുടെ ഡീക്കൻ പട്ടവുമെന്ന് അഭിഷേകച്ചടങ്ങുകളുടെ ഭാഗമായി സംസാരിക്കവെ, രൂപതാദ്ധ്യക്ഷൻ ബിഷപ് എഡ്വേർഡ് ഹീബോറോ കുസ്സാല (H.E. Msgr. Eduardo Hiiboro Kussala) പ്രസ്താവിച്ചു.
സഭയിൽ വിശ്വസ്തതാപൂർവ്വം ശുശ്രൂഷ ചെയ്യാനും, രാജ്യത്ത് സമാധാനത്തിന്റെ സൃഷ്ടാക്കളാകാനും നവാഭിഷിക്തരെ ബിഷപ് ഹീബോറോ ആഹ്വാനം ചെയ്‌തു. രൂപതയ്ക്ക് നവീകരണത്തിന്റെയും പ്രത്യാശയുടെയും നിമിഷമാണ് ഇതെന്നും, ഇവരിലൂടെ സഭ തന്റെ അജപാലനശുശ്രൂഷ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
അഭിഷേകചടങ്ങുകളിലെ സർക്കാർ പ്രതിനിധികളുടെ സാന്നിദ്ധ്യം പ്രത്യേകമായി എടുത്തുപറഞ്ഞ രൂപതാ മെത്രാൻ, ഇത് പൊതുനന്മ ലക്ഷ്യമാക്കി സഭയും രാഷ്ട്രവും തമ്മിൽ തുടരുന്ന മാതൃകാപരമായ സഹകരണത്തിന്റെ അടയാളമാണെന്ന് പ്രസ്താവിച്ചു.
തെക്കൻ സുഡാന്റെ തെക്കുപടിഞ്ഞാറാണ് എൺപത്തിനായിരത്തിലധികം ചതുരശ്രകിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന തൊമ്പൂറ-യാമ്പിയോ രൂപത സ്ഥിതി ചെയ്യുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: