നൈജീരിയയിലെ കെബ്ബി സംസ്ഥാനത്ത് ക്രൈസ്തവരുൾപ്പെടെ നാൽപ്പത്തൊൻപത് പേർ കൊല്ലപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഡിസംബർ 28-നും ജനുവരി 3-നുമിടയിൽ കെബ്ബി (Kebbi) സംസ്ഥാനത്തുള്ള ഷാംഗ ലോക്കൽ ഗവൺമെന്റ് ഏരിയയുടെ (Borgu Local Government Area) തെക്കൻ ഭാഗത്ത് അറുപതോളം വരുന്ന സായുധസംഘം, ആക്രമണം അഴിച്ചുവിട്ടെന്നും, നാൽപ്പത്തൊൻപത് പേരെയെങ്കിലും കൊന്നുവെന്നും, കൊന്താഗോര (Kontagora) രൂപതാദ്ധ്യക്ഷൻ ബിഷപ് ബുളുസ് ദൗവ യോഹന്നാ (Bulus Dauwa Yohanna) അറിയിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ബോർഗു കാടുകളിൽനിന്ന് മുപ്പതോളം ബൈക്കുകളിലെത്തിയ അക്രമികൾ വിവിധ ഗ്രാമങ്ങളിലെത്തുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. കൈവ (Kaiwa) ഗ്രാമത്തിൽ അഞ്ച് പേരെയും, ഗേബേയിൽ (Gebe) രണ്ടു പേരെയും ഡിസംബർ 28-ന് ഈ അക്രമിസംഘം കൊല ചെയ്തു. തുടർന്ന് ഗ്രാമങ്ങൾ കൊള്ളയടിച്ച സംഘം വീടുകളും ധാന്യശേഖരങ്ങളും അഗ്നിക്കിരയാക്കി.
ജനുവരി ഒന്നാം തീയതി ഷഫാസി (Shafaci) ഗ്രാമത്തിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഘം അവിടെയുണ്ടായിരുന്ന പ്രധാനപ്പെട്ട രേഖകൾ നശിപ്പിച്ചു. തുടർന്ന് രാത്രിയിൽ കാട്ടിൽ തങ്ങിയ സംഘം, ജനുവരി രണ്ടാം തീയതി, സോകോൺബോറയിലുള്ള (Sokonbora) കത്തോലിക്കാ ദേവാലയം ആക്രമിക്കുകയും കുരിശുരൂപം, കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവയും നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്തു.
ജനുവരി മൂന്നാം തീയതി കുസുവാൻ ദാജി (Kusuwan Daji) ഗ്രാമത്തിലെത്തിയ സംഘം അവിടെയുള്ള ചന്തയിലെ കടകൾക്ക് തീയിടുകയും നാല്പത്തിരണ്ടു പേരെ കൈകൾ ബന്ധിച്ച ശേഷം കൊലപ്പെടുത്തുകയും ചെയ്തു. കൊലചെയ്യപ്പെട്ടവരിൽ ക്രൈസ്തവർക്കൊപ്പം ഇസ്ലാം മതവിശ്വാസികളും ഉണ്ടായിരുന്നുവെന്ന് ബിഷപ് യോഹന്നാ അറിയിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബർ 21-ന് തട്ടിക്കൊണ്ടുപോകപ്പെട്ട 265 കുട്ടികൾ കൂടി അധിവസിക്കുന്ന പ്രദേശത്താണ് ഈ സംഭവമുണ്ടായതെന്നും, ഈ കുട്ടികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെയുള്ളവർ ഭവനങ്ങൾ ഉപേക്ഷിച്ച് അടുത്തുള്ള കാടുകളിൽ അഭയം തേടിയിരിക്കുകയാണെന്നും ബിഷപ് യോഹന്നാ അറിയിച്ചു. അടുത്തിടെയാണ് പപ്പീരി (Papiri) കത്തോലിക്കാ സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്രരാക്കപ്പെട്ടതെന്നും, അവരുടെ മനസ്സിനേറ്റ അടുത്ത ആഘാതമാണ് ഈ സംഭവമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആക്രമണത്തിൽ ഇരകളായവർക്കും കുടുംബങ്ങൾക്കും തന്റെ അനുശോചനങ്ങൾ അറിയിച്ച ബിഷപ് യോഹന്നാ, അക്രമത്തിന്റെ മാർഗ്ഗം ഉപേക്ഷിക്കണമെന്നും, ഇത്തരം കൊള്ളസംഘങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും ആഹ്വാനം ചെയ്തു. വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും, സംഭവത്തിൽ സുരക്ഷാസേനയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അപലപിച്ചു. അതിക്രൂരമായ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, നീതിയും സുരക്ഷയും ഉറപ്പാക്കണമെന്നും ബിഷപ് യോഹന്നാ ആവശ്യപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: