മ്യാന്മാറിന്റെ ഭാവിക്ക് സമാധാനവും വിദ്യാഭ്യാസവും അത്യന്താപേക്ഷിതം: മെത്രാൻസമിതി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മ്യാന്മാറിന്റെ ഭാവിയിൽ സമാധാനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് രാജ്യത്തെ കത്തോലിക്കാസഭാനേതൃത്വം. ജൂബിലി വർഷാവസാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമറിലെ യാങ്കോണിൽ ഒരുമിച്ച് കൂടിയ മെത്രാൻസമിതിയാണ് രാജ്യപുരോഗതിക്ക് സമാധാനം അത്യന്താപേക്ഷിതമാണെന്ന് ഓർമ്മിപ്പിച്ചത്. സമ്മേനത്തിൽ മെത്രാൻസമിതി പ്രസിഡന്റും, യാങ്കോൺ അതിരൂപതാദ്ധ്യക്ഷനുമായ കർദ്ദിനാൾ ചാൾസ് മൗങ് ബോയും, എല്ലാ മെത്രാന്മാരും, രൂപതയിലെ മുഴുവൻ വൈദികരും സന്ന്യസ്തരും, വിവിധ രൂപതകളിലിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ സംബന്ധിച്ചു.
നാല് ദിവസങ്ങൾ നീണ്ട സമ്മേളനത്തിൽ, ലിയോ പതിനാലാമൻ പാപ്പാ 2026-ലെ ആഗോളസമാധാനദിനത്തിലേക്കായി നൽകിയ സന്ദേശം പ്രധാന ചിന്താവിഷയമായെന്ന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്‌ത ഫീദെസ് ഏജൻസി അറിയിച്ചു. ഡിസംബർ 25-ന് നൽകിയ "ഉർബി എത് ഓർബി" ആശീർവാദവുമായി ബന്ധപ്പെട്ട്, മ്യാന്മാറിനെ പരിശുദ്ധ പിതാവ് അനുസ്മരിച്ചതും, രാജ്യത്തിനായി പ്രാർത്ഥിച്ചതും മെത്രാൻസമിതിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ പ്രത്യേകമായി അനുസ്മരിക്കപ്പെട്ടു.
സമാധാനത്തിനായുള്ള പരിശുദ്ധ പിതാവിന്റെ ആഹ്വാനങ്ങൾ പരാമർശിച്ച മെത്രാൻസമിതി, ആ വാക്കുകൾ പ്രവർത്തികമാക്കപ്പെടേണ്ടവയാണെന്നും, എല്ലാ സമൂഹങ്ങളും സമാധാനത്തിന്റെ ഭവനങ്ങളായി മാറേണ്ടവയാണെന്നും ഓർമ്മിപ്പിച്ചു.
മ്യാന്മറിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പരാമർശിച്ച മെത്രാൻസമിതി, ഇത് വെറുമൊരു പ്രകൃതിദുരന്തം എന്നതിനപ്പുറം, സഭയുടെ ശക്തിയും ശുശ്രൂഷാനിയോഗവും സേവനസന്നദ്ധതയും വ്യക്തമാക്കിയ ഒരു സംഭവം കൂടിയായിരുന്നുവെന്ന് വിലയിരുത്തി.
"പ്രത്യാശയുടെ പുതിയ മാർഗ്ഗരേഖകൾ വിഭാവനം ചെയ്യുക" എന്ന പരിശുദ്ധ പിതാവിന്റെ അപ്പസ്തോലിക ലേഖനത്തിന്റെ കൂടി അടിസ്ഥാനത്തിൽ, വിദ്യാഭ്യാസവും സുവിശേഷവത്കരണവും തമ്മിലുള്ള ബന്ധം വിചിന്തനം ചെയ്യപ്പെട്ടു. മ്യാന്മാറിന്റെ ഭാവിയ്ക്കുവേണ്ടി, പുതുതലമുറകൾക്ക് നൽകുന്ന വിദ്യാഭ്യാസശുശ്രൂഷയുടെ പ്രാധാന്യവും മെത്രാന്മാർ എടുത്തുപറഞ്ഞു. രാജ്യത്തെ സംഘർഷങ്ങൾ വിദ്യാഭ്യാസമേഖലയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതും പരാമർശിക്കപ്പെട്ടു.
മ്യാന്മറിൽ ഡിസംബർ 28-ന് ആരംഭിച്ച രാഷ്ട്രീയതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ജനുവരി 25-നായിരിക്കും അവസാനിക്കുക. ബിബിസിയുടെ അനുമാനങ്ങൾ പ്രകാരം, രാജ്യത്തിന്റെ 21 ശതമാനം ഭൂപ്രദേശം മിലിട്ടറിയാണ് നിയന്ത്രിക്കുന്നത്. എന്നാൽ 42 ശതമാനം പ്രദേശങ്ങൾ പ്രതിരോധശക്തികളുടെയും വർഗ്ഗീയസേനകളുടെയും നിയന്ത്രണത്തിലാണ്. ബാക്കി പ്രദേശങ്ങളുടെമേലുള്ള നിയന്ത്രണം തർക്കവിഷയമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: