തിരയുക

വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

നല്ലിടയനെപ്പോലെ മറ്റുള്ളവർക്ക് സമീപസ്ഥരായിരിക്കാൻ ജൂബിലി സമാപനത്തിൽ ആഹ്വാനവുമായി കർദ്ദിനാൾ റെയ്‌ന

വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടു. ഡിസംബർ 27 ശനിയാഴ്ച വിശുദ്ധ യോഹന്നാന്റെ തിരുനാൾ ദിനത്തിൽ നടന്ന ഈ ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ച റോം രൂപതയ്ക്കായുള്ള പരിശുദ്ധ പിതാവിന്റെ വികാരി ജനറൽ കൂടിയായ കർദ്ദിനാൾ റെയ്‌ന, ബുദ്ധിമുട്ടിലായിരിക്കുന്നവരോട് കരുണയുള്ളവരായിരിക്കാനാണ് ജൂബിലി വർഷം നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂബിലി വർഷം സമാപനത്തിലേക്കെത്തുമ്പോൾ, ദൈവസാന്നിദ്ധ്യത്തിന്റെ ഇടങ്ങളായി മാറാനാണ് നമ്മുടെ പ്രാർത്ഥനകളും ഓരോ പരിശ്രമങ്ങളും നമ്മെ സഹായിക്കേണ്ടതെന്ന് കർദ്ദിനാൾ ബാൾദോ റെയ്‌ന. ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ഡിസംബർ 27 ശനിയാഴ്ച വിശുദ്ധ യോഹന്നാന്റെ തിരുനാൾ ദിനത്തിൽ, ജോൺ ലാറ്ററൻ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കവെ, മറ്റുള്ളവരോടുള്ള ഐക്യദാർഢ്യത്തിനുകൂടിയാണ് ജൂബിലി വർഷം നമ്മെ ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

യേശുവിന്റെ കല്ലറയിലേക്ക് യോഹന്നാൻ എത്തുന്നതുപോലെ, ക്രിസ്തുവിനെ തേടിയാണ് ജൂബിലി വർഷത്തിൽ ആളുകൾ ദേവാലയങ്ങളിലേക്കെത്തിയതെന്ന് പ്രസ്താവിച്ച റോം രൂപതയുടെ വികാരി ജനറൽ, സഹനങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന മനുഷ്യരെക്കുറിച്ച് ചിന്തിക്കാതെ എങ്ങനെയാണ് നമുക്ക് നമ്മുടെ വിശ്വാസം ആധികാരികമായി പ്രഘോഷിക്കാനാവുകയെന്ന് ചോദിച്ചു.

പാവപ്പെട്ടവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതിന്റെയും, ഒറ്റയ്ക്കായിരിക്കുന്നവരോട് സഹോദര്യത്തോടെ പെരുമാറേണ്ടതിന്റെയും, നീതിയും തുല്യ അവകാശങ്ങളും ഉറപ്പാകേണ്ടതിന്റെയും പ്രാധാന്യവും, കൃത്യമായ ശമ്പളം ലഭ്യമാക്കേണ്ടതിന്റെ ആവശ്യവും, ലോകസമാധാനവും, കൂടുതൽ കയ്യൂക്കുള്ളവർ മേൽക്കൈ നേടുന്ന അപലപനീയമായ അവസ്ഥയും കർദ്ദിനാളിന്റെ പ്രഭാഷണത്തിൽ ഇടം പിടിച്ചു.

വിശുദ്ധ യോഹന്നാന്റെ ആദ്യലേഖനത്തെ പരാമർശിച്ചുകൊണ്ട്, നമ്മൾ ശ്രവിച്ചതും കണ്ടതും, തൊട്ടറിഞ്ഞതുമായ സുവിശേഷമാണ് മറ്റുള്ളവരോട് പ്രഘോഷിക്കേണ്ടതെന്നും, അത്, ജഡികതയെ എതിർത്തും, മറ്റുള്ളവർക്കുള്ള സ്വീകാര്യത ഉറപ്പാക്കിയും, അതുവഴി കർത്താവിനെ കണ്ടുമുട്ടാനുള്ള സാധ്യത നൽകിയും വേണമെന്ന് കർദ്ദിനാൾ റെയ്‌ന ഓർമ്മിപ്പിച്ചു.

നമ്മെ അത്ഭുതപ്പെടുത്തുന്ന ദൈവത്തിന്റെ സാന്നിദ്ധ്യമെന്ന കൂദാശയാണ് ജൂബിലി വർഷം നമ്മിൽ അവശേഷിപ്പിക്കുന്നതെന്ന് ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവിന്റെ വികാരി ജനറൽ, ജൂബിലി വാതിൽ അടയ്ക്കുമ്പോഴും, അടഞ്ഞ വാതിലുകളിലൂടെ കടന്നുവരുന്നവനാണ് ഉത്ഥിതനെന്നും, അടഞ്ഞ വാതിലുകളിൽ മുട്ടുന്നതിൽനിന്ന് അവൻ പിന്മാറുന്നില്ലെന്നും, അത് കരുണ നൽകാനും, കരുണ തേടാനുമാണെന്നും പ്രസ്താവിച്ചു. നാം നമ്മുടെ സ്നേഹത്തെക്കുറിച്ചായിരിക്കും അന്ത്യദിനത്തിൽ വിധിക്കപ്പെടുകയെന്നും, എളിയവർക്ക് ചെയ്യുന്നതൊക്കെ നാം ദൈവത്തിനായാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഡിസംബർ 2025, 16:47