തിരയുക

മേരി മേജർ ബസലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം മേരി മേജർ ബസലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം  (@VATICAN MEDIA )

ജൂബിലി വാതിൽ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കർദ്ദിനാൾ മക്റിസ്കാസ്

ജൂബിലി വർഷത്തിന്റെ സമാപനം അടുത്തിരിക്കെ, പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള റോമിലെ മേരി മേജർ ബസലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടു. ഡിസംബർ 25-ന് വൈകുന്നേരം അഞ്ചുമണിയോടെ കത്തീഡ്രൽ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ മാക്റിസ്കാസ് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"റോമൻ ജനതയുടെ സംരക്ഷക" എന്നർത്ഥം വരുന്ന സാലൂസ് പോപുളി റൊമാനി എന്ന പരിശുദ്ധ അമ്മയുടെ ചിത്രമുള്ള റോമിലെ മേരി മേജർ ബസലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടു. ജൂബിലി വർഷത്തിന്റെ സമാപനച്ചടങ്ങുകളിൽ ആദ്യത്തേതായിരുന്നു ക്രിസ്തുമസ് ദിനമായ ഡിസംബർ 25-ന്  വൈകുന്നേരം ബസലിക്കയുടെ ആർച്ച്പ്രീസ്റ്റായ കർദ്ദിനാൾ റൊളാന്താസ് മാക്റിസ്കാസിന്റെ മുഖ കാർമ്മികത്വത്തിൽ നടന്ന ഭക്തിനിർഭരമായ ഈ ചടങ്ങ്.

ബസലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കപ്പെടുമ്പോഴും, ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നമുക്കായി എപ്പോഴും തുറന്നാണിരിക്കുന്നതെന്ന്, വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകളുടെ ഭാഗമായി നടത്തിയ പ്രഭാഷണമധ്യേ കർദ്ദിനാൾ മാക്റിസ്കാസ് ഓർമ്മിപ്പിച്ചു. ഒരിക്കലും അവസാനിക്കാത്ത പുതുജീവന്റെ ഉറവയാണ് ക്രിസ്തുവിന്റെ ഹൃദയമെന്നും, അവനിൽ വിശ്വസിക്കുകയും പ്രത്യാശ വയ്ക്കുകയും ചെയ്യുന്നവരിലേക്ക് അത് എല്ലായ്പോഴും തുറന്നാണിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

2025 ജനുവരി ഒന്നാം തീയതിയായിരുന്നു ഈ ബസലിക്കയിലെ വിശുദ്ധ വാതിൽ തുറക്കപ്പെട്ടത്. ഉണ്ണിയേശുവിന്റെ പുൽത്തൊട്ടിയുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ദേവാലയത്തിന്റെ വിശുദ്ധ വാതിൽ ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്തുമസ് ദിനത്തിൽ അടച്ചത്, ജൂബിലി വർഷം സമാപനത്തിലേക്കെത്തുന്നു എങ്കിലും കർത്താവിന്റെ കൃപയുടെ വാതിൽ തുറന്നുതന്നെയാണിരിക്കുന്നത് എന്നോർമ്മപ്പിച്ചുകൊണ്ടാണ്.

വിശുദ്ധ വാതിൽ പ്രധാനപ്പെട്ടതായിരിക്കെ, യഥാർത്ഥത്തിൽ കൂടുതൽ പ്രധാനപ്പെട്ടത് നമ്മുടെ ഹൃദയവാതിലുകളാണെന്നും, തിരുവചനം ശ്രവിക്കുന്നത് വഴിയാണ് അത് തുറക്കപ്പെടുന്നതെന്നും, നമുക്ക് ചുറ്റുമുള്ള മനുഷ്യർക്ക് നൽകുന്ന സ്വീകാര്യതയിലൂടെ അത് വിസ്തൃതമാകുമെന്നും, മറ്റുള്ളവരോട് ക്ഷമിക്കുകയും, ക്ഷമ ചോദിക്കുകയും ചെയ്യുന്നത് വഴി അത് ശക്തിപ്പെടുമെന്നും കർദ്ദിനാൾ മാക്റിസ്കാസ് പ്രസ്താവിച്ചു.

ഫ്രാൻസിസ് പാപ്പായുടെ കാലത്ത് തുറക്കപ്പെട്ട് ലിയോ പതിനാലാമൻ പാപ്പായുടെ കാലത്ത് അടയ്ക്കപ്പെടുന്നുവെന്ന പ്രാധാന്യവും ഇത്തവണത്തെ ജൂബിലി വർഷത്തിനുണ്ടെന്ന് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ച ബസലിക്കയുടെ ആർച്ച്പ്രീസ്റ്റ്, ഇത്തരമൊരു പ്രത്യേകത 1700-ലെ ജൂബിലി വർഷത്തിലാണ് നടന്നതെന്ന് ഓർമ്മിപ്പിച്ചു. ഇന്നസെന്റ് പന്ത്രണ്ടാമൻ പാപ്പാ തുറന്ന ജൂബിലി വാതിൽ ആ വർഷത്തിന്റെ അവസാനം ക്ലമന്റ് പതിനൊന്നാമൻ പാപ്പായാണ് അടച്ചത്. സഭയുടെ അവസാനിക്കാത്ത ജീവിതവും, കർത്താവ് തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കുന്നില്ലെന്നതുമാണ് ഈ പ്രത്യേകത നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് കർദ്ദിനാൾ പ്രസ്താവിച്ചു.

ജൂബിലി വർഷം നൽകിയ ഉദ്ബോധനങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാർത്ഥനയിൽ കൂടുതൽ ശക്തിപ്പെടേണ്ടതിന്റെയും, മറ്റുള്ളവരോട്, പ്രത്യേകിച്ച് പാവങ്ങളോട് കൂടുതൽ കരുണയുടെയും സ്നേഹത്തിന്റെയും മനോഭാവത്തോടെ പെരുമാറേണ്ടതിന്റെയും ആവശ്യകത ഓർമ്മിപ്പിച്ച കർദ്ദിനാൾ, സമാധാനം സാധ്യമാണെന്ന സന്ദേശം ഈ ജൂബിലി വർഷത്തിന്റെ അവസാനത്തിലും സഭ മുന്നോട്ടു വയ്ക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു.

ഫ്രാൻസിസ് പാപ്പായുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നത് മേരി മേജർ ബസലിക്കയിലാണ്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഡിസംബർ 2025, 16:40