തിരുപ്പിറവി ദിനത്തിൽ രണ്ടര ലക്ഷം പേർക്ക് ഭക്ഷണം വിളമ്പി സാന്ത് എജീദിയോ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, സന്നദ്ധപ്രവർത്തകരും, ഭവനരഹിതരും, ഒറ്റയ്ക്ക് ജീവിക്കുന്ന വയോധികരും, മാനവിക ഇടനാഴികൾ വഴി എത്തിയ അഭയാർത്ഥികളും ഉൾപ്പെടുന്ന രണ്ടര ലക്ഷത്തോളം ആളുകൾക്ക് ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണമേകി സാന്ത് എജീദിയോ സംഘടന. ക്രിസ്തുമസ് ദിനത്തിലെ "ആരും മറക്കാത്ത" ഈ ഉച്ചഭക്ഷണവിതരണത്തിന്റെ ഭാഗമായി ഇറ്റലിയിൽ, റോമിലെ ത്രസ്തേവരെയിൽ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഒരു ദേവാലയത്തിലുൾപ്പെടെ, എൺപതിനായിരം ആളുകൾക്കാണ് സംഘടന അന്നം വിളമ്പിയത്.
ഭവനരഹിതരും, ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങളും, മാനവിക ഇടനാഴികൾ വഴിയെത്തിയ അഭയാർത്ഥികളും, ഗാസായിൽനിന്ന് രക്ഷിക്കപ്പെട്ടെത്തിയ ആളുകളും, ഒറ്റയ്ക്കല്ലെന്നും, എല്ലാവരും ഒരു കുടുംബത്തിന്റെ ഭാഗമാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു, ക്രിസ്തുമസ് ദിനത്തിലെ ഈ ഭക്ഷണവിതരണമെന്ന്, ഇതുസംബന്ധിച്ച് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന പ്രസ്താവിച്ചു.
ശബ്ദമില്ലാത്തവരും സ്വന്തമായി കിടപ്പിടമില്ലാത്തവരുമായ മനുഷ്യർ ഒന്നിച്ച് വന്നത്, ഏവരുടെയും പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണെന്നും, ഇന്നത്തെ ലോകത്തിന് ആവശ്യമുള്ള സമാധാനത്തിന്റെ സന്ദേശം കൂടിയാണ് ഇതെന്നും, സാന്ത് എജീദിയോ സംഘടനയുടെ സ്ഥാപകനായ അന്ദ്രെയാ റിക്കാർദി അഭിപ്രായപ്പെട്ടു.
വർഷത്തിന്റെ എല്ലാ ദിവസങ്ങളിലും സംഘടന, ബുദ്ധിമുട്ടനുഭവിക്കുന്നവരും, വഴിയോരങ്ങളിൽ ഉറങ്ങുന്നവരും, മറ്റു ദേശങ്ങളിൽനിന്ന് അഭയം തേടി എത്തിയവരുമായ മനുഷ്യർക്കായി ചെയ്യുന്ന സേവനങ്ങളുടെ തുടർച്ചയാണ് ക്രിസ്തുമസ് ദിനത്തിലും നടന്നതെന്ന്, സംഘടനാ പ്രസിഡന്റ് മാർക്കോ ഇമ്പല്യാസ്സോ പ്രസ്താവിച്ചു.
ക്രിസ്തുമസ് ദിനത്തിലും വർഷം മുഴുവനും, നഗരത്തിൽ ആരും ഒറ്റയ്ക്ക് ഉപേക്ഷിക്കപ്പെടുന്നില്ലെന്നും, അവഗണിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നതിനായി സംഘടന ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് റോം നഗരത്തിന്റെ മേയർ റൊബെർത്തോ ഗ്വൽത്തിയേരി നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: