പോപ്പ് ഫ്രാൻസിസ് മൈഗ്രന്റ്‌സ് സെന്റർ, ഷോർട്ട് സ്റ്റേ ഹോം ഉദ്‌ഘാടനച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം പോപ്പ് ഫ്രാൻസിസ് മൈഗ്രന്റ്‌സ് സെന്റർ, ഷോർട്ട് സ്റ്റേ ഹോം ഉദ്‌ഘാടനച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം 

ഫ്രാൻസിസ് കുടിയേറ്റകേന്ദ്രം: കുടിയേറ്റക്കാർക്കായി അഭയകേന്ദ്രം തുറന്ന് ബാംഗ്ലൂർ അതിരൂപത

ഫ്രാൻസിസ് പാപ്പായിൽനിന്ന് പ്രേരണയുൾക്കൊണ്ട് കുടിയേറ്റക്കാർക്കായി ഒരു തത്കാല്കിക അഭയകേന്ദ്രം തുറന്ന് ബാംഗ്ലൂർ അതിരൂപത. ഡിസംബർ 3 ബുധനാഴ്ച, കർദ്ദിനാൾ സിൽവാനോ തൊമാസിയാണ് ഈ കേന്ദ്രത്തിന്റെ വെഞ്ചരിപ്പും ഉദഘാടനവും നിർവ്വഹിച്ചത്. അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് മച്ചാഡോ, സഹായമെത്രാന്മാരായ ബിഷപ്പ് ആരോഗ്യരാജ്‌, ബിഷപ് സൂസൈനാഥൻ എന്നിവർ ചടങ്ങുകളിൽ സംബന്ധിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്കലബ്രീനിയൻ സന്ന്യസ്തസമൂഹത്തിന്റെ പങ്കാളിത്തത്തോടെ, കുടിയേറ്റക്കാർക്കായി ഒരു താത്കാലിക അഭയകേന്ദ്രം ഒരുക്കി ബാംഗ്ലൂർ അതിരൂപത.  ഫ്രാൻസിസ് പാപ്പായ്ക്ക് കുടിയേറ്റക്കാരോടുണ്ടായിരുന്ന പ്രത്യേക പരിഗണനയും, സഭയുടെ സഹാനുഭൂതിയും, മറ്റുള്ളവരെ ഉൾക്കൊള്ളുവാനുള്ള സന്നദ്ധതയുമാണ് "പോപ്പ് ഫ്രാൻസിസ് മൈഗ്രന്റ്‌സ് സെന്റർ, ഷോർട്ട് സ്റ്റേ ഹോം" (Pope Francis Migrant’s Centre & Short Stay Home) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ കേന്ദ്രത്തിലൂടെ ബാംഗ്ലൂർ അതിരൂപത പ്രകടമാക്കുന്നത്.

യശ്വന്ത്പൂർ റയിൽവേ സ്റ്റേഷനടുത്ത്, മതിക്കരെ (Mathikere) അടുത്തുള്ള ഈ കുടിയേറ്റകേന്ദ്രം, ഡിസംബർ മൂന്നാം തീയതി ഇറ്റലിയിൽനിന്നുള്ള കർദ്ദിനാൾ സിൽവാനോ തൊമാസിയാണ് (Cardinal Silvano Tomasi) വെഞ്ചരിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ബാംഗ്ലൂർ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് പീറ്റർ മച്ചാഡോ (Most Rev. Peter Machado), സഹായമെത്രാന്മാരായ ബിഷപ്പ് ആരോഗ്യരാജ്‌ ശശി കുമാർ (Rt. Rev. Arokiaraj Sasi Kumar), ബിഷപ് ജോസഫ് സൂസൈനാഥൻ (Rt. Rev. Joseph Susainathan) തുടങ്ങിയവരും സംബന്ധിച്ചു.

ആഭ്യന്തര കുടിയേറ്റക്കാരുൾപ്പെടെ എല്ലാ കുടിയേറ്റക്കാരും സുരക്ഷയും, അന്തസ്സും, ഒരു താമസയിടവും അർഹിക്കുന്നുണ്ട് എന്ന ബോധ്യത്തിലാണ് ഇത്തരമൊരു പ്രസ്ഥാനം ആരംഭിക്കാൻ അതിരൂപത തീരുമാനമെടുത്തത്. "എന്റെ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ, എനിക്കു തന്നെയാണ് ചെയ്തു തന്നത് (മത്തായി 25, 40) എന്ന ക്രിസ്തുവചനമാണ് ഈ കേന്ദ്രത്തിലൂടെ അതിരൂപത പ്രഘോഷിക്കുന്നത്.

കുടിയേറ്റക്കാർക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നയിടങ്ങളിലെല്ലാം സഭ സജീവമായി നിൽക്കുന്നുവെന്നും, മറ്റുളളവർക്ക് സ്വീകാര്യത നൽക ക എന്നാൽ സുവിശേഷം ജീവിക്കുകയാണെന്നും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ, കുടിയേറ്റക്കാർക്കുവേണ്ടിയുള്ള കൗൺസിലിൽ സേവനമനുഷ്ടിച്ചിട്ടുള്ള കർദ്ദിനാൾ തൊമാസി തന്റെ പ്രഭാഷണത്തിലൂടെ ഓർമ്മിപ്പിച്ചു. അതിരൂപതയും സ്കലബ്രീനിയൻ സന്ന്യസ്തസമൂഹവും ഇത്തരമൊരു സേവനത്തിന് ഒരുമിച്ചിറങ്ങിയതിനെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങിൽ സംബന്ധിച്ച കർണ്ണാടക ഊർജ്ജമന്ത്രി കേളചന്ദ്ര ജോസഫ് ജോർജ് (K.J. George), 1600-ഓളം വർഷങ്ങൾക്ക് മുൻപ് സിറിയയിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് തന്റെ പൂർവ്വപിതാക്കന്മാരെന്നും, തന്റെ കുടുംബവും അതുപോലെ ബംഗളുരുവിലക്ക് കുടിയേറിയതാണെന്നും തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.

ഒരു കുടിയേറ്റക്കാരനും താൻ ഒറ്റപ്പെട്ടുവെന്ന തോന്നലുളവാകരുതെന്നും, സഭ മറ്റുള്ളവരെ ശ്രവിക്കുകയും, സംരക്ഷിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു കുടുംബമാകണമെന്നും ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ (CCBI), കുടിയേറ്റ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂർ (Most Rev. Victor Henry Thakur) തന്റെ പ്രഭാഷണത്തിൽ പ്രസ്താവിച്ചു.

ഭാരത കാതോലിക്കാമെത്രാൻസമിതി ജനറൽ സെക്രെട്ടറിയും റാഞ്ചി അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് വിൻസെന്റ് ഐന്ത് (Most Rev. Vincent Aind), ഇന്നത്തെ മനുഷ്യരുടെ കൂടുതലായ കുടിയേറ്റങ്ങൾ നമ്മെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കാനും, കൂടുതൽ സഹാനുഭൂതിയോടെയും ധൈര്യത്തോടെയും ഉള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ആവശ്യപ്പെടുന്നുണ്ടെന്നും പറഞ്ഞു.

കുടിയേറ്റക്കാർക്കുവേണ്ടിയുള്ള ശുശ്രൂഷകൾ സ്കലബ്രീനിയൻ സന്ന്യസ്തസമൂഹത്തിന്റെ പ്രത്യേക നിയോഗങ്ങളിൽ ഒന്നാണെന്നും ഏതാണ്ട് 130 വർഷങ്ങളിലധികമായി കുടിയേറ്റക്കാർക്കുവേണ്ടി തങ്ങൾ സേവനങ്ങൾ അനുഷ്ടിക്കുന്നുണ്ടെന്നും സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ലെയൊനീർ ഷ്യരെല്ലോ (Fr. Leonir Chiarello) തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഡിസംബർ 2025, 14:41