2025-ലെ കാലാവസ്ഥാദുരന്തങ്ങൾ കുട്ടികളുടെ ജീവിതം താറുമാറാക്കി: സേവ് ദി ചിൽഡ്രൻ സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കടന്നുപോകുന്ന 2025-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലാവസ്ഥാദുരന്തങ്ങൾ കുട്ടികളുടെ ജീവിതത്തെ രൂക്ഷമായി ബാധിച്ചുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഉഷ്‌ണതരംഗങ്ങളും, കൊടുങ്കാറ്റുകളും, കനത്ത മഴയും വെള്ളപ്പൊക്കവും തുടങ്ങി നിരവധി പ്രതിസന്ധികളാണ് കുട്ടികൾ നേരിട്ടതെന്നും, അവ അവരുടെ ജീവിതത്തെ താറുമാറാക്കിയെന്നും സംഘടന അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ ദിനം പ്രതി ഒന്നേകാൽ ലക്ഷത്തിലധികം (1.36.000) കുട്ടികളാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ദുരന്തങ്ങളും മൂലം വലഞ്ഞതെന്ന് സേവ് ദി ചിൽഡ്രൻ പ്രസ്താവിച്ചു. അതുകൊണ്ടുതന്നെ, കാലാവസ്ഥാദുരിതങ്ങളുടെ ദുരന്തഫലങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ വേണ്ട നടപടികൾ എടുക്കേണ്ടതുണ്ടെന്ന് സംഘടന ഓർമ്മിപ്പിച്ചു.
ആഗോളതാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയുള്ള പാരീസ് ഉടമ്പടി പ്രായോഗികതലത്തിൽ കൊണ്ടുവരാൻ സാധിച്ചാൽ, 2100-ൽ താപനിരക്കിലുള്ള വർദ്ധനവ് ഒന്നര ഡിഗ്രി സെൽഷ്യസായി കുറയ്ക്കാനാകുമെന്ന് സംഘടന വ്യക്തമാക്കി. ഇതുവഴി ഇരുപത് ലക്ഷത്തോളം കുട്ടികളെങ്കിലും വലിയ വരൾച്ചകളിൽനിന്ന് രക്ഷപെട്ടേക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
2025-ലെ പ്രധാനപ്പെട്ട അഞ്ച് കാലാവസ്ഥാദുരന്തങ്ങൾ സേവ് ദി ചിൽഡ്രൻ തങ്ങളുടെ പത്രക്കുറിപ്പിൽ രേഖപ്പെടുത്തി. 2025 അവസാനം ഏഷ്യയിലുണ്ടായ വെള്ളപ്പൊക്കങ്ങൾ നൂറുകണക്കിന് ആളുകൾകുടെ മരണത്തിന് കാരണമായെന്ന് ഓർമ്മിപ്പിച്ച സംഘടന, കഴിഞ്ഞ മുപ്പത് വർഷങ്ങളിൽ ഏറ്റവും ശക്തമായിരുന്ന വെള്ളപ്പൊക്കദുരന്തങ്ങളാണ് ഈ മേഖലകളിലുള്ളവർ ഇത്തവണ നേരിട്ടതെന്ന് വ്യക്തമാക്കി. തായ്‌ലൻഡ്, ഇൻഡോനേഷ്യ, ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെയാണ് ഇത് കൂടുതലായി ബാധിച്ചത്.
ഹൈറ്റി, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയവെ ഗുരുതരമായി ബാധിച്ച മെലീസ കൊടുങ്കാറ്റ്, 2025-ൽ രേഖപെടുത്തപ്പെട്ടവയിൽ ഏറ്റവും ശക്തമായിരുന്നുവെന്ന് സേവ് ദി ചിൽഡ്രൻ ഓർമ്മിപ്പിച്ചു. പ്രദേശത്ത് മഴയുടെ നിരക്ക് ഏതാണ്ട് 16 ശതമാനം വർദ്ധിക്കുന്നതിനും ഇത് കാരണമായി.
തെക്കൻ സുഡാനിൽ അപകടകരമായി താപനില ഉയർന്നതിനെത്തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും സ്‌കൂളുകൾ അടച്ചിടേണ്ടിവന്നുവെന്നും, വിദ്യാഭ്യാസസാധ്യതകൾ നിഷേധിക്കപ്പെട്ടതിന്റെ പാർശ്വഫലമായി പ്രായപൂർത്തിയെത്തുന്നതിന് മുൻപുള്ള വിവാഹം, ബാലവേല, കുട്ടികളെ സായുധസംഘങ്ങളിൽ ചേർക്കുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് നേരിടേണ്ടിവന്നതെന്നും സംഘടന ഓർമ്മിപ്പിച്ചു.
മഡഗാസ്കറിൽ ഉണ്ടായ തുടർച്ചയായ വരൾച്ചയും വെള്ളപ്പൊക്കത്തിന് കാരണമായ കൊടുങ്കാറ്റുകളും കൃഷിമേഖലയിൽ കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായെന്ന് സേവ് ദി ചിൽഡ്രൻ എഴുതി.
ഫിലിപ്പീൻസിൽ ഈ വർഷം 23 ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ ഉണ്ടായെന്നും, ഇതുമൂലം കടലിലുൾപ്പെടെ താപനിലവാർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും സംഘടന തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. നവംബറിൽ ഉണ്ടായ കൽമേഗി (Kalmaegi) കൊടുങ്കാറ്റ് മൂലം 200 പേരോളം മരണമടഞ്ഞുവെന്നും സംഘടന ഓർമ്മിപ്പിച്ചു. രാജ്യത്തിൻറെ മധ്യ-തെക്കൻ പ്രദേശത്ത് റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പവും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: