സ്നാപകയോഹന്നാന്റെ പ്രഭാഷണം സ്നാപകയോഹന്നാന്റെ പ്രഭാഷണം 

മാനസാന്തരത്തിന് ക്ഷണിക്കുന്ന സ്നാപകയോഹന്നാനും വരാനിരിക്കുന്ന ക്രിസ്തുവും

ലത്തീൻ ആരാധനാക്രമപ്രകാരം ആഗമനകാലം രണ്ടാം ഞായറാഴ്ചയിലെ തിരുവചനഭാഗങ്ങളെ ആധാരമാക്കിയ വിചിന്തനം. സുവിശേഷഭാഗം: മത്തായി 3, 1-12
ശബ്ദരേഖ - മാനസാന്തരത്തിന് ക്ഷണിക്കുന്ന സ്നാപകയോഹന്നാനും വരാനിരിക്കുന്ന ക്രിസ്തുവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ വരവറിയിക്കുന്ന സ്നാപകയോഹന്നാനെക്കുറിച്ചുള്ള ഒരു സുവിശേഷഭാഗമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. സുവിശേഷകന്മാർ നാലു പേരും (മത്തായി 3, 1-12; മർക്കോസ് 1,1-8; ലൂക്ക 3, 1-9; യോഹന്നാൻ1, 19-28) വിശദീകരിച്ചും ചുരുക്കിയുമൊക്കെ ഈ ഒരു ഭാഗം തങ്ങളുടെ സുവിശേഷങ്ങളിൽ രേഖപ്പെടുത്തുന്നുണ്ട്.

സ്നാപകയോഹന്നാൻ

മിശിഹായ്ക്ക് മുന്നോടിയായി ഏലിയാ വരുമെന്ന പ്രതീക്ഷ യഹൂദർക്കുണ്ടായിരുന്നു  രോമക്കുപ്പായവും, തുകൽ കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞ പ്രവാചകൻ (2 രാജാക്കന്മാർ 1, 8). യോഹന്നാന്റെ വസ്ത്രധാരണരീതിയും, ഭക്ഷണരീതിയുമൊക്കെ പ്രവാചകനായ എലിയയെയാണ് അനുസ്മരിപ്പിക്കുന്നത്.

യേശുവിന്റെ മുന്നോടിയായി കടന്നുവന്ന പ്രവാചകസ്വരമാണ് യോഹന്നാന്റെ ജീവിതമെന്ന് സുവിശേഷങ്ങളിലൂടെ നമുക്കറിയാം. ജെറുസലേം മുതൽ ജോർദ്ദാൻ വരെ വ്യാപിച്ചുകിടക്കുന്ന യൂദയായിലെ മരുഭൂമിയാണ് യോഹന്നാൻ തന്റെ പ്രവർത്തനയിടമായി തിരഞ്ഞെടുക്കുന്നത്. എല്ലാവരോടും, പ്രത്യേകിച്ച് ദൈവജനത്തോട് യോഹന്നാന് വിളിച്ചുപറയാനുള്ള സന്ദേശം വളരെ കൃത്യവും വ്യക്തവുമാണ്. കർത്താവിന്റെ വരവിനായി വഴിയൊരുക്കുക, അനുതപിച്ച് പാപജീവിതം വെടിഞ്ഞ്, മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുക.

ഏശയ്യാ പ്രവാചകനും യോഹന്നാനും

ജെസ്സെയുടെ കുറ്റിയിൽനിന്ന് കിളിർത്തുവരുന്ന ഒരു മുളയെപ്പറ്റി, വരാനിരിക്കുന്ന നീതിനിഷ്ഠനായ രാജാവിനെപ്പറ്റി, ഏശയ്യാ പ്രവാചകൻ തന്റെ പതിനൊന്നാം അദ്ധ്യായത്തിൽ പറയുന്നുണ്ട്. അസാധാരണമായ ഒരു ജീവിതക്രമത്തിലേക്ക്, തിന്മയും അതിക്രമവും ഇല്ലാത്ത, ചെന്നായും ആട്ടിൻകുട്ടിയും ഒരുമിച്ച് വസിക്കുന്ന, പുള്ളിപ്പുലി കോലാട്ടിൻ കുട്ടിയോടുകൂടെ കിടക്കുന്ന, ആരും ദ്രോഹമോ നാശമോ പ്രവർത്തിക്കാത്ത ഒരു കാലത്തെക്കുറിച്ചാണ് പ്രവാചകൻ പറയുന്നത് (ഏശയ്യാ 11, 1-10).

നാൽപ്പതാം അദ്ധ്യായത്തിൽ ഏശയ്യാ പ്രവാചകൻ നടത്തിയ ഒരു പ്രവചനത്തിന്റെ പൂർത്തീകരണമാണ് യോഹന്നാന്റെ ജീവിതത്തിലൂടെ, പ്രത്യേകിച്ച് അവന്റെ പ്രഭാഷണത്തിലൂടെ പൂർണ്ണമാകുന്നത്; "മരുഭൂമിയിൽ കർത്താവിനു വഴിയൊരുക്കുവിൻ. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിൻ" (ഏശയ്യാ 40, 3). ബാബിലോൺ അടിമത്തത്തിൽനിന്ന് ഇസ്രായേൽക്കാർ തിരിച്ചുവരുന്നതിനെപ്പറ്റി, വിമോചനവുമായി ബന്ധപ്പെട്ട് ആശ്വാസത്തിന്റെ വാക്കുകളാണ് അവിടെ പ്രവാചകൻ പറയുന്നത്. മരുഭൂമിയിലൂടെ തന്റെ ജനത്തെ നയിക്കുന്ന ദൈവത്തെക്കുറിച്ച് നാം പഴയനിയമത്തിൽ വായിക്കുന്നുണ്ടല്ലോ. ഏശയ്യാ പ്രവാചകന്റെ വാക്കുകൾക്ക് സമാനമായി, രാജകീയമായ ഒരു വരവേൽപ്പൊരുക്കാൻ, രക്ഷകനും രാജാവുമായ ഒരുവനുവേണ്ടി കാത്തിരിക്കാനാണ് യോഹന്നാൻ ജനത്തെ ക്ഷണിക്കുന്നത്.

അനുതാപവും മാനസാന്തരത്തിന്റെ ഫലങ്ങളും

യോഹന്നാന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവനിൽ ഒരു പ്രവാചകനെ തിരിച്ചറിയുന്ന, ജെറുസലേമിലും യൂദയാ മുഴുവനിലും ജോർദാന്റെ പരിസരപ്രദേശങ്ങളിലും നിന്നുള്ള ജനം അവനരികിലെത്തി, പാപങ്ങൾ ഏറ്റു പറഞ്ഞ് ജോർദാൻ നദിയിൽ വച്ച് അവനിൽനിന്ന് സ്നാനം സ്വീകരിക്കുന്നതും നാം സുവിശേഷങ്ങളിൽ വായിക്കുന്നുണ്ട്. ദൈവജനമാണ് തങ്ങളെന്നും, തങ്ങൾ പൂർണ്ണരാണെന്നും കരുതിയിരുന്ന ഫരിസേയരും സദുക്കായരും പോലും സ്നാനമേൽക്കാൻ കടന്നുവരുമ്പോൾ, തന്റെ സ്നാനം മനസാന്തരത്തിനായി ജലം കൊണ്ടുള്ള സ്നാനമാണെന്നും, അനുതപിച്ച്, മനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിച്ചില്ലെങ്കിൽ, ദൈവജനത്തിന് യോജിച്ച വിധത്തിൽ ജീവിച്ചില്ലെങ്കിൽ, കല്ലുകളിൽനിന്ന് അബ്രാഹത്തിന് സന്താനങ്ങളെ പുറപ്പെടുവിക്കാൻ കഴിയുന്ന ദൈവം നിങ്ങളെ വെട്ടി തീയിലെറിയുമെന്ന് സ്നാപകൻ മുന്നറിയിപ്പ് നൽകുന്നതും നമുക്ക് കാണാം.

ആത്മാവിനാൽ സ്നാനപ്പെടുത്തുകയും വിധിക്കുകയും ചെയ്യുന്ന ക്രിസ്തു

താൻ വഴിയൊരുക്കാൻ വന്നവനാണെന്നും, അനുതാപത്തിന്റെ മാർഗ്ഗത്തിലൂടെ, വരാനിരിക്കുന്നവനും, തന്നെക്കാൾ ശക്തനുമായ മറ്റൊരുവന്റെ വരവിനായാണ് ഏവരും ഒരുങ്ങേണ്ടതെന്നും യോഹന്നാൻ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. പരിശുദ്ധാത്മാവിനാലും അഗ്നിയാലും സ്നാനപ്പെടുത്തുന്ന, കതിരും പതിരും വേർതിരിക്കാനുള്ള വീശുമുറം കയ്യിലുള്ള, ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കുകയും പതിര് കെടാത്ത തീയിൽ കത്തിച്ചുകളയുകയും ചെയ്യുന്ന ഒരുവൻ. യോഹന്നാൻ ദൈവാരാജ്യത്തെയും, വരാനിരിക്കുന്ന രക്ഷകനെയും വിധിയുടെയും ദൈവകോപത്തിന്റെയും ഭാഷയിലാണ് ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാവരും, ഫരിസേയാരാകട്ടെ, സദുക്കായരാകട്ടെ, യഹൂദമതത്തിന് പുറത്തുള്ളവരാകട്ടെ, മനസാന്തരത്തിലൂടെ, ജീവിതപരിവർത്തനത്തിലൂടെയല്ലാതെ ദൈവവിധിയെ അഭിമുഖീകരിക്കാനോ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരായി തുടരാനോ സാധിക്കില്ലെന്ന് സ്നാപകൻ ഉദ്ബോധിപ്പിക്കുന്നു.

രക്ഷ എന്നത്, യഹൂദരായുള്ള ജനനം കൊണ്ട് അവകാശപ്പെടാൻ സാധിക്കുന്ന ഒന്നല്ലെന്ന്, അത്, വ്യക്തിപരമായ ജീവിതപരിവർത്തനവും മനസാന്തരവും, അതനുസരിച്ചുള്ള ഫലങ്ങളും ആവശ്യപ്പെടുന്നുണ്ടെന്ന് വചനം നമ്മോട് പറയുന്നു.

വിധിയും രക്ഷയും ആവശ്യപ്പെടുന്ന ചടുലത

യോഹന്നാൻ അവതരിപ്പിക്കുന്ന വിധിയാളന്റെ ചിത്രമാകട്ടെ, സുവിശേഷങ്ങൾ പിന്നീട് അവതരിപ്പിക്കുന്ന രക്ഷകനും, പിതാവിന്റെ സ്നേഹത്തിന്റെ ആൾരൂപവുമായ യേശുവിന്റെ ചിത്രമാകട്ടെ, ഏവരിലും നിന്ന് ആവശ്യപ്പെടുന്ന പരിവർത്തനവും നന്മയുടെ ജീവിതവും മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനാകാത്ത ഒന്നാണെന്ന് വചനം നമ്മോട് പറയുന്നുണ്ട്. "വൃക്ഷങ്ങളുടെ വേരിന് കോടാലി വച്ചുകഴിഞ്ഞു" (മത്തായി 3, 10). വിധി ദൂരത്തല്ലെന്ന ശക്തമായ ഒരു സന്ദേശമാണ് ഇവിടെ വചനം നൽകുന്നത്. ഈ വിധി നല്ലവരും ദുഷ്ടരും തമ്മിൽ, കതിരും പതിരും തമ്മിൽ വേർതിരിച്ചെടുക്കുന്ന, അറപ്പുരയിലേക്ക് മാറ്റപ്പെടുകയോ തീയിലേക്ക് എറിഞ്ഞു കളയപ്പെടുകയോ ചെയ്യാനുള്ള നിർണ്ണായകമായ തീരുമാനത്തിന്റെ വിധിയാണ്.

പരിവർത്തനത്തിലേക്കുള്ള ക്ഷണം

ക്രിസ്തുവുമായുള്ള കണ്ടുമുട്ടൽ ശിക്ഷദായകമായ വിധിയുടേതാകണോ, അതോ ജീവനും രക്ഷയും പ്രദാനം ചെയ്യുന്ന ദൈവവുമായുള്ള സ്നേഹത്തിന്റെ കണ്ടുമുട്ടലാകണോ എന്നുള്ള തീരുമാനമാണ് എപ്രകാരമായിരിക്കണം നമ്മുടെ ജീവിതങ്ങൾ നാം നയിക്കേണ്ടത് എന്നതിനെ നിയന്ത്രിക്കുന്നത്. അനുദിനജീവിതത്തിൽ നാം ജീവിക്കുന്നത്, ഒറ്റപ്പെടലിന്റെയും വേദനകളുടെയും മരുഭൂമിയനുഭവങ്ങളിലാകട്ടെ, നന്മതിന്മകളെക്കുറിച്ച് ചിന്തിക്കാൻ പോലും സമയം ലഭിക്കാത്തതും, ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നും, എന്തിന് ദൈവചിന്തയിൽനിന്ന് പോലും നമ്മെ അകറ്റിനിറുത്തുന്നതുമായ ജീവിതശൈലിയിലാകട്ടെ, യോഹന്നാന്റെ പ്രഭാഷണവും, സുവിശേഷവും, വിശുദ്ധ ഗ്രന്ഥ വായനകളും നമ്മുടെയും മനഃസാക്ഷിയെയും ആത്മാവിനെയും നമ്മുടെ ജീവിതത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമൊക്കെ വിചിന്തനം ചെയ്യാൻ ക്ഷണിക്കുന്നുണ്ട്. ക്രൈസ്തവ പാരമ്പര്യമോ, മാമ്മോദീസാജലമോ മാത്രമല്ല, ദൈവമക്കളെന്ന വിളിയിൽ, വചനമനുസരിച്ചുള്ള ജീവിതം കൂടി ഉണ്ടാകുമ്പോഴേ, ദൈവം ദാനമായി നൽകുന്ന രക്ഷ സ്വന്തമാക്കാൻ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ് ജീവിക്കാം. പരിശുദ്ധ അമ്മയോട് ദൈവദൂതൻ അറിയിക്കുന്ന വചനം പോലെ, നമ്മുടെ ഹൃദയങ്ങളിലും ഈ വചനം മുട്ടിവിളിക്കുന്നുണ്ട്. ഹൃദയമൊരുക്കി, സദ്‌ഫലങ്ങൾ നൽകി, ദൈവത്തെയും മനുഷ്യരെയും ആത്മാർത്ഥമായി സ്നേഹിച്ച്, മാതൃകാപരമായി വിശ്വാസം ജീവിച്ച്, ദൈവപുത്രന്റെ വരവിനായി കാത്തിരിക്കാം. ആ കണ്ടുമുട്ടൽ ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും രക്ഷയുടെയും കണ്ടുമുട്ടലാകട്ടെ.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഡിസംബർ 2025, 15:07