തിരയുക

അന്ത്യവിധിയെക്കുറിച്ചുള്ള ചിത്രീകരണം അന്ത്യവിധിയെക്കുറിച്ചുള്ള ചിത്രീകരണം 

യുഗാന്തവും വിശ്വസ്തതയോടെയുള്ള ജീവിതവും

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം മുപ്പത്തിമൂന്നാം വാരം ഞായറാഴ്ചയിലെ തിരുവചനഭാഗങ്ങളെ ആധാരമാക്കിയ വിചിന്തനം. സുവിശേഷഭാഗം: ലൂക്ക 21, 5-19
ശബ്ദരേഖ - യുഗാന്തവും വിശ്വസ്തതയോടെയുള്ള ജീവിതവും

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സമാന്തരസുവിശേഷങ്ങൾ മൂന്നും, വിശുദ്ധ മത്തായി (24, 1-14), മർക്കോസ് (13, 1-13), ലൂക്ക (21, 5-19) ഏതാണ്ട് ഒരേപോലെ രേഖപ്പെടുത്തുന്ന ഒരു സുവിശേഷഭാഗമാണ് ദേവാലയത്തിന്റെ നാശത്തെക്കുറിച്ചും ക്ലേശങ്ങളുടെ ആരംഭത്തെക്കുറിച്ചും യേശു മുന്നറിയിപ്പ് നൽകുന്ന സംഭവം. ലോകാവസാനവും മിശിഹായുടെ പ്രത്യാഗമനവും എപ്പോഴാണ് ഉണ്ടാവുകയെന്ന ചോദ്യത്തിന് മറുപടിയായി, ഈ സംഭവംങ്ങൾക്ക് മുൻപ് നടക്കാനിരിക്കുന്ന വേദനകളുടെയും ഞെരുക്കങ്ങളുടെയും അനുഭവങ്ങളെക്കുറിച്ചും, കപദസന്ദേശങ്ങളെക്കുറിച്ചും, വ്യാജമിശിഹാമാരെക്കുറിച്ചും യേശു മുന്നറിയിപ്പ് നൽകുന്നു.

മനോഹരമായ ജെറുസലേം ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ യേശുവും ശിഷ്യന്‍മാരും തമ്മിൽ നടന്ന ഒരു സംഭാഷണമായി ദേവാലയത്തിന്റെ നാശത്തെക്കുറിച്ചുള്ള ഭാഗം മത്തായിയും മർക്കോസും അവതരിപ്പിക്കുമ്പോൾ, അവിടെയുണ്ടായിരുന്ന ചില ആളുകളും യേശുവുമായുള്ള ഒരു സംഭാഷണമായാണ് ഇതിനെ വിശുദ്ധ ലൂക്ക അവതരിപ്പിക്കുന്നത്. ക്ലേശങ്ങളുടെയും വേദനകളുടെയും ആരംഭത്തെക്കുറിച്ചുള്ള ഭാഗത്തിനും ഇതുപോലെ ഒരു പ്രത്യേകതയുണ്ട്. ഒലിവുമലയിൽ വച്ച് ശിഷ്യന്മാരും യേശുവുമായി നടക്കുന്ന ഒരു സംഭാഷണമെന്ന രീതിയിൽ മത്തായി ഇതേക്കുറിച്ച് പറയുമ്പോൾ, മർക്കോസാകട്ടെ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും യേശുവിനോട് ഉയർത്തുന്ന ഒരു ചോദ്യത്തിന്റെ മറുപടിയായാണ് ഈ ഭാഗം രേഖപ്പെടുത്തുക. വിശുദ്ധ ലൂക്കയാകട്ടെ, ജെറുസലേം ദേവാലയത്തിന് മുൻപിൽ വച്ച് തുടരുന്ന സംഭാഷണമായാണ് ഇത് വിവരിക്കുക.

മുന്നറിയിപ്പ് നൽകുന്ന ഗുരു

നമുക്ക് മുന്നിലുള്ള സുവിശേഷഭാഗം നടന്ന സ്ഥലം എന്തുതന്നെയായാലും, യേശുവുമായി ആ സംഭാഷണത്തിൽ ഉൾപ്പെട്ടവർ ആരൊക്കെയാണെങ്കിലും, ഈ സംഭവത്തിന്റെ പശ്ചാത്തലം വളരെ വ്യക്തമാണ്. യേശു തന്റെ പെസഹായ്ക്കുള്ള സമയം അടുത്തുവരുന്നുവെന്ന് തിരിച്ചറിഞ്ഞ്, ശിഷ്യരെ ഒരുക്കുകയാണ്. മനോഹരമായ ജെറുസലേം ദേവാലയം പോലെ ജീവിതത്തിൽ മനോഹരമെന്ന് കരുതുന്ന പലതും നശിപ്പിക്കപ്പെടും. ക്രിസ്തുവുമായുള്ള ബന്ധം മൂലം, അതായത്, വിശ്വാസവുമായി ബന്ധപ്പെട്ട് ലോകത്ത് ശിഷ്യർ, വിശ്വാസികൾ, പീഡനങ്ങൾ നേരിടേണ്ടിവരും. എന്നാൽ പിടിച്ചു നിൽക്കുന്നവർ, ക്രിസ്തുവിനോടുള്ള സ്നേഹവും കൂറും കൈവിടാത്തവർ രക്ഷ നേടും, നിത്യജീവൻ അവകാശമാക്കും.

യുഗാന്തകാലത്തെക്കുറിച്ചുള്ള ചിന്തകൾ

സമാന്തരസുവിശേഷങ്ങൾ യുഗാന്തകാലത്തെക്കുറിച്ചുള്ള ചിന്തകൾ രേഖപ്പെടുത്തുന്നതും ചില വ്യത്യാസങ്ങളോടെയാണ്. ജെറുസലേമിന്റെ പതനത്തിന് ശേഷം, സമയത്തിന്റെ അന്ത്യവും മനുഷ്യപുത്രന്റെ ആഗമനവും ഏറെ സമയവ്യത്യാസമില്ലാതെ വരുമെന്ന ഒരു ചിന്ത ആദ്യ രണ്ട് സുവിശേഷങ്ങളിൽ, പ്രത്യേകിച്ച് വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ നമുക്ക് കാണാം. എന്നാൽ വിശുദ്ധ ലൂക്കയാകട്ടെ, തന്റെ ഇരുപത്തിയൊന്നാം അദ്ധ്യായം ഇരുപത്തിനാലാം തിരുവചനത്തിന്റെ അവസാനത്തിൽ സൂചിപ്പിക്കുന്നതുപോലെ, വിജാതീയരുടെ നാളുകൾ പൂർത്തിയായതിന് ശേഷമായിരിക്കും മനുഷ്യപുത്രന്റെ ആഗമനം എന്ന ഒരു സന്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്.

എല്ലാത്തിന്റെയും അവസാനത്തിന് മുൻപായി, ലോകത്ത് ഏറെ യുദ്ധങ്ങളും കലഹങ്ങളും ഉണ്ടാകുമെന്നും, മനുഷ്യർ ഏറെ ദുരിതങ്ങൾ നേരിടേണ്ടിവരുമെന്നും യേശു മുന്നറിയിപ്പ് നൽകുന്നുണ്ട്. പിന്നീടാണ് കർത്താവിന്റെ സഭ, വിശ്വാസികൾ പീഡനങ്ങൾ നേരിടാൻ പോകുന്നത്. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള ജീവിതം എളുപ്പമുള്ളതായിരിക്കില്ലെന്ന മുന്നറിയിപ്പാണ് ക്രിസ്തു തന്റെ ശിഷ്യർക്ക് നൽകുന്നത്. പിതാവായ ദൈവം തന്റെ പുത്രനെ ലോകത്തിന് ഏല്പിച്ചുകൊടുക്കുന്നതുപോലെ, ഇവിടെ വിശ്വാസികളെ ലോകത്തിന് ഏൽപ്പിച്ചുകൊടുക്കപ്പെടുന്ന സമയമാണ്. ലോകത്തിന്റെ അവസാനനാളുകളും, മനുഷ്യപുത്രന്റെ വരവും എന്നുതന്നെ ആയിരുന്നാലും, ആ ദിനങ്ങളിലേക്ക് അനുദിനം ഒരുങ്ങിയിരിക്കാൻ, ജീവിതത്തിലെ കയ്‌പ്പേറിയ ഓരോ അനുഭവങ്ങളും ദൈവത്തോടുള്ള വിശ്വസ്തത പ്രഖ്യാപിക്കാനായുള്ള, അവനോട് ചേർന്ന് നിൽക്കാനായുള്ള അവസരങ്ങളാക്കി മാറ്റാനാണ് യേശു, ഇന്ന് സുവിശേഷത്തിലൂടെ നമ്മളോട് ആവശ്യപ്പെടുന്നത്. വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന സമയം, ക്രിസ്തുവിന് ധൈര്യപൂർവ്വം സാക്ഷ്യം നൽകാനുള്ള സമയമായിരിക്കുമെന്ന് തിരുവചനം ഓർമ്മിപ്പിക്കുന്നുണ്ട്.

ഈറ്റുനോവിന്റെ ആരംഭം

വിശുദ്ധ ലൂക്ക വ്യക്തമായി പറയുന്നില്ലെങ്കിലും, വിശുദ്ധ മത്തായിയുടെയും (24, 8) മർക്കോസിന്റെയും (13, 8) സുവിശേഷങ്ങൾ ലോകം നേരിടാൻ പോകുന്ന വേദനകളെയും ക്ലേശങ്ങളെയും കുറിച്ച്, നമ്മെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് പറയുന്ന ഒരു ഉപമ ഏറെ മനോഹരമാണ്. വചനം പറയുക ഇങ്ങനെയാണ്: “ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രം” (മത്തായി 24, 8; മർക്കോസ് 13, 8). ഒരു സ്ത്രീയുടെ ഈറ്റുനോവ് അതനുഭവിച്ചിട്ടില്ലാത്തവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനുമപ്പുറമാണെന്നാണ് പറയുക. എന്നാൽ ആ വേദന പോലും മറന്നുകളയാൻ തക്ക ആനന്ദമാണ്, ഒരു കുട്ടിക്ക് ജന്മമേകുമ്പോൾ അവൾ അനുഭവിക്കുക. വിശ്വാസജീവിതത്തിൽ നാമേൽക്കേണ്ടിവരുന്ന വേദനകളെക്കുറിച്ച് തിരുവചനം പറയുന്നതും, ഈ ഉദാഹരണം മുന്നിൽ വച്ചുകൊണ്ടാണ്.

ക്രിസ്തുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുകയും, അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതിന്റെ പേരിൽ, സ്വന്തമെന്ന് കരുതുന്നവർ ഒറ്റിക്കൊടുത്താലും, മറ്റെല്ലാവരും നിങ്ങളെ വെറുത്താലും, പിടിച്ചുനിൽക്കാനാണ് യേശു നമ്മോടും ആവശ്യപ്പെടുന്നത്. ക്രിസ്തു എപ്രകാരമാണോ പിതാവിന്റെ ഹിതം നിറവേറ്റിയത്, എപ്രകാരമാണോ ലോകത്തെ ജയിച്ചത്, അതുപോലെ, ക്രിസ്തു ശിഷ്യരായ നമ്മളും ക്രിസ്തുവിന്റെ ഹിതം നിറവേറ്റി, അവനോടുള്ള വിശ്വസ്തതയിൽ ജീവിക്കണമെന്ന്, അവനെപ്പോലെ ലോകത്തെയും അതിന്റെ പ്രലോഭനങ്ങളെയും അതിജീവിക്കണമെന്നാണ് സുവിശേഷം ഇന്ന് നമ്മോട് പറയുന്നത്.

സുവിശേഷവും ജീവിതവും

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ യുദ്ധങ്ങളും സംഘർഷങ്ങളും ഒക്കെ തുടരുകയും, മനുഷ്യമനഃസാക്ഷി മരവിച്ചുവെന്ന തോന്നലുളവാകുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ക്രൈസ്തവവിശ്വാസം മുന്നോട്ടുവയ്ക്കുന്ന സ്നേഹവും, സാഹോദര്യവും, ക്ഷമയും, അനുരഞ്ജനവും, കരുണയും, വിശ്വസ്തതയും പോലെയുള്ള പല മൂല്യങ്ങളും മണ്ടത്തരമാണെന്ന് വിശ്വസിക്കുന്ന അനേകം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. വ്യത്യസ്ത മതസ്ഥരും വ്യത്യസ്ത ദേശക്കാരും മാത്രമല്ല, ഒരേ വിശ്വാസം ജീവിക്കുന്ന ആളുകൾ തമ്മിൽപ്പോലും സ്പർദ്ധയും സംഘർഷങ്ങളും, വൈരാഗ്യവുമൊക്കെ ജീവിക്കുന്ന, മനുഷ്യാന്തസ്സ്‌ പോലും മാനിക്കപ്പെടാത്ത, ദൈവകൽപ്പനകൾ പോയിട്ട് മാനവികമൂല്യങ്ങൾ പോലും ജീവിക്കാത്ത മനുഷ്യരുള്ള ഒരു ലോകത്ത്, യഥാർത്ഥ ക്രിസ്തുശിഷ്യരായി ജീവിക്കാൻ, അവന്റെ നാമത്തിൽ സ്നേഹിക്കാനും ക്ഷമിക്കാനും, നന്മ ചെയ്തുകൊണ്ട്, സാക്ഷ്യമേകി ജീവിക്കാനുമാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിയാം. ലോകം മുഴുവൻ നമുക്കെതിരാണെങ്കിലും, ജീവനേകി നമ്മെ സ്നേഹിച്ച, രക്ഷയും നിത്യജീവനും പകർന്ന ക്രിസ്തുവിലുള്ള വിശ്വാസത്തിൽ അടിയുറച്ച് മുന്നേറാം, അത് ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പകർന്നു നൽകാം. നീതിയിൽ വിധിക്കുന്ന, തന്റെ വിശ്വസ്തദാസരെ കൈവിടാതെ തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ക്രിസ്തുവിനോട് ഒപ്പമായിരിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. തന്റെ പുത്രനോട് അവസാന നിമിഷം വരെ ചേർന്ന് നിന്ന പരിശുദ്ധ അമ്മ നമുക്കായി പ്രാർത്ഥിക്കട്ടെ, തുണയാകട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 നവംബർ 2025, 15:06