ദൈവഭക്തിയാകുന്ന ജ്ഞാനം തേടുക ദുർമാർഗ്ഗങ്ങൾ ഉപേക്ഷിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഒരു പിതാവ് തന്റെ പുത്രന്മാർക്കോ, ഗുരു തന്റെ ശിഷ്യർക്കോ എന്നതുപോലെ, പ്രായോഗികജീവിതത്തിലേക്കുള്ള ഉപദേശങ്ങൾ ഉൾക്കൊള്ളുന്നതും, വിശ്വാസികളുൾപ്പെടെ ഏവർക്കും സ്വീകരിക്കാവുന്നതുമായ പ്രബോധനഗ്രന്ഥമാണ് സുഭാഷിതങ്ങളുടെ പുസ്തകം. സോളമൻ രാജാവിനാൽ എഴുതപ്പെട്ടതെന്ന് കരുതപ്പെട്ടുപോന്ന ഈ ഗ്രന്ഥത്തിന്റെ രചനയ്ക്ക് പിന്നിൽ വിവിധ ആളുകളുടെയും സംസ്കാരങ്ങളുടെയും സ്വാധീനവും അദ്ധ്വാനവുമുണ്ടെന്നും ഇത്, ബി.സി. പതിനൊന്നാം നൂറ്റാണ്ടുമുതൽ പ്രവാസകാലത്തിന് ശേഷം വരെയുള്ള കാലഘട്ടത്തിലാണ് ക്രോഡീകരിക്കപ്പെട്ടതെന്നും ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. ജ്ഞാനം സ്വന്തമാക്കി, ദൈവഭക്തിയിൽ ആഴപ്പെട്ട് വിവേകപൂർണ്ണമായ ജീവിതമാണ് ഏതൊരാളും നയിക്കേണ്ടതെന്ന് ഈ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നുണ്ട്. ഈ പ്രബോധനങ്ങൾക്ക് യഹൂദ, ക്രൈസ്തവ മതപരമ്പര്യങ്ങളിൽ ഏറെ പ്രാധാന്യമുണ്ടെന്നത് ശരിയാണെങ്കിലും, ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ചിന്തകളും ഉദ്ബോധനങ്ങളുമാണ് ഇവിടെ നാം കാണുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്. ജ്ഞാനം തേടേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന രണ്ടാം അദ്ധ്യായം, അതിന്റെ ആദ്യഭാഗത്ത് ജ്ഞാനത്തിന്റെ സത്‌ഫലങ്ങളും, രണ്ടാം ഭാഗത്ത് ദുർമാർഗ്ഗങ്ങളും തിന്മകളും പിന്തുടരുന്നതിലെ തെറ്റും സംബന്ധിച്ച ഉദ്ബോധനങ്ങളാണ് നൽകുന്നത്. സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നാം കാണുന്ന പത്ത് പ്രബോധകപ്രഭാഷണങ്ങളിൽ (1, 8-19; 2; 3,1-12; 3, 21-35; 4, 1-9; 4, 10-19; 4, 20-27; 5; 6, 20-35; 7) രണ്ടാമത്തേതുകൂടിയാണ് രണ്ടാം അദ്ധ്യായം.
ചില സങ്കീർത്തനങ്ങളുടേതുൾപ്പെടെയുള്ള രചനയിൽ നാം കാണുന്നതുപോലെ രണ്ടാം അധ്യായത്തിലും അതിലുപയോഗിച്ചിരിക്കുന്ന വാക്കുകളുടെ ക്രമീകരണത്തിൽ ഹെബ്രായ ഭാഷയിലെ അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്ന രീതിയുമായി ബന്ധപ്പെട്ട ചില പ്രത്യേകതകളുണ്ട്. ഒന്നാമതായി ഹെബ്രായ അക്ഷരമാലയിലെ വ്യജ്ഞനാക്ഷരങ്ങളുടെ എണ്ണം പോലെ, ഇരുപത്തിരണ്ട് വാക്യങ്ങളാണ് ഈ അദ്ധ്യായത്തിലുള്ളത്. ഇവയിൽ ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള വാക്യങ്ങളിൽ ആദ്യ അക്ഷരമായ ആലെഫും (Alef - א), പന്ത്രണ്ട് മുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങളിൽ ഹെബ്രായ അക്ഷരമാലയിലെ രണ്ടാം പകുതിയുടെ ആദ്യ വ്യഞ്ജനാക്ഷരമായ ലാമെദും (Lamedh - ל) മാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ജ്ഞാനത്തിന്റെ സത്‌ഫലങ്ങൾ വിവരിക്കുന്ന ഒന്നാം പകുതിയും, തിന്മയിലും ദുർമാർഗ്ഗത്തിൽനിന്നും അകന്നു നിൽക്കാൻ ഉദ്ബോധിപ്പിക്കുന്ന രണ്ടാം പകുതിയുമുള്ള സുഭാഷിതങ്ങളുടെ രണ്ടാം അദ്ധ്യായം, ദുഷ്ടരിൽനിന്നകന്ന് സുരക്ഷിതമായ വഴിയേ നടക്കാനായി ജ്ഞാനം അന്വേഷിക്കാനുള്ള ആഹ്വാനമാണ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്.
ജ്ഞാനം തേടാനുള്ള ആഹ്വാനം
എപ്രകാരം, എന്തുകൊണ്ട് ജ്ഞാനത്തിനായി അന്വേഷിക്കണമെന്നതും, അതാരാണ് തരികയെന്നതുമാണ് നാം വിചിന്തനം ചെയ്യുന്ന രണ്ടാം അദ്ധ്യായത്തിന്റെ ഒന്നാം ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഒന്നുമുതൽ നാല് വരെയുള്ള വാക്യങ്ങളിൽ ജ്ഞാനത്തിനായുള്ള ദാഹം കാത്തുസൂക്ഷിക്കാനും അത് തേടാനുമുള്ള ഒരു ആഹ്വാനമാണ് നാം കാണുക. നിയമം കാത്തുസൂക്ഷിക്കുക (സുഭാ. 2, 1) ജ്ഞാനത്തിന് ചെവികൊടുക്കുക, അറിവിന്റെ നേരെ ഹൃദയം ചായ്ക്കുക (സുഭാ. 2, 2) അതിന്റെ പൊരുളറിയാൻ വേണ്ടിയും അറിവിനുവേണ്ടിയും കേണപേക്ഷിക്കുക (സുഭാ. 2, 3) വെള്ളിയും നിഗൂഢനിധിയുമെന്നപോലെ അതിനെ അന്വേഷിക്കുക (സുഭാ. 2, 4) എന്നീ ഉപദേശങ്ങളാണ് ഇവിടെ നാം കാണുന്നത്. ഇപ്രകാരം ജ്ഞാനത്തിനായി തീവ്രമായി ആഗ്രഹിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്ന ഒരുവൻ ദൈവത്തെക്കുറിച്ചും ദൈവഭക്തി എന്താണെന്നതിനെക്കുറിച്ചും അറിവ് നേടുമെന്നും സുഭാഷിതം ഉറപ്പു നൽകുന്നു (സുഭാ. 2, 5).
കർത്താവാണ് ജ്ഞാനം നൽകുന്നതെന്നും, അവനിൽ നിന്നാണ് അറിവും വിവേകവും പുറപ്പെടുന്നതെന്നും (സുഭാ. 2, 6) പഠിപ്പിക്കുന്ന സുഭാഷിതകർത്താവിനെയാണ് ആറാം വാക്യത്തിൽ നാം കാണുന്നത്. സത്യസന്ധർക്കായി ജ്ഞാനം കരുതിവയ്ക്കുകയും, ധർമ്മിഷ്ഠർക്ക് പരിചയായി വർത്തിക്കുകയും (സുഭാ. 2, 7), നീതിയുടെ മാർഗ്ഗങ്ങൾ സംരക്ഷിക്കുകയും തന്റെ വിശുദ്ധരുടെ വഴി കാത്തുസൂക്ഷിക്കുകയും (സുഭാ. 2, 8) ചെയ്യുന്നത് കർത്താവാണെന്നും സുഭാഷിതം പഠിപ്പിക്കുന്നു. ഇപ്രകാരം ജ്ഞാനത്തിന്റെ ഉറവിടമായ കർത്താവിൽനിന്ന് ജ്ഞാനം തേടുകയും, അതുവഴി നീതിയും ന്യായവും ധർമ്മവും നല്ല വഴികളും ഒരുവൻ ഗ്രഹിക്കുകയും ചെയ്യുമ്പോൾ (സുഭാ. 2, 9), ജ്ഞാനം അവന്റെ ഹൃദയത്തിൽ നിറയുകയും, അത് അവന്റെ ആത്മാവിൽ ആഹ്‌ളാദം നിറയ്ക്കുകയും (സുഭാ. 2, 10), വിവേചനശക്തിയും അറിവും നൽകുന്ന സംരക്ഷണം അവൻ അനുഭവിക്കുകയും ചെയ്യുമെന്ന് (സുഭാ. 2, 11) ഈ വാക്യങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. "ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം" എന്ന ഒന്നാം അദ്ധ്യായത്തിലെ (സുഭാ. 1, 7) ചിന്തയും ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.
ദുഷ്ടരിലും ദുഷ്ടതയിലും നിന്നകന്ന് ജീവിക്കുക
സുഭാഷിതങ്ങളുടെ രണ്ടാം അദ്ധ്യായത്തിന്റെ രണ്ടാം ഭാഗത്ത്, ജ്ഞാനം ഒരുവനെ ദുർമാർഗ്ഗത്തിൽനിന്നും ദുർഭാഷികളിൽനിന്നും മോചിപ്പിക്കുമെന്ന് (സുഭാ. 2, 12) ഓർമ്മിപ്പിക്കുന്ന സുഭാഷിതകർത്താവ്, തുടർ വാക്യങ്ങളിൽ ഒരു വ്യക്തിയുടെ ജീവിതത്തെ നാശത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന തിന്മകളെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നു. ദുഷ്ടർ ഇരുളിന്റെ വഴികളിൽ ചരിക്കാൻ സത്യസന്ധതയുടെ മാർഗ്ഗങ്ങൾ ഉപേക്ഷിക്കുകയും (സുഭാ. 2, 13), തിന്മയിലും അതിന്റെ വൈകൃതങ്ങളിലും ആനന്ദിക്കുകയും (സുഭാ. 2, 14) കുടിലതയുടെ മാർഗ്ഗത്തിൽ ചരിക്കുകയും (സുഭാ. 2, 15) ചെയ്യുന്നവരാണെന്ന് ഈ വാക്യങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ദൈവഭക്തിയുടെയും ജ്ഞാനത്തിന്റേതുമായ മാർഗ്ഗത്തിനായുള്ള ഒരുവന്റെ തീക്ഷണമായ ആഗ്രഹത്തെ ഇല്ലാതാക്കുന്ന വഴിയാണ് ഇത്തരക്കാർ മുന്നോട്ടുവയ്ക്കുന്നത്.
ദൈവത്തെക്കുറിച്ചുള്ള അറിവിലേക്കും, ജീവന്റെ മാർഗ്ഗത്തിലേക്കും നയിക്കുന്ന ജ്ഞാനത്തിന് സ്ത്രീസത്വം കൽപ്പിക്കപ്പെടുന്നത് സുഭാഷിതങ്ങളുടെ ഒന്നാം അദ്ധ്യായത്തിൽ (സുഭാ. 1, 20-33) നാം കാണുന്നുണ്ട്. എന്നാൽ രണ്ടാമദ്ധ്യായത്തിലാകട്ടെ, നാശത്തിലേക്ക് നയിക്കുന്ന തിന്മയ്ക്ക് സ്ത്രീരൂപം കൽപ്പിക്കപ്പെടുകയാണെന്ന് നമുക്ക് കാണാം. വ്യഭിചാരമെന്ന തിന്മയുടെ ദൂഷ്യഫലങ്ങളും അതിൽനിന്ന് അകന്നുനിൽക്കാനുള്ള ധാർമ്മികോപദേശവും കൂടിയാണ് പതിനാറ് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. ദുശ്ചരിതയും വ്യഭിചാരിണിയും (സുഭാ. 2, 16), തന്റെ യൗവനത്തിലെ ഭർത്താവിനെ ഉപേക്ഷിക്കുകയും വിവാഹദിനത്തിൽ ദൈവത്തിന് മുന്നിൽ നടത്തിയ ഉടമ്പടി മറക്കുകയും ചെയ്യുന്നവളുമായ (സുഭാ. 2, 17) സ്ത്രീയുടെ ഭവനം മരണത്തിൽ താഴുന്നുവെന്നും, അവളുടെ പാത നിഴലുകളുടെ ലോകത്തേക്ക്, അതായത് നരകത്തിലേക്ക് നയിക്കുന്നുവെന്നും (സുഭാ. 2, 18), അവളുടെ അരികിലേക്കെത്തുന്നവർ തിരികെ ജീവന്റെ വഴികളിലേക്ക് മടങ്ങുന്നില്ലെന്നും (സുഭാ. 2, 19) പഠിപ്പിക്കുന്ന സുഭാഷിതരചയിതാവ്, അങ്ങനെയുള്ള സ്ത്രീയുടെ വാക്കുകളിൽനിന്ന് രക്ഷപ്പെടാനും (സുഭാ. 2, 16), സജ്ജനങ്ങളുടെയും നീതിമാന്മാരുടെയും വഴിയേ സഞ്ചരിക്കാനും ഉപദേശിക്കുന്നു (സുഭാ. 2, 20). സത്യസന്ധരും ധർമ്മിഷ്ഠരും രാജ്യത്ത്, അതായത് ദൈവത്തോടടുത്ത് ജീവിക്കുമെന്നും, ദുഷ്ടരും വഞ്ചകരും അവന്റെ സാന്നിദ്ധ്യത്തിൽനിന്നും പിഴുതെറിയപ്പെടുമെന്നും (സുഭാ. 2, 21, 22) മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്. ജ്ഞാനത്തിൽനിന്നകലുന്നത് മരണത്തിലേക്കും ജ്ഞാനത്തോടുകൂടെയായിരിക്കുന്നത് സുരക്ഷയിലേക്കും നയിക്കുമെന്ന, ഒന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് (സുഭാ. 1, 32-33) കാണുന്ന ഉദ്ബോധനത്തിന്റെ ഒരു പ്രതിധ്വനി കൂടി ഈ വാക്യങ്ങളിൽ നമുക്ക് കാണാം.
ഉപസംഹാരം
ജീവിതത്തിന്റെ വഴികളിലൂടെ മുന്നോട്ടുപോകുന്ന ഏതൊരു വ്യക്തിക്കും, ജാതിമത ചിന്തകൾക്കതീതമായി സ്വീകരിക്കാനാകുന്ന പ്രബോധനങ്ങളാണ് സുഭാഷിതങ്ങൾ മുന്നോട്ട് വയ്ക്കുന്നതെന്ന് നാം കണ്ടുകഴിഞ്ഞു. ജീവൻ നിലനിറുത്താനും ദൈവത്തിന്റെ രാജ്യത്ത് ജീവിക്കാൻ വേണ്ട ജ്ഞാനത്തിനായി പരിശ്രമിക്കാനും പ്രാർത്ഥിക്കാനും, ദുഷ്ടതയുടെ മാർഗ്ഗം ഉപദേശിക്കുന്ന ദുഷ്ടരിൽനിന്നും അകന്ന് ജീവിക്കാനും, അജ്ഞതയിലേക്കും മരണത്തിലേക്കും നയിക്കുന്ന പാപത്തിന്റെ മാർഗ്ഗങ്ങൾ ഉപേക്ഷിക്കാനും സുഭാഷിതഗ്രന്ഥത്തിന്റെ രണ്ടാം അദ്ധ്യായത്തിലൂടെ ദൈവം നൽകുന്ന ആഹ്വാനം സ്വീകരിക്കാനും, അതനുസരിച്ച് ജീവിക്കാനും നമുക്കും പരിശ്രമിക്കാം. ഇന്നലെകളുടെ പാപമാർഗ്ഗങ്ങൾ ഉപേക്ഷിക്കാം. ദൈവഭയവും ഭക്തിയുമാകുന്ന ജ്ഞാനത്തിനായി അപേക്ഷിക്കാം. സജ്ജനങ്ങളുടെയും നീതിമാന്മാരുടെയും സത്യസന്ധതയുടെയും മാർഗ്ഗത്തിൽ ചരിക്കാൻ മാത്രമല്ല, മറ്റുള്ളവർക്ക് നന്മയിലേക്കും ജീവനിലേക്കുമുള്ള ചൂണ്ടുപലകകളാകാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്നത് മറക്കാതിരിക്കാം. അറിവിന്റെയും വിവേകത്തിന്റെയും ഉറവിടമായ കർത്താവ് നമ്മെ ദുർമാർഗ്ഗത്തിലും ദുർഭാഷികളിലും നിന്ന് കാത്തുപരിപാലിക്കുകയും, തന്റെ ജ്ഞാനം നമ്മിൽ ചൊരിയുകയും, വിശുദ്ധിയുടെയും നീതിയുടെയും മാർഗ്ഗത്തിൽ നമ്മെ നയിക്കുകയും നമ്മുടെ ആത്മാവിൽ ആനന്ദം നിറയ്ക്കുകയും ചെയ്യട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: