ജ്ഞാനവചനപ്രബോധനം സ്വീകരിച്ച് നന്മയുടെ വഴിയേ സഞ്ചരിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ തന്നെ ആമുഖമായി കരുതപ്പെടുന്ന ഒന്നാം അദ്ധ്യായം ഒന്ന് മുതൽ ഏഴു വരെയുളള വാക്യങ്ങളിലെ ഒന്നാമത്തേതിൽ നാം വായിക്കുന്നതുപോലെ, സോളമൻ രാജാവ് തനിക്ക് കീഴിലുള്ളവർക്കുവേണ്ടി രചിച്ച ഒരു ശിക്ഷണഗ്രന്ഥമായി കരുതപ്പെട്ടുപോന്നിരുന്ന ഒരു ജ്ഞാനസൂക്തസമാഹാരമാണ് സുഭാഷിതങ്ങളുടെ പുസ്തകം എന്ന് നമുക്കറിയാം. എന്നാൽ ഈ പുസ്തകത്തിന്റെ കൃതിയിൽ സോളമൻ രാജാവിന്റെ സംഭാവനകളും പ്രചോദനവും ഏറെ പ്രധാനപ്പെട്ടതാണെങ്കിലും, ഇത് ഒരാളാൽ മാത്രം എഴുതപ്പെട്ടതല്ലെന്നും, വിവിധ വ്യക്തികളും, ഈജിപ്തിലെ വിജ്ഞാനസാഹിത്യമുൾപ്പെടെ വിവിധ ഉറവിടങ്ങളും ഇതിന്റെ പിന്നിലുണ്ടെന്നും ബൈബിൾ വ്യഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. ബി.സി. പതിനൊന്നാം നൂറ്റാണ്ടുമുതൽ പ്രവാസകാലത്തിന് ശേഷം വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ രചനയുടെയും ക്രോഡീകരണത്തിന്റെയും സമയമായി കണക്കാക്കപ്പെടുന്നതെന്നതും ഇവിടെ ശ്രദ്ധേയമാണ്. ദൈവഭക്തിയിലൂന്നിയതും വിവേകപൂർണ്ണവുമാകണം എല്ലാവരുടെയും ജീവിതം എന്ന മഹത്തായ ഉദ്‌ബോധനം മുന്നോട്ടുവയ്ക്കുന്ന ഈ സൂക്തസമാഹാരം യഹൂദമതസ്ഥർക്ക് മാത്രമല്ല, ഏതൊരു വ്യക്തിക്കും ഉപകാരപ്രദമാകുന്ന ചിന്തകളും ഉദ്ബോധനങ്ങളുമാണ് അവതരിപ്പിക്കുന്നത്.
സുഭാഷിതഗ്രന്ഥത്തിന്റെ ഉദ്ദേശം
എന്തിനായാണ് സുഭാഷിതഗ്രന്ഥമെന്ന ജ്ഞാനസൂക്തസമാഹാരം എഴുതപ്പെട്ടതെന്ന് വ്യക്തമാക്കുന്നവയാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായത്തിലെ ഒന്ന് മുതൽ ഏഴുവരെയുള്ള വാക്യങ്ങൾ. ആമുഖമായി നാം കണ്ടതുപോലെ, ദാവീദിന്റെ പുത്രനും ഇസ്രായേൽ രാജാവുമായ സോളമനിലാണ് (സുഭാ. 1, 1) ഈ പുസ്തകത്തിന്റെ ഉള്ളടക്കം ആരോപിക്കപ്പെട്ടിരിക്കുന്നത്. സോളമന്റെ കൊട്ടാരത്തിൽ വിജ്ഞാനസാഹിത്യത്തിന് പ്രോത്സാഹനം ലഭിച്ചിരുന്നുവെന്നത് ശരിയാണെങ്കിലും, വ്യക്തിപരമായി ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് അദ്ദേഹത്തിന്റെ സംഭാവന എത്രമാത്രമുണ്ടെന്നത് വ്യക്തമല്ല. നിയമങ്ങളുടെ കർത്താവ് മോശയും, സങ്കീർത്തനങ്ങളുടെ കർത്താവ് ദാവീദുമാണെന്ന് പറയുന്നതുപോലെയുള്ള ഒരർത്ഥമാണ്, സുഭാഷിതങ്ങളുടെ ഗ്രന്ഥത്തിന് പിന്നിൽ സോളമനാണെന്ന അഭിപ്രായം എന്ന് കരുതപ്പെടുന്നു. യഹൂദജനത്തിന് ചുറ്റുമുള്ള സംസ്കാരങ്ങളും, അവർ ഏറെ നാൾ കഴിഞ്ഞ ഈജിപ്തിൽ നിലനിന്നിരുന്ന വിജ്ഞാനസാഹിത്യവും ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തിന് സംഭാവനകൾ നൽകിയിട്ടുണ്ടെന്നതാണ് വിശ്വസനീയമായ അഭിപ്രായം.
സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ രചനയ്ക്ക് പിന്നിൽ വൈജ്ഞാനികവും, നൈതികവും, മതപരവുമായ കാരണങ്ങളും ലക്ഷ്യങ്ങളുമുണ്ട്. ഒരു അധ്യാപകൻ തന്റെ ശിഷ്യരോടെന്നപോലെയോ, ഒരു പിതാവ് പുത്രരോടെന്നപോലെയോ നൽകുന്ന ഉപദേശങ്ങളുടെ രീതിയിലാണ് ഈ പുസ്തകം എഴുതപ്പെട്ടത്. തത്വങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, പ്രയോഗികജീവിതത്തിൽ എപ്രകാരമാണ് ശരിയായ നിയന്ത്രണങ്ങളോടെയും വീഴ്ചകൾ ഒഴിവാക്കിയും വിവേകപൂർവ്വവും മുന്നോട്ട് പോകേണ്ടതെന്നുമുള്ള ഉപദേശങ്ങൾ നൽകുകയാണ് ഈ ഗ്രന്ഥം ചെയ്യുന്നത്. നന്മതിന്മകളുടെ പ്രചോദനങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങാൻ സാധ്യതയുള്ള സരളഹൃദയരായ വ്യക്തികൾക്ക് ശരിയായ അറിവും, അറിവിൽ വളർന്നവർക്ക് വിവേകവും പ്രദാനം ചെയ്യാനും, വിവേകപൂർണ്ണമായ പെരുമാറ്റം, ധർമ്മം, നീതി, ന്യായം എന്നിവ ശീലിക്കാനുതകുന്നതുമായ ജ്ഞാനപ്രബോധനങ്ങൾ മനുഷ്യർ ഗ്രഹിക്കാനും, ധാരണശക്തിയുള്ളവർ പഴമൊഴി, അലങ്കാരപ്രയോഗം, ജ്ഞാനികളുടെ സൂക്തങ്ങൾ അവരുടെ കടങ്കഥകൾ എന്നിവ മനസ്സിലാക്കാനും വേണ്ടിയാണ് ഈ നിർദ്ദേശൾ എഴുതപ്പെടുന്നതെന്ന് ഈ പുസ്തകത്തിന്റെ ആമുഖവാക്യങ്ങൾ (സങ്കീ. 1, 1-7) വ്യക്തമാക്കുന്നുണ്ട്.
ബൈബിളിൽത്തന്നെ ചുരുക്കം ഇടങ്ങളിൽ ആവർത്തിക്കപ്പെടുന്നതും, സുഭാഷിതങ്ങളുടെ പുസ്തകത്തിൽ മൂന്ന് വട്ടം നാം കണ്ടുമുട്ടുന്നതുമായ (സുഭാ. 1, 7; 9, 10; 15, 33; സങ്കീ. 111, 10; ജോബ് 28, 28; പ്രഭാ. 1, 14) ഒരു ചിന്തയാണ് "ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം; ഭോഷന്മാർ ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നു" എന്ന ഏഴാം വാക്യം. "ദൈവഭയം" എന്ന മറ്റു ഭാഷകളിലെ പ്രയോഗം, മലയാളപരിഭാഷയിൽ നാം വായിക്കുന്നതുപോലെ ഭയമെന്ന വികാരത്തെക്കാൾ, ദൈവത്തോടുള്ള ബഹുമാനവും, അനുസരണവും ചേർന്ന ഒരു മനസികാവസ്ഥയെന്ന നിലയിൽ ദൈവഭക്തിയിലേക്കാണ് വിരൽചൂണ്ടുന്നത്. വെറും ജ്ഞാനോപദേശങ്ങൾ എന്ന തലത്തിൽനിന്ന്, ദൈവവിശ്വാസത്തിലധിഷ്ഠിതമായ ഉദ്ബോധനമെന്ന നിലയിലേക്ക് സുഭാഷിതങ്ങളുടെ ഗ്രന്ഥത്തെ ഉയർത്തുന്നതിനും, ഇതിന് മത, വിശ്വാസപരമായ പ്രസക്തി നൽകുന്നതിനും, ഈ ഗ്രന്ഥത്തിന്റെ മൂന്നിടങ്ങളിൽ ദൈവഭയത്തെക്കുറിച്ച് കാണുന്ന പരാമർശങ്ങൾ സഹായിക്കുന്നുണ്ട്.
ജീവിതപന്ഥാവിലേക്ക് ചുവടുവയ്ക്കുന്ന യുവാവിനുള്ള പ്രബോധനം
ഒന്നാം അദ്ധ്യായത്തിന്റെ എട്ട് മുതൽ പത്തൊൻപത് വരെയുള്ള വാക്യങ്ങൾക്ക്, ഭവനം വിട്ടിറങ്ങുന്ന നിഷ്കളങ്കനായ തങ്ങളുടെ മകന് മാതാപിതാക്കൾ നൽകുന്ന ഉപദേശങ്ങളുടെ സ്വഭാവമാണുള്ളത്. ഒന്നുമുതൽ ഒൻപത് വരെയുള്ള അദ്ധ്യായങ്ങളിൽ നാം കാണുന്ന വിവിധ പ്രബോധകപ്രഭാഷങ്ങണളിൽ ആദ്യത്തേതുകൂടിയാണ് ഈ ഭാഗം.
സുഭാഷിതവചനങ്ങൾ ശ്രവിക്കുന്നയാൾക്കും വായനക്കാരനും മുന്നിൽ രണ്ടു വഴികളാണ് തിരഞ്ഞെടുക്കാനുള്ളത്. ജീവനിലേക്കും മരണത്തിലേക്കും നയിക്കുന്ന വഴികളാണവ. പിതാവിന്റെ പ്രബോധനവും മാതാവിന്റെ ഉപദേശവും ശിരസ്സിന് വിശിഷ്ടഹാരവും കഴുത്തിന് പതക്കങ്ങളും പോലെയാണെന്ന് (സുഭാ. 1, 8), ജീവന്റെയും നന്മയുടെയും മാർഗ്ഗത്തിലേക്കാണ് അവ നമ്മെ നയിക്കുകയെന്ന് സുഭാഷിതവാക്യങ്ങൾ ഓർമ്മിപ്പിക്കുന്നു. എന്നാൽ, പതിനൊന്നാം വാക്യത്തിൽ കാണുന്ന "പതിയിരുന്ന് കൊല ചെയ്യാം, നിഷ്കളങ്കരെ ക്രൂരമായി കുരുക്കിൽപ്പെടുത്താം" എന്ന പാപിയും ദുഷ്ടനുമായ മനുഷ്യന്റെ പ്രലോഭനം, മരണത്തിലേക്ക് നയിക്കുന്ന വഴിയിലേക്കുള്ള ക്ഷണമാണ്. അന്യായമായി നേടുന്ന കൊള്ളമുതൽ പങ്കുവച്ചും, പാപികളോട് ചേർന്നുമുള്ള ജീവിതം ചോരയുടെയും മരണത്തിന്റെയും മാർഗ്ഗമാണ്. പതിനെട്ടും പത്തൊൻപതും വാക്യങ്ങൾ ഈ മാർഗ്ഗത്തിന്റെ അപകടം വ്യക്‌തമാക്കുന്നുണ്ട്. സ്വന്തം രക്തത്തിനു വേണ്ടി പതിയിരിക്കുന്നതിനും, സ്വന്തം ജീവനുവേണ്ടി കെണിവയ്ക്കുന്നതിനും തുല്യമായ മൂഢത്വമാണ് തിന്മയിലേക്ക് നടക്കുന്ന വ്യക്തിയുടെ പ്രവൃത്തികളെന്നും, അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ അന്ത്യം മരണമാണെന്നും ഓർമ്മിപ്പിക്കുന്ന സുഭാഷിതവചനം, ദുഷ്ടർ തയ്യാറാക്കുന്ന കെണിയും അവരുടെ തിന്മപ്രവർത്തികളും അവരുടെതന്നെ ജീവനെ അപഹരിക്കുമെന്ന് (സുഭാ. 1,19) ഉദ്ബോധിപ്പിക്കുന്നു.
സുരക്ഷിതമായ ജീവിതത്തിലേക്ക് നയിക്കുന്ന ജ്ഞാനം
ജ്ഞാനം സ്വീകരിക്കാനും വിവേകപൂർവ്വം ജീവിക്കാനുമുള്ള വിളിയും ഉപദേശവുമാണ് ഇരുപത് മുതൽ മുപ്പത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ നാം വായിക്കുന്നത്. എട്ടും ഒൻപതും അദ്ധ്യായങ്ങളിലെന്നപോലെ (സുഭാ. 8; 9, 1-6) ജ്ഞാനത്തിന് ഒരു വ്യക്തിയെന്നപോലെ സ്ത്രീസത്വം കൽപ്പിക്കപ്പെടുന്നതും ഇവിടെ നമുക്ക് കാണാം. ദൈവികമായ നിയോഗം പോലെ ജ്ഞാനം, ഒരു വ്യക്തി കടന്നുചെന്നേക്കാവുന്ന എല്ലായിടങ്ങളിലും, തെരുവോരങ്ങളിലും ചന്തസ്ഥലങ്ങളിലും കോട്ടമുകളിലും നഗരകവാടങ്ങളിലും (സുഭാ. 1, 20-22) സന്നിഹിതയാകുകയും, തന്നിലേക്ക് അടുത്തുവരാനും, തന്റെ വാക്ക് ശ്രദ്ധിക്കാനും സുരക്ഷിതനായിരിക്കാനും, തിന്മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കാനും (സുഭാ. 1, 33) ക്ഷണിക്കുന്നുണ്ട്. അതേസമയം, തന്റെ വിളിയും ഉപദേശങ്ങളും ശാസനകളും അവഗണിക്കുകയും നിരാകരിക്കുകയും ചെയ്യുന്നവരുടെ അനർത്ഥങ്ങളിലും പരിഭ്രാന്തിയിലും, ദുരിതങ്ങളിലും വേദനകളിലും താൻ സഹായത്തിനെത്തില്ലെന്ന് മാത്രമല്ല, അവരെ പരിഹസിക്കുമെന്നും (സുഭാ. 1, 24-27), താൻ അടുത്തെത്തുന്ന സമയത്ത് തന്നെ സ്വീകരിക്കാത്തവർ, അവരുടെ ആവശ്യനേരത്തേക്ക് മാത്രം തന്നെ തിരഞ്ഞാൽ താൻ അവർക്ക് സംലഭ്യയാകില്ലെന്നും ജ്ഞാനം മുന്നറിയിപ്പ് നൽകുന്നു (സുഭാ. 1, 28). ദൈവഭക്തിയും ഭയവുമേകുന്ന അറിവ് നിരാകരിക്കുകയും ജ്ഞാനമാർഗ്ഗം ഉപേക്ഷിക്കുകയും ചെയ്യുന്നവർ തങ്ങളുടെ ഭോഷപ്രവൃത്തികളുടെ ഫലമനുഭവിക്കുമെന്നും, നാശത്തിലേക്കും മരണത്തിലേക്കും നീങ്ങുമെന്നും ജ്ഞാനം ഉദ്ബോധിപ്പിക്കുന്നു (സുഭാ. 1, 30-32).
ഉപസംഹാരം
ദുഷ്ടസമ്പർക്കം വെടിഞ്ഞും, മരണത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന മാർഗ്ഗത്തിൽനിന്നും ദുഷ്ടരുടെ കെണികളിൽ നിന്നും അകന്നും, ധർമ്മത്തിലും നീതിയിലും ജീവിച്ച് നന്മയുടെ പാതയിൽ സഞ്ചരിക്കാനും, ജ്ഞാനവും പ്രബോധനങ്ങളും ഗ്രഹിച്ചും സ്വീകരിച്ചും ജീവന്റെയും സമാധാനത്തിന്റെയും വഴിയേ സഞ്ചരിക്കാനും യഹൂദജനത്തെ ക്ഷണിക്കുന്ന സുഭാഷിതങ്ങളുടെ ഗ്രന്ഥം, നാമുൾപ്പെടുന്ന വായനക്കാർക്കും ലോകം മുഴുവനും മുന്നിൽക്കൂടിയാണ് ഈയൊരു ആഹ്വാനം നൽകുന്നത്. നിഷ്കളങ്കത കൈവെടിയാതെ, സദുപദേശങ്ങൾ സ്വീകരിച്ച്, സദ്‌ജനസമ്പർക്കം തേടി, നന്മയുടെയും ജീവന്റെയും ദൈവഭയത്തിന്റെയും പാതയിലൂടെ നമുക്കും സഞ്ചരിക്കാം. സ്വന്തം ജീവിതത്തെ ഇല്ലാതാക്കുന്ന ദുഷ്പ്രവൃത്തികളിൽനിന്ന് അകന്നുനടക്കാം. നമുക്ക് മുന്നിൽ സംലഭ്യമാകുന്ന ജ്ഞാനവും കൃപയും നന്മകളും സ്വീകരിക്കുകയും ദൈവത്തോട് ചേർന്ന് നിൽക്കുകയും ചെയ്യാം. ദൈവികമായ ആനന്ദവും അനുഗ്രഹങ്ങളും നമ്മുടെ ജീവിതത്തെയും അലങ്കരിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: