തിരയുക

വചനവീഥി - സുഭാഷിതങ്ങൾ വചനവീഥി - സുഭാഷിതങ്ങൾ 

സുഭാഷിതങ്ങൾക്ക് ഒരു ആമുഖം

സുഭാഷിതങ്ങൾ എന്ന ജ്ഞാനസൂക്തശേഖരത്തിന്റെ ആവിർഭാവം, ചരിത്രം, ഉള്ളടക്കം അതിന്റെ രചനയ്ക്ക് പിന്നിൽ ആരാണുള്ളത് എന്ന് തുടങ്ങി, മനോഹരവും ജീവിതത്തിന് മാർഗ്ഗദർശിയുമാകുന്ന ഈയൊരു ഗ്രന്ഥത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന ആമുഖചിന്തകൾ.
ശബ്ദരേഖ - സുഭാഷിതങ്ങൾക്ക് ഒരു ആമുഖം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അനുദിനപ്രയോഗികജീവിതത്തിലേക്ക് ഉപകാരപ്പെടുന്ന ജ്ഞാനസൂക്തങ്ങളുടെ ഒരു അതുല്യശേഖരമായി, മുപ്പത്തിയൊന്ന് അദ്ധ്യായങ്ങളുള്ള, സുഭാഷിതങ്ങളുടെ പുസ്തകത്തെ നമുക്ക് ലളിതമായി നിർവ്വചിക്കാനാകും. വിശുദ്ധഗ്രന്ഥത്തിലെ ജോബ്, സങ്കീർത്തനങ്ങൾ, സഭാപ്രസംഗകൻ, ഉത്തമഗീതം തുടങ്ങിയ ജ്ഞാനസാഹിത്യം ഉൾക്കൊള്ളുന്ന ഒരു ഗണത്തിന്റെ ഭാഗമായാണ് ഈ ഗ്രന്ഥത്തെയും വിശേഷിപ്പിക്കുന്നത്.

സുഭാഷിതങ്ങളുടെ രചനയും കാലവും

"ദാവീദിന്റെ മകനും ഇസ്രായേൽ രാജാവുമായ സോളമന്റെ സുഭാഷിതങ്ങൾ" (സുഭാ. 1, 1) എന്ന വാക്കുകളോടെയാണ് സുഭാഷിതങ്ങളുടെ പുസ്തകം ആരംഭിക്കുന്നത്. ജീവിതത്തിന്റെ സങ്കീർണ്ണാവസ്ഥകളിൽ സഹായകരമാകുന്ന ഈ ജ്ഞാനശേഖരത്തിന് ഭാഗികമായെങ്കിലും സോളമന്റെ കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇവ ഒരു ഗ്രന്ഥകർത്താവിൽനിന്ന് വന്നു എന്ന് കരുതുക എളുപ്പമല്ല. സോളമൻ രാജാവ് തന്റെ കീഴിലുള്ളവർക്കുവേണ്ടി നൽകിയ സൂക്തങ്ങളുടെ ശേഖരമെന്ന് വിശ്വസിച്ചുപോന്നിരുന്ന ഈ ശിക്ഷണഗ്രന്ഥത്തിന്റെ ഭൂരിഭാഗവും ബി.സി. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഹെസക്കിയയുടെ (സുഭാ. 25, 1) കാലം വരെ, അതായത് ഏകദേശം ബി.സി. 700 വരെയുള്ള സമയത്താകണം രചിക്കപ്പെട്ടതെന്നാണ് പൊതുവായ അഭിപ്രായം. സോളമന്റെ ഉദ്ബോധനങ്ങൾക്ക് പുറമെ, ഈജിപ്തിലേതുൾപ്പെടെയുള്ള വിജ്ഞാനചിന്തകളും പിൽക്കാലത്തുണ്ടായിരുന്ന ജ്ഞാനോപദേഷ്ടാക്കളുടെ ഉപദേശങ്ങളും സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ ഉള്ളടക്കത്തിന് സംഭാവന നൽകിയിട്ടുണ്ട് എന്ന് കരുതാനാകും. പ്രവാസകാലഘട്ടത്തിന് ശേഷമായിരിക്കണം സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ ക്രോഡീകരണം നടന്നതെന്നും, ഈ ഗ്രന്ഥത്തിന്റെ ഒന്ന് മുതൽ ഒൻപത് വരെയുള്ള അദ്ധ്യായങ്ങൾ ഈയവസരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടവയാകാമെന്നുമാണ് പല ബൈബിൾ വ്യഖ്യാതാക്കളുടെയും അഭിപ്രായം.

സുഭാഷിതഗ്രന്ഥത്തിന്റെ അദ്ധ്യായങ്ങളും ഉള്ളടക്കവും

ഒരു പിതാവ് പുത്രനോടെന്നപോലെ, അനുഭവജ്ഞാനം കുറഞ്ഞവരെയും ചെറുപ്പക്കാരെയും (1, 2-4) മാത്രമല്ല മുതിർന്നവരെയും (1, 5-6) മുന്നിൽ കണ്ടുകൊണ്ട് നിയമജ്ഞനും ജ്ഞാനിയുമായ ഒരുവൻ നൽകുന്ന ഉപദേശങ്ങൾ എന്ന നിലയിലും എഴുതപ്പെട്ട സുഭാഷിതങ്ങളിലൂടെ, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും സാഹചര്യങ്ങളിലും മനുഷ്യർ എപ്രകാരം വർത്തിക്കണമെന്ന ഉദ്ബോധനമാണ് നമുക്ക് ലഭിക്കുന്നത്. എളിമ, ക്ഷമ, ദരിദ്രരോടും പാവപ്പെട്ടവരോടുമുണ്ടാകേണ്ട ബഹുമാനം, സ്നേഹിതർക്കിടയിലുണ്ടാകേണ്ട വിശ്വസ്തത, ഭാര്യാഭർത്തൃബന്ധം തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച ചിന്തകൾ ഈ ഗ്രന്ഥത്തിൽ നമുക്ക് കാണാം. ജ്ഞാനത്തെ ഒരു വ്യക്തിയെന്നപോലെ അവതരിപ്പിക്കുന്ന സുഭാഷിതങ്ങൾ, ജ്ഞാനത്തിന്റെ അഭാവം ഒരുവനിലുണ്ടാക്കുന്ന കുറവുകളെ എടുത്തുകാട്ടുകയും, എന്തുകൊണ്ട് ഒരുവൻ ജ്ഞാനത്തിനായി ആഗ്രഹിക്കുകയും അദ്ധ്വാനിക്കുകയും വേണമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

വ്യത്യസ്ത ആശയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ശേഖരത്തിൽ പക്ഷെ വ്യക്തമായ ഒരു ക്രമീകരണം കൂടാതെയാണ് അവയെ ഒന്നിച്ചുചേർത്തിരിക്കുന്നത്.

പുരാതന കിഴക്കൻ പ്രദേശങ്ങളിൽ ജ്ഞാനമെന്നതിനെ സൈദ്ധാന്തിക പരിജ്ഞാനം എന്നതിനൊപ്പം പ്രായോഗിക വൈദഗ്ധ്യം എന്ന രീതിയിൽക്കൂടിയാണ് വിശേഷിപ്പിച്ചിരുന്നത് എന്ന ചിന്ത കുറച്ചുകൂടി വ്യക്തമായ ബോധ്യങ്ങളോടെ സുഭാഷിതങ്ങളെ സമീപിക്കാനും മനസ്സിലാക്കാനും നമ്മെ സഹായിക്കും.

സുഭാഷിതഗ്രന്ഥത്തിന്റെ ആമുഖത്തിനും (സുഭാ. 1, 1-7), ഇരുപത്തിനാലാം അദ്ധ്യായത്തിൽ, ജ്ഞാനികളുടെ മറ്റു സൂക്തങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന (സുഭാ. 24, 23-34) ഭാഗത്തിനും, ഈ ഗ്രന്ഥത്തിന്റെ അവസാനഅദ്ധ്യായത്തിൽ, ഒരു ഉത്തമഭാര്യായായ മാതൃകാസ്ത്രീയെക്കുറിച്ചുള്ള പ്രസ്താവനകൾ ഉൾക്കൊള്ളുന്ന ഭാഗത്തിനും (സുഭാ. 31, 13-31) പുറമെ, പ്രധാനമായി അഞ്ച് ജ്ഞാനസൂക്തശേഖരങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ഇതിൽ ഒന്നാമത്തേത്, പ്രബോധകപ്രഭാഷണങ്ങളും കാവ്യങ്ങളും സദ്ചിന്തകളും ഉൾക്കൊള്ളുന്ന ഒന്നാം അദ്ധ്യായം എട്ടാം വാക്യം മുതൽ ഒൻപതാം അദ്ധ്യായം പതിനെട്ടാം വാക്യം വരെയുള്ളതും ആമുഖസ്വഭാവമുള്ളതുമായ ഭാഗമാണ്. പൈതൃക ഉപദേശങ്ങളുടെ മാതൃകയിൽ എഴുതപ്പെട്ട ചിന്തകൾ ഉൾക്കൊള്ളുന്നതും, ദൈവത്തിന്റെ ദാനമായ ജ്ഞാനത്തിന് സ്ത്രീസത്വം കൽപ്പിക്കുന്നതുമായ ഈ അദ്ധ്യായങ്ങൾ പ്രത്യേകമായ പ്രവൃത്തികളിലേക്കെന്നതിനേക്കാൾ, ജ്ഞാനത്തിലേക്കും അതിന്റെ മൂല്യത്തിലേക്കും, അത് സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കുമാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

രണ്ടാമത്തെ സുഭാഷിതശേഖരമായി കണക്കാക്കപ്പെടുന്നത് പത്താം അദ്ധ്യായത്തിന്റെ ആരംഭം മുതൽ ഇരുപത്തിരണ്ടാം അധ്യായത്തിന്റെ പതിനാറാം വാക്യം വരെയുള്ള (സുഭാ. 10, 1 - 22, 16) "സോളമന്റെ സുഭാഷിതങ്ങൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗമാണ്. പൊതുവായതും സ്വതന്ത്രമായി നിൽക്കുന്നതുമായ ജ്ഞാനചിന്തകളാണ് ഇവിടെ നാം കാണുന്നത്. ജ്ഞാനത്തിന് വ്യക്തീഭാവം നൽകുന്ന ഈ ഭാഗം, അവൾക്കൊപ്പം വസിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുന്നു. ജ്ഞാനിയുടെയും ഭോഷന്റെയും പ്രവൃത്തികളും ചിന്തകളും തമ്മിലുള്ള അന്തരവും അവയുടെ ഫലങ്ങളും, സമൂഹത്തിലെ നന്മതിന്മകൾ, നന്മയും വിവേകവും തേടേണ്ടതിന്റെ പ്രാധാന്യം, പാപം, അലസത, മനുഷ്യന്റെ പരിമിതികൾ, തെറ്റായ തഴക്കങ്ങൾ,  ധൂർത്ത്, തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഭാഗം പരാമർശിക്കുന്നുണ്ട്.

മൂന്നാമത്തെ ഭാഗമായി കണക്കാക്കപ്പെടുന്നത് ഇരുപത്തിരണ്ടാം അദ്ധ്യായം പതിനേഴ് മുതൽ ഇരുപത്തിനാലാം അദ്ധ്യായം ഇരുപത്തിരണ്ടാം വാക്യം വരെയുള്ള (സുഭാ. 22, 17 - 24, 22) ജീവിതജ്ഞാനവുമായി ബന്ധപ്പെട്ട ഭാഗമാണ്. ജ്ഞാനികളുടെ വാക്കുകൾ ശ്രവിക്കാനും, അവയെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ജീവിക്കാനുമുള്ള ഉദ്ബോധനമാണ് ഈ ഭാഗം വായനക്കാരന് മുന്നിൽ വയ്ക്കുന്നത്.

യൂദാരാജാവായ ഹെസക്കിയയുടെ ആളുകൾ പകർത്തിവച്ച സോളമന്റെ സുഭാഷിതങ്ങളുടെ തുടർച്ചയെന്ന വിശേഷണത്തോടെയുള്ള സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയൊൻപത് (സുഭാ. 25, 1 - 29, 27) വരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഭാഗമാണ് നാലാം സുഭാഷിതശേഖരമായി കണക്കാക്കപ്പെടുന്നത്. സമൂഹത്തിൽ ഒരുവൻ എപ്രകാരമാണ് ജീവിക്കേണ്ടത്, നല്ലവരും ദുഷ്ടരും തമ്മിലുള്ള അന്തരം, ബുദ്ധിപൂർവ്വമല്ലാത്ത പ്രവൃത്തികളുടെ ദൂഷ്യഫലങ്ങൾ തുടങ്ങി വിവിധ ചിന്തകൾ നമുക്ക് ഇവിടെ കാണാം.

അവസാനത്തേതും അഞ്ചാമത്തേതുമായ സുഭാഷിതശേഖരമായി വിശേഷിപ്പിക്കപ്പെടുന്നത് മുപ്പതാം അദ്ധ്യായം മുതൽ മുപ്പത്തിയൊന്നാം അദ്ധ്യായത്തിന്റെ ആദ്യഭാഗം (30, 1 - 31,9) വരെയുള്ള "മാസായിലെ യാക്കേയുടെ മകനായ ആഗൂറിന്റെയും, മാസ്സാ രാജാവായ ലാമുവേലിന്റെയും സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ഭാഗമാണ്. മനുഷ്യന്റെ പരിമിതികളും ദൈവത്തിന്റെ മഹത്വവും പരാമർശിക്കുന്ന ഈ ഭാഗത്ത്, മനുഷ്യന്റെ തെറ്റായ പ്രവൃത്തികളെയും പ്രവണതകളെയും ആഗൂർ അപലപിക്കുന്നുണ്ട്. തിന്മയ്ക്കും ലഹരിപാനീയങ്ങൾക്കും അടിമപ്പെടാതിരിക്കാനും, നീതിയോടെ ജീവിക്കാനും ലാമുവേൽ ഉപദേശിക്കുന്നു.

ഉപസംഹാരം

പഴമൊഴികളും ജ്ഞാനവചസ്സുകളും ഉൾക്കൊള്ളിച്ചുകൊണ്ടും, സാമൂഹിക ജീവിതാനുഭവങ്ങളുടെ പിൻബലത്തോടെയും സോളമനുൾപ്പെടെയുള്ള ജ്ഞാനികൾ പകർന്നുതരുന്ന അറിവുകൾ ക്രോഡീകരിച്ച് തയ്യാറാക്കപ്പെട്ട സുഭാഷിതഗ്രന്ഥം, ജാതി, മത ചിന്തകൾക്കതീതമായി ഏതൊരു മനുഷ്യനും സമൂഹത്തിനും ദേശത്തിനും, ജീവിതത്തെ ശരിയായ രീതിയിൽ ക്രമപ്പെടുത്താനും, വ്യക്തി, സമൂഹ ജീവിതങ്ങളെ വിജയപ്രദമാക്കാനും ഉപയോഗ്യമാകുന്ന ഉദ്ബോധനങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ദൈവജനമായ ഇസ്രയേലിന്റെയും അതിലെ ഓരോ വിശ്വാസിയുടെയും ജീവിതം എപ്രകാരമായിരിക്കണമെന്നതിനെപ്പറ്റിയുള്ള ചിന്തകൾ ഉൾക്കൊള്ളുന്ന ഈ സമാഹാരത്തിനു പിന്നിലെ മാനുഷികമായ പ്രയത്നവും ക്രിയാത്മകതയും വ്യക്തമാണെങ്കിലും, ആ വാക്യങ്ങളെ ഹൃദയപൂർവ്വം ധ്യാനിക്കുന്ന ഏതൊരാൾക്കും അതിലെ ദൈവിക ഇടപെടലും ഉദ്ബോധനവും കാണാതിരിക്കാനാകില്ല. സുഭാഷിതങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന ജ്ഞാനം പലപ്പോഴും മൂർത്തമായ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണെങ്കിലും, അത് മാനുഷികമായ അദ്ധ്വാനത്തിന്റെ ഫലമെന്നതിനേക്കാൾ, ദൈവികമായ ഒരു ദാനമാണെന്നുള്ള തിരിച്ചറിവിൽ, അതിനായി ദാഹിക്കാനും പ്രയത്നിക്കാനും, ആ കൃപ സ്വീകരിച്ച്, തിന്മയിൽനിന്ന് അകന്ന്, ദൈവജനമെന്ന നിലയിൽ, വിശ്വസ്തതയോടും വിവേകത്തോടും കൂടെ നന്മയിൽ ജീവിക്കാൻ ഇസ്രായേൽ ജനത്തിന് നൽകപ്പെട്ട വിളിയും ഉദ്ബോധനവും നമുക്കും സ്വന്തമാക്കാം. ഹൃദയാഭിലാഷങ്ങൾ തിരിച്ചറിയുന്ന ദൈവം നമ്മെ നന്മയിലും നിഷ്കളങ്കതയിലും ഹൃദയവിശുദ്ധിയിലും കാത്തുപരിപാലിക്കട്ടെ! 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 സെപ്റ്റംബർ 2025, 16:30