തിരയുക

മൂന്ന് രാജ്യങ്ങളുടെയും ഭരണാധികാരികൾ മൂന്ന് രാജ്യങ്ങളുടെയും ഭരണാധികാരികൾ   (AFP or licensors)

സൗദി-തുർക്കി-പാകിസ്ഥാൻ സൈനിക സഖ്യം പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു

പ്രാദേശിക ഭീഷണികൾ നേരിടുന്നതിൽ ശക്തിയുടെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിക്കാട്ടാൻ, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ, പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു

സിൽവിയ ജൊവാൻറോസാ, ഫാ ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നാറ്റോ മാതൃകയിൽ പുതിയ സൈനിക സഖ്യം രൂപീകരിച്ച് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ. അംഗരാജ്യങ്ങളിൽ ഒന്നിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന 'പരസ്പര പ്രതിരോധ' കരാറിലാണ് മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്.

ജിദ്ദയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പുതിയ പ്രതിരോധ അച്ചുതണ്ട് രൂപീകരിച്ചത്. ഇസ്രായേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മധ്യ പൂർവേഷ്യയിലെ  സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ഈ നിർണ്ണായക നീക്കം. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ സൈനിക ആക്രമണമുണ്ടായാൽ മറ്റ് രാജ്യങ്ങൾ സഹായത്തിനെത്തുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കരാറിലെ നിബന്ധനകളെക്കുറിച്ചുള്ള പൂർണ്ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഈ സഖ്യം സൗദി അറേബ്യയ്ക്ക് സുരക്ഷ നൽകില്ലെന്നാണ് ഇറാന്റെ നിലപാട്.

യെമനിൽ ഇറാൻ അനുകൂലികളായ ഹൂതി വിമതരുടെ ആക്രമണം ശക്തമായി തുടരുകയാണ്. യെമൻ ഗവൺമെന്റിന്റെ പ്രധാന താവളങ്ങൾക്ക് നേരെ ഹൂതികൾ മിസൈൽ ആക്രമണങ്ങൾ നടത്തി. സൗദി അറേബ്യയുടെ സഖ്യകക്ഷികളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതിനെത്തുടർന്ന് യെമൻ ഗവൺമെന്റ് പുതിയ സൗദി-തുർക്കി-പാകിസ്ഥാൻ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. മേഖലയിൽ വൻതോതിലുള്ള സൈനിക നീക്കത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

മറുവശത്ത്, മധ്യ പൂർവേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ചർച്ചകളും സജീവമാണ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും അത് യാഥാർഥ്യമായാൽ  ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. ഈ ചർച്ചകൾ വിജയിച്ചാൽ മേഖലയിലെ സംഘർഷങ്ങൾക്ക് വലിയ തോതിൽ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

08 ഓഗസ്റ്റ് 2026, 10:05