കീവിൽ റഷ്യൻ മിസൈൽ ആക്രമണം
വത്തിക്കാൻ ന്യൂസ്
ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ കുട്ടികളടക്കം 9 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ അഞ്ച് ജില്ലകളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളുൾപ്പെടെ 28 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ റഷ്യ നടത്തുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. യുദ്ധഭൂമിയിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയാത്തതിനാലാണ് റഷ്യ സാധാരണക്കാരെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുന്നതെന്ന് യൂക്രെയിൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ ആരോപിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ നിർമ്മിത പാട്രിയറ്റ് (Patriot) മിസൈലുകൾ സ്വന്തം മണ്ണിൽ നിർമ്മിക്കാനുള്ള അനുമതിക്കായി പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി ശ്രമം തുടരുകയാണ്. മിസൈൽ നിർമ്മാണത്തിനുള്ള ലൈസൻസ് ലഭിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് നിർണ്ണായകമാണെന്നാണ് യൂക്രെയിന്റെ നിലപാട്. എന്നാൽ, "ഇവ അതീവ പ്രഹരശേഷിയുള്ള ആയുധങ്ങളായതിനാൽ, അവയുടെ നിർമ്മാണത്തിന് ആർക്കെങ്കിലും അനുമതി നൽകുന്നതിന് മുൻപ് നാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്," എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നും ഒരു കരാറിലെത്തണമെന്നും ട്രംപ് സെലെൻസ്‌കിയോട് ആവശ്യപ്പെട്ടു. 2022-ൽ ആരംഭിച്ച ഈ യുദ്ധത്തിൽ ഇതിനോടകം ഇരുവശത്തുനിന്നുമായി 20 ലക്ഷത്തിലധികം സൈനികർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.