തിരയുക

ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യം ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യം   (AFP or licensors)

റഷ്യ-ഉക്രെയ്ൻ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി യൂണിസെഫ് സംഘടന

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യയിലും, ഉക്രെയ്നിലുടനീളവും നടന്ന വിവിധ ആക്രമണങ്ങളിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി യൂണിസെഫ് സംഘടന റിപ്പോർട്ട് ചെയ്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

റഷ്യ ഉക്രൈൻ സംഘർഷം ഏറെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, വിവിധ ആക്രമണങ്ങളിൽ കുട്ടികൾ കൊല്ലപ്പെടുന്നതിൽ യൂണിസെഫ് സംഘടന അതീവ ആശങ്ക രേഖപ്പെടുത്തി.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റഷ്യയിലും,  ഉക്രെയ്നിലുടനീളവും നടന്ന വിവിധ ആക്രമണങ്ങളിൽ നിരവധി കുട്ടികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യൻ ഫെഡറേഷനിലെ ബെൽഗൊറോഡ്  മേഖലയിൽ ഞായറാഴ്ച ഒരു കളിസ്ഥലത്തിന് സമീപം ഡ്രോൺ പതിച്ചതിനെത്തുടർന്ന് 13 വയസ്സുള്ള ഒരു പെൺകുട്ടി കൊല്ലപ്പെടുകയും, 7-ഉം 9-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ, ക്രാസ്നോദർ മേഖലയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് പേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഈ ആക്രമണത്തിൽ ഏകദേശം 40 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഉക്രെയ്നിൽ കഴിഞ്ഞ ഏഴ് ദിവസങ്ങൾക്കിടെ നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് ആറ് കുട്ടികളെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ ഒരു എട്ടു വയസ്സുകാരനും, തന്റെ കുടുംബത്തോടൊപ്പം മറ്റ് മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു. സുമി  മേഖലയിൽ 5-ഉം 10-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കും ജീവൻ നഷ്ടമായി. ഇതേ കാലയളവിൽ കുറഞ്ഞത് 19 കുട്ടികൾക്കെങ്കിലും പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു.

കുട്ടികൾക്ക്,  തങ്ങൾ താമസിക്കുന്നിടത്തും കളിക്കുന്നിടത്തും സുരക്ഷിതരായിരിക്കാൻ അവകാശമുണ്ടെന്നു യൂണിസെഫ് സംഘടന പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രകാരമുള്ള ബാധ്യതകൾ പാലിക്കണമെന്നും, കുട്ടികളെയും, സാധാരണക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും യൂണിസെഫ് സംഘടന എല്ലാ കക്ഷികളോടും വീണ്ടും അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

05 ഓഗസ്റ്റ് 2026, 10:58