നേപ്പാളിൽ കുട്ടികൾക്ക് അടിയന്തിരസഹായം ആവശ്യം: യൂണിസെഫ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
നേപ്പാളിലെ രസുവ, നുവാകോട്ട്, ധാഡിംഗ് ജില്ലകളിൽ അപ്രതീക്ഷിതമായുണ്ടായ, മിന്നൽ പ്രളയത്തിൽ പതിനേഴായിരത്തിലധികം കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യൂണിസെഫ് അറിയിച്ചു. പ്രളയത്തിൽ ഇതുവരെ 14 കുട്ടികളടക്കം മുന്നൂറിലധികം ആളുകൾ മരണപ്പെടുകയും നിരവധി സ്കൂളുകളും, ആരോഗ്യ കേന്ദ്രങ്ങളും തകരുകയും ചെയ്തിട്ടുണ്ട്.
റോഡുകളും പാലങ്ങളും ആശയവിനിമയ സംവിധാനങ്ങളും തകർന്നതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്, ഇത് രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസ വിതരണത്തെയും സങ്കീർണ്ണമാക്കുന്നു. പ്രളയത്തെ അതിജീവിച്ച കുട്ടികൾ പകർച്ചവ്യാധികൾക്കും പോഷകാഹാരക്കുറവിനും ചൂഷണങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്ന് യൂണിസെഫ് നേപ്പാൾ പ്രതിനിധി ആലീസ് അകുങ്ക മുന്നറിയിപ്പ് നൽകി.
ആരോഗ്യ കേന്ദ്രങ്ങൾ തകർന്നത് കുട്ടികൾക്കും കുടുംബങ്ങൾക്കും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിന് വലിയ തടസ്സമായിരിക്കുകയാണ്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർന്നതിനാൽ, പതിനായിരത്തോളം കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്.
കാണാതായ കുട്ടികളെ കണ്ടെത്താനും കുടുംബങ്ങളുമായി ഒന്നിപ്പിക്കാനുമുള്ള ശ്രമങ്ങളും ആരോഗ്യപ്രവർത്തകർ തുടരുന്നു. നേപ്പാളിനുള്ള സാമ്പത്തിക സഹായം, അന്താരാഷ്ട്ര സമൂഹങ്ങളിൽ നിന്നും മുടങ്ങിയാൽ, ആരോഗ്യ സംരക്ഷണം, ശുചിത്വം, സംരക്ഷണം തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ സാരമായി ബാധിക്കുമെന്നും യൂണിസെഫ് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.