നേപ്പാളിൽ നിന്നുള്ള കാഴ്ച്ച നേപ്പാളിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

നേപ്പാളിൽ പ്രളയത്തിന് പിന്നാലെ ആരോഗ്യ പ്രതിസന്ധി രൂക്ഷമാകുന്നു

നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ, 900നു മുകളിൽ ആളുകളുടെ മരണം സ്ഥിരീകരിച്ചു. കുടിവെള്ള ക്ഷാമവും ജലസ്രോതസ്സുകളുടെ മലിനീകരണ ഭീഷണിയും ദുരന്ത മേഖലകളിൽ ഏറെ ആശങ്ക ഉയർത്തുന്നു

വത്തിക്കാൻ ന്യൂസ്

നേപ്പാളിൽ പ്രളയവും മണ്ണിടിച്ചിലും വിതച്ച ദുരന്തത്തിൽ മരണസംഖ്യ 919 ആയി ഉയർന്നു.  ദുരന്തബാധിത മേഖലകളിലെ മോശമാകുന്ന ശുചിത്വ-ആരോഗ്യ സാഹചര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ആശങ്കകൾ സൃഷ്ടിക്കുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന ജനവിഭാഗങ്ങൾക്ക് കുടിക്കാനും ദൈനംദിന ആവശ്യങ്ങൾക്കുമായി ശുദ്ധജലം അടിയന്തരമായി ആവശ്യമാണ്. ജലവിതരണ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ തകർന്നതും ജലസ്രോതസ്സുകൾ മലിനമായിരിക്കാനുള്ള സാധ്യതയും പുതിയ ആരോഗ്യപ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും വഴിവെക്കുമെന്ന ഭീതിയിലാണ് ഭരണാധികാരികൾ.

പ്രളയത്തിൽ തകർന്ന റോഡുകളും വെള്ളത്തിൽ മുങ്ങിയ തുരങ്കങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളും നേപ്പാളിൽ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയാണ്. നേപ്പാളിലും ഹിമാലയൻ മേഖലയിലെ ടിബറ്റിലുമായി 4,200ലധികം പേരെ ഇപ്പോഴും കാണാതായതായാണ് റിപ്പോർട്ട്.

പ്രളയത്തിന്റെ പ്രത്യാഘാതങ്ങൾക്കു പുറമെ പുതിയ മണ്ണിടിച്ചിലുകളും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് സ്വാഭാവികമായി രണ്ടാമതൊരു തടയണയും അതിന്റെ ഫലമായി പുതിയൊരു ജലാശയവും രൂപപ്പെട്ടത്, അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ, രക്ഷാപ്രവർത്തകരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ദുരന്തത്തിൽ നേപ്പാളിന്റെ വൈദ്യുതി ഉൽപാദന മേഖലയ്ക്കും കനത്ത നാശനഷ്ടമുണ്ടായി. നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം 11 ജലവൈദ്യുത നിലയങ്ങളും ഒരു സൗരോർജ നിലയവും പ്രവർത്തനം നിർത്തിവച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ഓഗസ്റ്റ് 2026, 11:53