തിരയുക

തകർന്നു വീണ കെട്ടിടങ്ങൾ തകർന്നു വീണ കെട്ടിടങ്ങൾ   (AFP or licensors)

കൊളംബിയയിൽ ശക്തമായ ഭൂചലനം; രാഷ്ട്രം ഗുരുതര പ്രതിസന്ധിയിൽ

കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 132 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 570-ലധികം പേർക്ക് പരിക്കേൽക്കുകയും രണ്ടായിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഓഗസ്റ്റ് മാസം പത്താം തീയതി പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 132 ലധികം പേർ മരിക്കുകയും 570 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. ദുരന്തത്തെത്തുടർന്ന് പ്രസിഡന്റ് അബെലാർദോ  ദേ  ലാ എസ്പ്രിയേജ്ജ  രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ദെൽ പാൽമർ പ്രഭവകേന്ദ്രമായുണ്ടായ ഈ ഭൂചലനം 1979-ന് ശേഷം കൊളംബിയ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ്. ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു.

ബൊഗോത്ത, കാലി, മെഡെലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിലും അയൽരാജ്യങ്ങളായഎക്വദോർ, പനാമ, വെനസ്വേല എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകരുകയും ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറയുകയും ചെയ്തതോടെ രാജ്യത്തെ ആരോഗ്യസംവിധാനം കടുത്ത സമ്മർദ്ദത്തിലാണ്.

ദുരന്തബാധിതരെ സഹായിക്കാൻ കത്തോലിക്കാ സഭയും കാരിത്താസും സജീവമായി രംഗത്തുണ്ട്. ഈ ദുരന്തത്തെ സാഹോദര്യത്തിനുള്ള അവസരമായി മാറ്റണമെന്ന് ബൊഗോത്ത  ആർച്ച് ബിഷപ്പും കൊളംബിയൻ പ്രൈമേറ്റുമായ കർദിനാൾ ലൂയിസ്  ഹോസെ  റുയേദ  അപരിസിയോ ആഹ്വാനം ചെയ്തു. കേവലം കെട്ടിടങ്ങൾ പുനർനിർമ്മിക്കുക മാത്രമല്ല, മറിച്ച് സ്നേഹത്തിലും ഐക്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. രൂപതകൾ കേന്ദ്രീകരിച്ച് ഭക്ഷണപ്പൊതികളും അവശ്യസാധനങ്ങളും വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ സഭ ഏകോപിപ്പിക്കുന്നുണ്ട്.

ഭൂകമ്പത്തിൽ നിരവധി ചരിത്രപ്രസിദ്ധമായ ദേവാലയങ്ങൾക്കും, സഭാ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാലിയിലെ കത്തീഡ്രൽ ദേവാലയത്തിനു നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കൊളംബിയയെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം വലിയ പിന്തുണയാണ് നൽകുന്നത്. അമേരിക്ക 15.5 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചു. ലോകബാങ്ക്, ഇന്റർ-അമേരിക്കൻ ഡെവലപ്‌മെന്റ് ബാങ്ക്  എന്നിവരും  ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മെക്സിക്കോ, വെനസ്വേല, എൽ സാൽവദോർ തുടങ്ങിയ അയൽരാജ്യങ്ങൾ മെഡിക്കൽ സംഘങ്ങളെയും രക്ഷാപ്രവർത്തകരെയും അയക്കാൻ സന്നദ്ധത അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ഓഗസ്റ്റ് 2026, 13:00