തിരയുക

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാഴ്ച്ച അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കാഴ്ച്ച  (ANSA)

അഫ്ഗാനിസ്ഥാനിൽ 37 ലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിൽ: യൂണിസെഫ് സംഘടന

ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അഫ്ഗാനിസ്ഥാനിൽ അഞ്ച് വയസ്സിൽ താഴെയുള്ള 3.7 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണെന്ന്, യൂണിസെഫ് സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പോഷകാഹാരത്തിന്റെ കുറവ് അഫ്‌ഗാനിസ്ഥാനിൽ ശിശുക്കളുടെ ആരോഗ്യത്തിനു കടുത്ത ഭീഷണിയുയർത്തുന്നുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടും, അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ഈ കാര്യത്തിൽ അഭ്യർത്ഥിച്ചുകൊണ്ടും, യൂണിസെഫ് സംഘടന വാർത്താകുറിപ്പ് പ്രസിദ്ധീകരിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ള 3.7 ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന്റെ പിടിയിലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് സംഘടന പുറത്തുവിട്ടത്.

രാജ്യത്തെ 34 പ്രവിശ്യകളിൽ 26 പ്രവിശ്യകളിലും  പോഷകാഹാരക്കുറവ് 2025-നെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചതായും, വരാനിരിക്കുന്ന ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും യൂണിസെഫ്  സംഘടന വിലയിരുത്തുന്നു.

കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരിൽ 83 ശതമാനവും രണ്ടു വയസിനു താഴയുള്ള കുഞ്ഞുങ്ങളാണ്. കുടുംബങ്ങൾ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതും പോഷകസമൃദ്ധമായ ആഹാരം ഒഴിവാക്കുന്നതും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും,  ഭക്ഷണ വൈവിധ്യത്തിന്റെ കുറവും പട്ടിണിയും ഒരു വലിയ വിഭാഗം കുട്ടികളെ മരണകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതായും സംഘടന വിലയിരുത്തി.

ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങൾക്കൊപ്പം രോഗപകർച്ച, കുറഞ്ഞ വാക്സിനേഷൻ നിരക്ക്, ശുദ്ധജലത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും അഭാവം, ഫണ്ടിന്റെ കുറവ് എന്നിവ പ്രശ്നം സങ്കീർണ്ണമാക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ-സംരക്ഷണ മേഖലകളുടെ ഏകോപിതമായ പ്രവർത്തനം ഇതിന് അനിവാര്യമാണെന്ന്  അഫ്ഗാനിസ്ഥാനിലെ യൂണിസെഫ് പ്രതിനിധി ഡോ. താജുദീൻ ഒയെവാലെ എടുത്തു പറഞ്ഞു.

കുട്ടികളുടെ പോഷകാഹാരക്കുറവ് തടയാൻ അന്താരാഷ്ട്ര തലത്തിൽ നടപടികൾ ആവശ്യമാണെന്നും, അല്ലാത്തപക്ഷം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

14 ജൂലൈ 2026, 11:25