ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾ  (AFP or licensors)

വെനിസ്വേലയിൽ വൻ ഭൂകമ്പങ്ങൾ: മുപ്പതിലധികം ആളുകൾ മരണമടഞ്ഞു

തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ വടക്കുകിഴക്കൻ പ്രദേശത്ത് ജൂൺ 24 വൈകുന്നേരമുണ്ടായ രണ്ട് ഭൂകമ്പങ്ങളിൽ മുപ്പത്തിരണ്ടുപേരെങ്കിലും മരണമടഞ്ഞു. എഴുനൂറോളം ആളുകൾക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഈ ദുരന്തത്തിന്റെ ഇരകളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പ്രാദേശികവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വടക്കുകിഴക്കൻ വെനിസ്വേലയിലെ ഗ്വയിര (Guaira) സംസ്ഥാനത്തുണ്ടായ വൻ ഭൂകമ്പങ്ങളിൽ മുപ്പത്തിരണ്ട് പേരെങ്കിലും മരണമടഞ്ഞതായും എഴുനൂറോളം ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജൂൺ 24 ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറുമണിയോടെ, ഇന്ത്യയിൽ ജൂൺ 25 വ്യാഴാഴ്ച രാവിലെ മൂന്നരയോടെയാണ് റിക്ടർ സ്കെയിലിൽ  7.2-ഉം 7.5-ഉം രേഖപ്പെടുത്തിയ ഈ ഭൂമികുലുക്കങ്ങൾ ഉണ്ടായത്. സംഭവത്തെത്തുടർന്ന് രാജ്യത്തിന്റെ താത്കാലിക പ്രസിഡണ്ട് ഡെൽസി റോഡ്രിഗസ് രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള ഗ്വയിര പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ വിതച്ച ഈ ഭൂകമ്പങ്ങളെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാന്നെനും, ഇരകളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കാമെന്നും പ്രാദേശികവൃത്തങ്ങളെ അധികരിച്ച് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കരാക്കാസിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

വടക്കേ അമേരിക്കയിലെ ജിയോളജിക്കൽ സർവ്വേ പ്രകാരം, ഭൂകമ്പത്തിന്റെ കേന്ദ്രം മോന്താൽബാൻ പ്രദേശത്തിന്റെ വടക്കുപടിഞ്ഞാറ് പതിമൂന്നിലധികം കിലോമീറ്ററുകൾ താഴെയാണ്.

രാജ്യത്തുണ്ടായ ഈ ദുരന്തത്തിൽ അന്താരാഷ്ട്രരംഗത്തുനിന്ന് വിവിധ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടു. ഇതിൽ അമേരിക്ക, കൊളമ്പിയ, ക്യൂബ, ഇക്വഡോർ, ഉറുഗ്വായ്, ഇന്ത്യ ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടും.

ഏതാണ്ട് 240 ബില്യൺ ഡോളറിന്റെ പൊതുകടമുള്ളതും, സംഘർഷങ്ങളുൾപ്പെടെ വിവിധ സാമൂഹികപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതുമായ വെനിസ്വേല നേരിട്ട ഈ ഭൂകമ്പങ്ങൾ രാജ്യത്തെ സാധാരണജനജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതക്കും. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

25 ജൂൺ 2026, 11:33