കാതറിൻ റസ്സലിന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ കാതറിൻ റസ്സലിന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

2025-ൽ കുട്ടികൾക്കെതിരെ 35.500-ലധികം കടുത്ത ആക്രമണങ്ങളുണ്ടായി: യൂണിസെഫ്

കഴിഞ്ഞ ഒരു വർഷത്തിൽ ലോകത്താകമാനം കുട്ടികൾക്കെതിരെ 35.558 ആക്രമണങ്ങൾ ഉണ്ടായതായി കണ്ടെത്തിയെന്ന് ഐക്യരാഷ്ടസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. ഇവരിൽ 70 ശതമാനത്തിനും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള അക്രമണങ്ങളിലാണ് പരിക്കേറ്റതെന്ന് ജൂൺ 25 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അദ്ധ്യക്ഷ വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം കുട്ടികൾക്കെതിരായ 38.558 ഗുരുതര ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും, അതിൽ 35.558 ആക്രമണങ്ങളും ഉണ്ടായിട്ടുള്ളതാണെന്ന് കണ്ടെത്തിയെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ. ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ജൂൺ 25 വ്യാഴാഴ്ച പുറത്തുവിട്ട ഒരു റിപ്പോർട്ടിലാണ് ഇത്തരമൊരു പ്രസ്‌താവന സംഘടനാനേതൃത്വം നടത്തിയത്.

സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലാണ് കഴിഞ്ഞ വർഷത്തെ അപകടങ്ങളിൽ എഴുപത് ശതമാനം ഇരകൾക്കും പരിക്കേറ്റിട്ടുള്ളതെന്നും സംഘടന വ്യക്തമാക്കി. ഉക്രൈൻ, അഫ്ഗാനിസ്ഥാൻ, മ്യാന്മാർ, ഇസ്രായേൽ, പാലസ്തീന, ലെബനൻ എന്നിവടങ്ങളിലാണ് ഉയർന്ന തോതിൽ കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരു വർഷം ഒന്നിലധികം തവണ ആക്രമണങ്ങൾ നേരിടേണ്ടിവന്ന കുട്ടികളുടെ എണ്ണം 3.100 ആണ്.

ലോകത്തിൻെറ സംഘർഷഭരിത ഇടങ്ങളിൽ സഹായസഹകരണങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തടസ്സങ്ങളും പ്രതിരോധവും ഉൾപ്പെട്ട 8.000-ത്തിലധികം സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടുവെന്ന് യൂണിസെഫ് തങ്ങളുടെ റിപ്പോർട്ടിൽ എഴുതി. ഇതിൽ പാലസ്തീന, ലിബിയ, ഉക്രൈൻ എന്നിവടങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളത്.

റിപ്പോർട്ടുകൾ പ്രകാരം ഇത്രയും ഗുരുതര ആക്രമണങ്ങൾ ഉണ്ടായതായി മനസ്സിലാക്കാൻ കഴിഞ്ഞുവെങ്കിലും, സുരക്ഷയുടെയും, വാർത്താവിനിമയ ബുദ്ധിമുട്ടുകളുടെയും, സംഭവങ്ങൾ അവർത്തിക്കപ്പെട്ടേക്കാമെന്ന ഭയത്തിന്റെയും പേരിൽ ഏറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് സത്യമെന്ന് സംഘടന ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്രനിയമങ്ങൾ ഏറെയിടങ്ങളിൽ ലംഘിക്കപ്പെടുന്നുവെന്നതാണ് നിലവിലെ പഠനങ്ങൾ വ്യക്തമാക്കുന്നതെന്ന് ശിശുക്ഷേമനിധി അറിയിച്ചു.

ഐക്യരാഷ്ട്രസഭാംഗങ്ങളായ രാജ്യങ്ങൾ ഉൾപ്പെടെ ഏവരും, മനുഷ്യാവകാശം സംബന്ധിച്ച അതാരാഷ്ട്രനിയമങ്ങൾ പാലിക്കപെടുന്നുവെന്നതിന് വേണ്ട ശ്രമങ്ങൾ നടത്തണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. സംഘർഷയിടങ്ങളിലെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്നത് ഉറപ്പാക്കണമെന്നും സംഘടന ഓർമ്മിപ്പിച്ചു. സായുധസംഘങ്ങളിൽ പ്രവർത്തിക്കാൻ നിർബന്ധിക്കപ്പെടുന്ന കുട്ടികളും ഇരകളായി കണക്കാക്കപ്പെടേണ്ടതുണ്ടെന്ന് സംഘടന കൂട്ടിച്ചേർത്തു. 





വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

25 ജൂൺ 2026, 13:29