തിരയുക

നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

നൈജീരിയയിൽ സായുധ ആക്രമണം 20 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലുണ്ടായ അതിരൂക്ഷമായ സായുധ ആക്രമണത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർറ്റുകൾ പറയുന്നു. പ്ലേറ്റോ സ്റ്റേറ്റിലെ ബൊക്കോസ് മേഖലയിലുള്ള കാവെൽ ഗ്രാമത്തിലാണ് വാരാന്ത്യത്തിൽ അക്രമം നടന്നത്.

വത്തിക്കാൻ ന്യൂസ്

നൈജീരിയയിലെ പ്ലേറ്റോ സ്റ്റേറ്റിലുണ്ടായ അതിരൂക്ഷമായ സായുധ ആക്രമണത്തിൽ ഏകദേശം ഇരുപതോളം  ആളുകൾ കൊല്ലപ്പെട്ടു.  വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയും അക്രമികളും തമ്മിലും ശക്തമായ ഏറ്റുമുട്ടലുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ തിരിച്ചടിയെത്തുടർന്ന് അക്രമികൾ പിൻവാങ്ങി.

ആക്രമണത്തിൽ, 18 പേർ സംഭവസ്ഥലത്തും, ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മേഖലയിൽ സുരക്ഷാ സാന്നിധ്യം വർദ്ധിപ്പിക്കാനും ഇരകളായ കുടുംബങ്ങൾക്ക് സഹായം എത്തിക്കാനും സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

നൈജീരിയയിലെ ഏറ്റവും സംഘർഷഭരിതമായ മേഖലകളിലൊന്നാണ് പ്ലേറ്റോ സ്റ്റേറ്റ്. മുസ്ലീം ഭൂരിപക്ഷമുള്ള വടക്കൻ മേഖലയും ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള തെക്കൻ മേഖലയും തമ്മിൽ ചേരുന്ന 'മിഡിൽ ബെൽറ്റ്'  എന്നറിയപ്പെടുന്ന ഭാഗമാണിത്. വ്യത്യസ്ത വംശീയ-മത വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഭൂമി, വെള്ളം, മേച്ചിൽപ്പുറങ്ങൾ എന്നിവയുടെ അവകാശത്തെച്ചൊല്ലി ദശാബ്ദങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വർധനവ്, വടക്കൻ മേഖലയിലെ മരുഭൂവൽക്കരണം എന്നിവ കാരണം വിഭവങ്ങൾക്കായി നാടോടികളായ ഇടയന്മാരും കർഷക സമൂഹങ്ങളും തമ്മിലുള്ള മത്സരം വർദ്ധിച്ചിരിക്കുകയാണ്. ഇത് വർഷങ്ങളായി തുടരുന്ന അക്രമപരമ്പരകൾക്ക് കാരണമാകുകയും ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടാനും നിരവധി പേർ പലായനം ചെയ്യാനും ഇടയാക്കിയിട്ടുണ്ട്.

നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ്  തുടങ്ങിയ ഭീകരസംഘടനകൾ വലിയ ഭീഷണിയായി തുടരുന്നുണ്ടെങ്കിലും, പ്ലേറ്റോ, ബെന്യൂ തുടങ്ങിയ മധ്യ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന വംശീയ സംഘർഷങ്ങൾ രാജ്യാന്തര തലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വംശീയവും മതപരവും സാമ്പത്തികവുമായ ഘടകങ്ങൾ ഇവിടുത്തെ സുരക്ഷാ സാഹചര്യം സങ്കീർണ്ണമാക്കുന്നതായി മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

24 ജൂൺ 2026, 14:21