ലാഗോസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ആൽഫ്രെഡ് അഡേവാലെ മർത്തീനെസ് ലാഗോസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ആൽഫ്രെഡ് അഡേവാലെ മർത്തീനെസ് 

നൈജീരിയയിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്‌ക്കെതിരെ ക്രിസ്ത്യൻ, മുസ്ലീം നേതാക്കൾ: ഫീദെസ് ഏജൻസി റിപ്പോർട്ട്

ബോക്കോ ഹരാം ഉൾപ്പെടെ കൊള്ളക്കാരും കുറ്റവാളികളും ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ വാർത്തകളാണ് നൈജീരിയയിൽ അനുദിനം ഉയരുന്നതെന്നും, ഇതിനെതിരെ പ്രാർത്ഥനയുടെയും സർക്കാരിന്റെ ഊർജ്ജിത പ്രവർത്തനങ്ങളുടെയും ആവശ്യമുണ്ടെന്നും രാജ്യത്തെ കത്തോലിക്കാ, ഇസ്ലാമിക നേതൃത്വങ്ങൾ പ്രസ്താവിച്ചതായി ജൂൺ 18-ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കത്തോലിക്കാ മെത്രാൻസമിതി ഉപാദ്ധ്യക്ഷനും ജമാഅത് നസ്റിൽ ഇസ്ലാം പ്രസിഡന്റുമാണ് ഇത്തരത്തിലുള്ള ആഹ്വാനങ്ങൾ മുന്നോട്ട് വച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നൈജീരിയയിൽ ദുരിതം വിതച്ചുകൊണ്ട് തുടരുന്ന അതിക്രമങ്ങൾക്കും സംഘടിത കുറ്റകൃത്യങ്ങൾക്കുമെതിരെ കത്തോലിക്കാസഭാനേതൃത്വവും ഇസ്ലാം മത നേതൃത്വവും. ജൂൺ പതിനാറിന് നടത്തിയ രണ്ട് വ്യത്യസ്ത പ്രസ്താവനകളിലൂടെയാണ് ഇരുസമൂഹങ്ങളുടെയും നേതൃത്വങ്ങൾ രാജ്യത്തെ സാധാരണജീവിതം ദുസ്സഹമാക്കുന്ന ആക്രമണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയതെന്ന് ജൂൺ 18-ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഓരോ പ്രഭാതത്തിലും ബൊക്കോ ഹരാമിലെ ആളുകളും മറ്റു കൊള്ളക്കാരും കുറ്റവാളികളും നടത്തിയ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വാർത്തകളാണ് നൈജീരിയയിൽ ഉയരുന്നതെന്നും, ഇതിന് അന്ത്യമുണ്ടാകണമെന്നും രാജ്യത്തെ മെത്രാൻസമിതി ഉപാദ്ധ്യക്ഷനും, ലാഗോസ് അതിരൂപതാ തലവനുമായ ആർച്ച്ബിഷപ് ആൽഫ്രെഡ് അഡേവാലെ മർത്തീനെസ് (H.G. Msgr. Alfred Adewale Martins) ആവശ്യപ്പെട്ടു. രാജ്യത്ത് തട്ടിക്കൊണ്ടുപോകലുകളുടെ നിരവധി സംഭവങ്ങളും, സുരക്ഷാസേനകൾക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് അരങ്ങേറുന്നതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇത്തരം കുത്സിതപ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്ന് രാജ്യത്തിൻറെ പ്രസിഡന്റ് ബോള തിനുബുവിനോട് (Bola Tinubu) ആവശ്യപ്പെട്ടു.

ലാഗോസ് അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ആന്റണി ഒകോഗീയുടെ തൊണ്ണൂറാം ജന്മദിനവും, പൗരോഹിത്യത്തിന്റെ അറുപതാം വാർഷികവും മെത്രാഭിഷേകത്തിന്റെ അൻപത്തിയഞ്ചാം വാർഷികവും ഒരുമിച്ച് ആഘോഷിച്ച വേളയിൽ നടത്തിയ പ്രഭാഷണമധ്യേ, രാജ്യത്ത് സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, നൈജീരിയയുടെ ക്ഷേമത്തിനും സമാധാനസ്ഥാപനത്തിനും സുസ്ഥിരതയ്ക്കുമായി പ്രാർത്ഥിക്കാൻ, രാജ്യത്തെ പ്രധാന ഇസ്ലാമിക സംഘടനയായ ജമാഅത് നസ്റിൽ ഇസ്ലാം (Jama’atu Nasril Islam - JNI) പ്രസിഡന്റും സോക്കോത്തോ സുൽത്താനുമായ അൽഹാജി മുഹമ്മദ് സാദ് അബുബക്കർ (Alhaji Muhammadu Sa'ad Abubakar) ഏവരെയും ക്ഷണിച്ചു. രാജ്യത്തെ അതിക്രമങ്ങളെ തുരത്താൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിക്കുന്ന കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും കുത്തൊഴുക്കാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നൈജീരിയയെ ദുരിതത്തിലാഴ്ത്തുന്ന സാമൂഹികതിന്മകൾക്കെതിരെ ജൂൺ 19 വെള്ളിയാഴ്ച പ്രത്യേകമായി പ്രാർത്ഥിക്കാൻ സുൽത്താൻ ആവശ്യപ്പെട്ടു. രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന തട്ടിക്കൊണ്ടുപോകലുകളും കൊള്ളയടികളും അദ്ദേഹം തന്റെ ആഹ്വാനത്തിൽ പ്രത്യേകമായി പരാമർശിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

19 ജൂൺ 2026, 13:39