കോംഗോയിൽ എബോള വൈറസ് പടരുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകമെമ്പാടുമായി എബോള സ്ഥിരീകരിച്ചവരുടെ എണ്ണം 1,000 കടന്ന പശ്ചാത്തലത്തിൽ, ഏകദേശം 2.95 ദശലക്ഷം കുട്ടികൾ രോഗഭീഷണിയിലാണെന്ന് യുണിസെഫ് സംഘടന മുന്നറിയിപ്പ് നൽകി. രോഗബാധിത പ്രദേശങ്ങളിലെ ജനസംഖ്യയുടെ 54 ശതമാനത്തോളം വരുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ഈ അപകടസാധ്യത നേരിടുന്നത്. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സ്ഥിതി അതിരൂക്ഷമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ 19 വരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 15 ശതമാനവും കുട്ടികളിലും കൗമാരക്കാരിലുമാണ്. എബോള ബാധിച്ച് മരിച്ചവരിൽ 25 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. മുതിർന്നവരേക്കാൾ ഏകദേശം ഇരട്ടി മരണനിരക്കാണ് കുട്ടികൾക്കിടയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗം പടരുന്നതോടെ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിൽ മാത്രം 130-ലധികം കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. രോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും കുട്ടികൾക്കിടയിൽ ഭീതി പടർത്തുന്നുണ്ടെന്നു യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ അറിയിച്ചു. മലേറിയയ്ക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്നത് പലപ്പോഴും രോഗനിർണ്ണയം വൈകാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പോഷകാഹാരക്കുറവും മറ്റ് പ്രതിരോധ കുത്തിവയ്പ്പുകളുടെ അഭാവവും കോംഗോയിലെ കുട്ടികളെ എബോളയ്ക്ക് മുന്നിൽ കൂടുതൽ ദുർബലരാക്കുന്നുവെന്നും റിപ്പോർട്ടുകൾ വിശദമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.