ലെബനനിലെ കുടിയിറക്കപ്പെട്ട കുട്ടികൾ - ഫയൽ ചിത്രം ലെബനനിലെ കുടിയിറക്കപ്പെട്ട കുട്ടികൾ - ഫയൽ ചിത്രം  (ANSA)

കടുത്ത ആക്രമണങ്ങൾ തുടരുന്ന ലെബനനിൽ കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ഇരകളായത് 77 കുട്ടികൾ: യൂണിസെഫ്

ഇസ്രായേൽ ലെബണനിൽ നടത്തുന്ന ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 77 കുട്ടികൾ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് യൂണിസെഫ് മെയ് 30 ശനിയാഴ്ച എക്‌സിൽ കുറിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദിനം പ്രതി പത്തിലധികം കുട്ടികളാണ് ലെബനനിൽ നടന്നുവരുന്ന ആക്രമണങ്ങളുടെ ഇരകളാകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ദീർഘനാളുകളായി ലെബനന് നേരെ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനേകം കുട്ടികൾക്ക് പരിക്കേറ്റുവെന്നും ചിലർ കൊല്ലപ്പെട്ടുവെന്നും മെയ് 30 ശനിയാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച ഒരു സന്ദേശത്തിലൂടെ യൂണിസെഫ് അറിയിച്ചു.

ലഭ്യമായ വാർത്തകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ കുട്ടികളുടെ എണ്ണം 77 ആയി ഉയർന്നുവെന്ന് ശിശുക്ഷേമനിധി എക്‌സിൽ എഴുതി. ഇതനുസരിച്ച് ഒരു ദിവസം 11 കുട്ടികളാണ് ഈ കിരാത ആക്രമണത്തിന്റെ ഇരകളാകുന്നത്.

കുഞ്ഞുങ്ങൾ ഒരു കാരണവശാലും സംഘർഷങ്ങളുടെ ഇരകളാക്കരുതെന്നും, എല്ലായ്‌പ്പോഴും അവർ സംരക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട യൂണിസെഫ്, ശത്രുതകൾ അവസാനിക്കണമെന്നും എഴുതി.

കഴിഞ്ഞ മാർച്ച് മാസം മുതൽ ഇതുവരെയുള്ള ദിനങ്ങളിൽ രാജ്യത്ത് മൂവ്വായിരത്തിമുന്നൂറിൽപ്പരം ആളുകൾ കൊല്ലപ്പെട്ടുവെന്നും, പതിനായിരത്തിൽപ്പരം ആളുകൾക്ക് പരിക്കേറ്റുവെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി മെയ് 15-ന് ഇരുരാജ്യങ്ങളും വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു എങ്കിലും, ഇപ്പോഴും ലെബനന് നേരെ ഇസ്രായേൽ ആക്രമണം തുടരുന്നുണ്ട്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മേയ് 2026, 12:38