ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി ഇറാനിൽ ഒരുക്കിയ കല്ലറകൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്കായി ഇറാനിൽ ഒരുക്കിയ കല്ലറകൾ  (ANSA)

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മദ്ധ്യപൂർവ്വദേശങ്ങളിൽ മാത്രം 340 കുട്ടികൾ കൊല്ലപ്പെട്ടു: യൂണിസെഫ്

മദ്ധ്യപൂർവ്വദേശങ്ങളിലെ വിവിധ സംഘർഷങ്ങളിലായി കഴിഞ്ഞ ഏതാണ്ട് ഒരു മാസത്തിനുള്ളിൽ 340 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്നും, ആയിരക്കണക്കിന് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. മാർച്ച് 31-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് യുദ്ധങ്ങളും സംഘർഷങ്ങളും കുട്ടികളുടെ ജീവിതത്തിനുനേരെയുയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ശിശുക്ഷേമനിധി പ്രതികരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സംഘർഷങ്ങളും യുദ്ധങ്ങളും മൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഇറാൻ, ലെബനൻ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദ്ദാൻ, പാലസ്തീന, ഗാസ, വെസ്റ്റ് ബാങ്ക് തുടങ്ങിയ ഇടങ്ങളടക്കം മദ്ധ്യപൂർവ്വദേശങ്ങളിൽ മാത്രം 340 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്നും ആയിരക്കണക്കിന് കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഇറാൻ, അമേരിക്ക, ഇസ്രായേൽ, പാലസ്തീന തുടങ്ങിയ വിവിധ രാജ്യങ്ങൾ തമ്മിലും, അതിന്റെ പ്രതിഫലനമെന്നോണം മറ്റു രാജ്യങ്ങളിലും തുടരുന്ന യുദ്ധഭീകരതയുടെ മുന്നിൽ, മാർച്ച് 31-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് ശിശുക്ഷേമനിധി ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.

ഇറാനിൽ മാത്രം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 216 കുട്ടികൾ കൊല്ലപ്പെട്ടതായും, 1.767 കുട്ടികൾക്കെങ്കിലും പരിക്കേറ്റതായും യൂണിസെഫ് അറിയിച്ചു. ലെബനനിൽ ഇതേ കാലയളവിൽ 124 കുട്ടികളെങ്കിലും മരിച്ചുവെന്നും 413 കുട്ടികൾക്ക് പരിക്കേറ്റുവെന്നും ഈ ഐക്യരാഷ്ട്രസഭസംഘടന കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു മാസത്തിൽ, നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കുവൈറ്റിൽ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു. ബഹറിനിൽ നാല് കുട്ടികൾക്കും ജോർദാനിൽ ഒരു കുട്ടിക്കും ആക്രമണങ്ങളിൽ പരിക്കേറ്റതായും ശിശുക്ഷേമനിധി അറിയിച്ചു. കഴിഞ്ഞ മാസത്തെ ആക്രമണങ്ങളിൽ ഏറ്റവും രൂക്ഷമായത്, ഇറാനിലെ ഷാജാറേ തയ്യെബേ സ്‌കൂളിനുനേരെയുണ്ടായ മിസൈൽ ആക്രമണമായിരുന്നു. ഇതിൽ 168 കൊച്ചുകുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

കുട്ടികളുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കേണ്ട അടിസ്ഥാനകേന്ദ്രങ്ങളും സേവനവിഭാഗങ്ങളും ഉൾപ്പെടെയുള്ള ഇടങ്ങൾ പോലും കടുത്ത ആക്രമണമാണ് നേരിടുന്നതെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ അപലപിച്ചു. സാധാരണജനത്തിന്റെ ജീവൻ സംരക്ഷിക്കുന്നതിനും, കുട്ടികളുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും, സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും ഭാഗത്തുനിന്നുള്ള ഇടപെടൽ ഉണ്ടാകണമെന്നും ശ്രീമതി റസ്സൽ ആവശ്യപ്പെട്ടു.

മദ്ധ്യപൂർവ്വദേശങ്ങളിൽ തുടരുന്ന ആക്രമണങ്ങൾ മൂലം ഏതാണ്ട് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായിരിക്കുന്നതെന്ന് യൂണിസെഫ് അറിയിച്ചു. കൂടുതൽ കാലത്തേക്ക് തുടരുന്ന അതിക്രമങ്ങളും അസ്ഥിരതയും, കുട്ടികളുടേതുൾപ്പെടെയുള്ള ജീവിതവികസനത്തിന് പ്രതിസന്ധിയായി മാറുമെന്ന് സംഘടന ഓർമ്മിപ്പിച്ചു.

നിലവിലെ സ്ഥിതിയിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ മദ്ധ്യപൂർവ്വദേശങ്ങളിലും കുട്ടികൾക്ക് വേണ്ട ആവശ്യസേവനങ്ങൾ ഉറപ്പാക്കാൻവേണ്ടിയുള്ള പരിശ്രമങ്ങളുമായി യൂണിസെഫ് മുന്നോട്ടുപോവുകയാണെന്ന് സംഘടന തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. വൈരാഗ്യം അവസാനിപ്പിക്കാനും അതിക്രമങ്ങൾ കുറയ്ക്കാനും സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഐക്യരാഷ്ട്രസഭാ സെക്രെട്ടറി ജനറൽ നടത്തിയ അഭ്യർത്ഥന യൂണിസെഫ് ആവർത്തിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഏപ്രിൽ 2026, 13:32