സുഡാനിൽ നിന്നുള്ള കാഴ്ച്ച സുഡാനിൽ നിന്നുള്ള കാഴ്ച്ച 

സുഡാനിൽ, സംഘർഷങ്ങളിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു

കഴിഞ്ഞ ഇരുപതു വർഷങ്ങളായി സുഡാനിൽ തുടരുന്ന സംഘർഷങ്ങളിൽ 4,300-ലധികം കുട്ടികൾ കൊല്ലപ്പെടുകയും, നിരവധിപേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു. 2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 160 കുട്ടികളാണ് കൊല്ലപ്പെട്ടത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

നിരവധി വർഷങ്ങളായി സുഡാനിൽ തുടരുന്ന സംഘർഷങ്ങളിൽ, ദശലക്ഷക്കണക്കിന് ആളുകളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. ആക്രമണങ്ങളിൽ നിരവധി കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയും, നിരവധി പേർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്തുവെന്നു യൂണിസെഫ് സംഘടനയുടെ വാർത്താകുറിപ്പിൽ എടുത്തു പറയുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ, സുഡാനിലുടനീളം കുട്ടികൾക്കെതിരെ 5,700-ലധികം ഗുരുതരമായ നിയമലംഘനങ്ങൾ ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. 2026 ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 160 കുട്ടികൾ  കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

സുഡാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം ഡാർഫറിൽ ഉടനീളം വലിയ തോതിലുള്ള അക്രമം, കൂട്ട കുടിയിറക്കം, കടുത്ത പട്ടിണി, കുട്ടികൾക്കെതിരായ ഗുരുതരമായ അതിക്രമങ്ങൾ എന്നിവയ്ക്ക് വഴിവച്ചുവെന്നു റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ഇല്ലാത്ത അവസ്ഥയും, ഗുരുതരമായ പോഷകാഹാരക്കുറവ്, രോഗം, അക്രമം എന്നിവയും കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും, സുഡാനിലെ ജനതയ്ക്കുവണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും, തന്റെ സാമീപ്യം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ വിവേചനരഹിതമായ അക്രമങ്ങൾ, സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾക്ക് ഗുരുതരമായ തടസ്സങ്ങൾ എന്നിവ മാസങ്ങളായി നിലനിൽക്കുന്നത്, സംഘർഷത്താൽ തളർന്നുപോയ ഒരു ജനതയ്ക്ക് അസ്വീകാര്യമായ ദുരിതങ്ങൾ സൃഷ്ടിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഏപ്രിൽ 2026, 13:06