ഹൈറ്റിയിലെ ഒരു തെരുവിൽനിന്നുള്ള ദൃശ്യം ഹൈറ്റിയിലെ ഒരു തെരുവിൽനിന്നുള്ള ദൃശ്യം  (ANSA)

ഹൈറ്റിയിൽ വൻ സായുധഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു

കരീബിയൻ പ്രദേശത്തുള്ള ഹൈറ്റിയിൽ ഗുണ്ടാസംഘങ്ങൾ നടത്തിവരുന്ന ആക്രമണങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെയുണ്ടായ ആക്രമണങ്ങളിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അനേകം വീടുകൾ അഗ്നിക്കിരയായി. രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി ക്യാമ്പുകളിൽ കഴിയുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഹൈറ്റിയിലെ ആർത്തിബൊനീത്ത് പ്രദേശത്തുള്ള പെത്തീത്ത് റിവിയെറിനടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായും അനേകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ച രാവിലെയുണ്ടായ കടുത്ത ആക്രമണങ്ങളുടെ ഭാഗമായി നിരവധി വീടുകൾ അഗ്നിക്കിരയായതായും, അനേകം കുടുംബങ്ങൾ ഭവനരഹിതരായതായും ഒസ്സെർവ്വത്തോറെ റൊമാനോ എഴുതി. പ്രദേശത്തുള്ള രണ്ട് പ്രമുഖ ഗുണ്ടാസംഘങ്ങളാണ് അക്രമം അഴിച്ചുവിട്ടത്.

ആക്രമണം ശക്തമായിരുന്ന ഷാൻ ദെനീ പ്രദേശത്ത് നിരവധിയാളുകളെ അക്രമിസംഘങ്ങൾ വീടുകളിൽനിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊല്ലുകയും അൻപതോളം വീടുകൾക്ക് തീയിടുകയും ചെയ്തു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തിങ്കളാഴ്ച വരെ നീണ്ടുവെന്നും, പോലീസിന്റെ നിരന്തര പരിശ്രമത്തോടെയാണ് ഈ അക്രമത്തിന് അവസാനമുണ്ടായതെന്നും പ്രദേശത്തുനിന്നുള്ള ആളുകൾ സാക്ഷ്യപ്പെടുത്തി.

പോലീസിന്റെയും പ്രാദേശിക അധികാരികളുടെയും റിപ്പോർട്ടുകൾ പ്രകാരം ഇരുപതോളം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാൽ, മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ചില സംഘടനകൾ, എഴുപതോളം ആളുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും, മുപ്പതോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും അവർ ആശപത്രികളിലാണെന്നും അറിയിച്ചു.

രാജ്യത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനായി, ഹൈറ്റിയിലെ പ്രാദേശിക ഐക്യരാഷ്ട്രസഭാഘടകത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രെട്ടറി ജനറലിന്റെ വക്താവ് അറിയിച്ചിരുന്നു.

സാവിയെൻ പ്രദേശത്തുള്ള തങ്ങളുടെ കേന്ദ്രത്തിന് നേരെ പ്രതിരോധികൾ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഗ്രാൻ ഗ്രീഫ് എന്ന ഗുണ്ടാസംഘം, വിവ് ആൻസാം എന്ന സായുധസംഘത്തിന്റെ പിൻബലത്തോടെ അതിക്രമം അഴിച്ചുവിടുകയായിരുന്നു എന്നതാണ് പ്രാഥമികറിപ്പൊർട്ട്.

ഹൈറ്റിയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ആർത്തിബൊനീത്ത് പ്രദേശത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വഴക്ക് പതിവാണെന്നും ഇതിന് പിന്നിൽ മിലിട്ടറി ലക്ഷ്യങ്ങൾക്കൊപ്പം സാമ്പത്തികലക്ഷ്യമുണ്ടെന്നും ഒസ്സെർവ്വത്തോറെ റൊമാനോ റിപ്പോർട്ട് ചെയ്തു. ഇതേ പ്രദേശത്ത് 2024-ൽ ഗ്രാൻ ഗ്രീഫ് 115 പേരെ വീടുകളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

2021 മുതൽ നാളിതുവരെ ഹൈറ്റിയിൽ വിവിധ ഗുണ്ടാസംഘങ്ങൾ ഇരുപതിനായിരത്തോളം പേരെ എങ്കിലും കൊന്നിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ ഈ സംഖ്യ വർദ്ധിച്ചേക്കാമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. കരീബിയൻ പ്രദേശത്തെ ജനസാന്ദ്രത കൂടിയ ഹൈറ്റിയിൽ കഴിഞ്ഞ വർഷങ്ങളിൽ പതിനാല് ലക്ഷത്തിലധികം ആളുകൾ, അതായത് മൊത്തം ജനസംഘ്യയുടെ പന്ത്രണ്ട് ശതമാനത്തോളം, കുടിയിറങ്ങാൻ നിർബന്ധിതരായിട്ടുണ്ട്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഏപ്രിൽ 2026, 13:43