സൊമാലിയയിലെ ജനത്തിന് അടിയന്തിരമാനവികസഹായം ആവശ്യമുണ്ട്: ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സോമാലിയയിലെ സാമൂഹ്യസുരക്ഷാനില ദുർബലമാണെന്നും, അവിടുത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് അടിയന്തിരസഹായം വേണമെന്നും ഫീദെസ് ഏജൻസി. കടൽക്കൊള്ളയും രാഷ്ട്രീയസംഘർഷങ്ങളും മൂലം കുപ്രസിദ്ധമായ ഈ രാജ്യത്ത് തുടരുന്ന മാനവികപ്രതിസന്ധിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും അവിടുത്തെ ജനങ്ങളെ വീർപ്പുമുട്ടിക്കുകയാണെന്ന് ഏപ്രിൽ 29-ന് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ ഫീദെസ് എഴുതി.
മുൻപ് തന്നെ ബുദ്ധിമുട്ടിലായിരുന്ന സോമാലിയയിലെ ജനം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾമൂലം കൂടുതൽ ദുരിതപൂർണ്ണമായ അവസ്ഥയിലേക്കാണ് തള്ളപ്പെടുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഈ വർഷാരംഭം മുതൽ നാളിതുവരെ അഞ്ചുലക്ഷത്തോളം സോമാലിയൻ പൗരൻമാരാണ് സ്വഭവനങ്ങൾ വിട്ടിറങ്ങാൻ നിർബന്ധിതരായതെന്നും, വരൾച്ചയാണ് ഇതിന് മുഖ്യമായ കാരണങ്ങളിലൊന്നെന്നും ഫീദെസ് വ്യക്തമാക്കി. നിലവിൽ രാജ്യത്ത് മുപ്പത്തിമൂന്ന് ലക്ഷം ആളുകളാണ് ഭവനരഹിതരായുള്ളത്.
കൃഷിയും, കാലിവളർത്തലുമുൾപ്പെടെയുള്ള മേഖലയിലും രാജ്യത്തെ വരൾച്ച വൻ ദുരിതത്തിന് കാരണമാകുന്നുണ്ടെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. പലയിടങ്ങളിലും കൃഷിമേഖല തകർന്നുവെന്ന് വിശദീകരിച്ച ഫീദെസ്, നിരവധി മൃഗങ്ങൾ ചത്തൊടുങ്ങിയെന്നും, ഇത്തരം ദുരിതങ്ങളും അവയുടെ ആഘാതവും കൊച്ചുകുട്ടികളുടെ ജീവിതത്തെയാണ് കൂടുതലായി ദുർബലമാക്കുന്നതെന്നും എഴുതി.
ധനസഹായം വെട്ടിക്കുറയ്ക്കപ്പെട്ടതുമൂലം, രാജ്യത്തേക്കുള്ള അടിസ്ഥാനസഹായങ്ങൾ ഇനിയും എത്തിയിട്ടില്ലെന്ന് അറിയിച്ച ഏജൻസി, രാജ്യത്തെ അഴിമതിയും, തെറ്റായ ധനവിനിയോഗവും മൂലം, ആഗോള മാനവികസഹായവിതരണത്തിനായി അമേരിക്ക പ്രഖ്യാപിച്ച രണ്ട് ബില്യൺ ഡോളറിന്റെ സഹായനിധിയിൽനിന്ന് സൊമാലിയ ഒഴിവാക്കപ്പെട്ടുവെന്ന് വിശദീകരിച്ചു.
സൊമാലിയയുടെ തീരങ്ങളിൽ അരങ്ങേറുന്ന കടൽക്കൊള്ളയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഫീദെസ് എഴുതി. ഇതിന് പുറമെ, രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും സാധാരണജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
സർക്കാരിനെതിരെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന അൽ-ശബാബ് (Al-Shabaab) എന്ന ഇസ്ലാമികതീവ്രവാദവിഭാഗവുമായുള്ള സംഘർഷം ഇനിയും അവസാനിച്ചിട്ടില്ലെന്നും, അവർ നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ ഭക്ഷണത്തിനും ജലത്തിനും പോലും നികുതി പിരിക്കപ്പെടുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: