തിരയുക

ജീവനെടുക്കുന്ന കുടിവെള്ളക്ഷാമം ജീവനെടുക്കുന്ന കുടിവെള്ളക്ഷാമം  (ANSA)

സുരക്ഷിതമല്ലാത്ത വെള്ളവും ശുചിത്വവുസൗകര്യങ്ങളും അനുദിനം ആയിരത്തോളം കുട്ടികളുടെ ജീവനെടുക്കുന്നു: യൂണിസെഫ്

ആയിരക്കണക്കിന് കുട്ടികളാണ്, ശുദ്ധജലലഭ്യതക്കുറവും, ശുചിത്വവുമായി ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളും മൂലം ദിനം പ്രതി മരണമടയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നൂറ്റിയെൺപത് കോടിയോളം ജനങ്ങൾ ജലലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും ലോക ജലദിനമായ മാർച്ച് 22-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

അഞ്ചുവയസ്സിൽ താഴെയുള്ള ആയിരത്തോളം കുട്ടികളാണ് ശുദ്ധജലലഭ്യതക്കുറവ് മൂലവും ശുചിത്വസേവനരംഗത്തെ കുറവുകൾ മൂലവും ഓരോ ദിവസവും മരണമടയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലോക ജലദിനം ആചരിക്കപ്പെടുന്ന മാർച്ച് 22 ഞായറാഴ്ചയാണ് ഇത്തരമൊരു ഭീകരമായ യാഥാർത്ഥ്യത്തെക്കുറിച്ച് യൂണിസെഫ് തങ്ങളുടെ ഒരു പത്രക്കുറിപ്പിലൂടെ പ്രസ്താവന നടത്തിയത്.

നൂറ്റിയെൺപത് കോടിയോളം ജനങ്ങളാണ് കൃത്യമായ ശുദ്ധജല ലഭ്യതയില്ലാതെ ദുരിതമനുഭവിക്കുന്നതെന്ന്, "എവിടെയാണോ ജലം എത്തുന്നത്, അവിടെ തുല്യത വളരുന്നു" എന്ന പ്രമേയത്തിൽ അധിഷ്ഠിതമാക്കി ആചരിക്കപ്പെടുന്ന ഈ വർഷത്തെ ജലദിനത്തിൽ യൂണിസെഫ് എഴുതി. ശുദ്ധജലലഭ്യതയും ശുചിത്വസേവനസൗകര്യങ്ങളും അതിജീവനത്തിനൊപ്പം മാനവികതയിൽ തുല്യത ഉറപ്പാക്കാനും പ്രധാനപ്പെട്ടതാണെന്ന് സംഘടന ഓർമ്മിപ്പിച്ചു.

മൂന്നിൽ രണ്ടു വീടുകളിലും ശുദ്ധജലം ശേഖരിക്കുന്നത് സ്ത്രീകളുടെ കടമയായാണ് കണക്കാക്കപ്പെടുന്നതെന്നും, പത്തിനും പത്തൊൻപത്തിനും ഇടയിൽ പ്രായമുള്ള പതിനഞ്ച് കോടിയിലധികം പെൺകുട്ടികൾക്ക് ഇനിയും അടിസ്ഥാന ശുചിത്വസേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. ഇത്, അവരുടെ ആരോഗ്യത്തെയും അന്തസിനെയും മോശമായ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി.

ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം തടസ്സപ്പെടുന്നതിന് പോലും ശുദ്ധജലലഭ്യതക്കുറവ് സംബന്ധിച്ച പ്രതിസന്ധി കാരണമാകുന്നുണ്ടെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ, സംഘടനയുടെ പ്രസ്താവനയിലൂടെ അറിയിച്ചു. ആഗോള ജലപ്രതിസന്ധി, കുട്ടികളുടെ ജീവിതത്തെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ ജീവിതത്തെ കൂടുതലായി ബാധിക്കുന്നുണ്ടെന്ന് ശിശുക്ഷേമനിധി അദ്ധ്യക്ഷ വിശദീകരിച്ചു.

ജലലഭ്യതയും സാമൂഹികമായ തുല്യതയും ശക്തമായ രീതിയിൽ ബന്ധപ്പെട്ടാണിരിക്കുന്നതെന്നും, ജലം, ആരോഗ്യത്തിനും, വിദ്യാഭ്യാസത്തിനും, പോഷകാഹാരലഭ്യതയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും ഉൾപ്പെടെ ഏറെ പ്രധാനപ്പെട്ടതാണെന്നും ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ ശുദ്ധജലത്തിന്റെ അഭാവം കൂടുതൽ രൂക്ഷമാക്കുകയാണെന്നും, കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ ആണ്, ഇതിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്നതെന്നും സംഘടന എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 മാർച്ച് 2026, 12:13