മധ്യപൂർവേഷ്യയിൽ കുട്ടികളുടെ തലമുറ കഠിനമായ പ്രതിസന്ധിയിൽ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ, മധ്യപൂർവേഷ്യയിലുടനീളം 44.8 ദശലക്ഷം കുട്ടികൾ സംഘർഷബാധിത പ്രദേശങ്ങളിൽ ജീവിച്ചിരുന്നുവെന്നും, ഇപ്പോൾ പ്രതിസന്ധി അതിരൂക്ഷമാണെന്നും എടുത്തുപറഞ്ഞുകൊണ്ട്, യൂണിസെഫ് സംഘടന, വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഇറാനിൽ 206 ഉം ലെബനനിൽ 118 ഉം ഉൾപ്പെടെ 2,100 ൽ അധികം കുട്ടികൾ കൊലചെയ്യപ്പെടുകയും, ഗുരുതര പരിക്കുകൾക്ക് വിധേയരാവുകയും ചെയ്തുവെന്നും, ഇസ്രായേലിൽ നാല് കുട്ടികളും കുവൈറ്റിൽ ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം എല്ലാ ദിവസവും ശരാശരി 87 കുട്ടികൾ ഇത്തരം പ്രതിസന്ധികൾക്ക് വിധേയരാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സംഘടന പങ്കുവച്ചു.
ഇവയ്ക്ക് പുറമെ, ഈ ദേശങ്ങളിൽ നിന്നും കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പലായനം ചെയ്യുന്നതും സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിരിക്കുന്നതിനാൽ, സമൂഹ ജീവിതവും, കുട്ടികളുടെ അവസ്ഥയും ഏറെ ദുരിതത്തിലാണ്.
ലെബനനിൽ മാത്രം, 350-ലധികം പൊതുവിദ്യാലയങ്ങൾ അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിനാൽ, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും അനിശ്ചിതത്വത്തിലാണ്. അതിനാൽ ശത്രുത അവസാനിപ്പിക്കുവാനും, പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുവാനും, മാനുഷികവും, സാമ്പത്തികവുമായ സഹായങ്ങൾ നൽകുവാനും, യൂണിസെഫ് സംഘടനാ ആവശ്യപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: