ലോക റേഡിയോ ദിനം: കൃത്രിമ ബുദ്ധിയുടെ കാലത്തും മനുഷ്യ ശബ്ദത്തിന്റെ ശക്തി
അലെസാന്ദ്രോ ജിസോത്തി
ഇരുപത് വർഷങ്ങൾക്ക് മുമ്പ് , വത്തിക്കാൻ റേഡിയോയുടെ ഡയറക്ടർ ജനറലായിരുന്ന ഫാ. ഫെദറിക്കോ ലൊംബാർദി റേഡിയോ രംഗത്ത് ഒരു ദൂരദർശിയായ അഭിപ്രായം ഉയർത്തിയിരുന്നു: “റേഡിയോ ഇനി റേഡിയോ മാത്രമല്ല.” അന്ന് പോഡ്കാസ്റ്റുകൾ പരീക്ഷണ ഘട്ടത്തിലായിരുന്നു. വെബ് റേഡിയോയ്ക്ക് പ്രത്യേക പ്രാധാന്യമില്ലായിരുന്നു. സോഷ്യൽ മീഡിയകൾ പോലും വിവരപ്രചാരണത്തിന് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇന്ന് “റേഡിയോ ആൻഡ് ഓഡിയോ” എന്ന ആശയം അനിവാര്യമായി മാറിയിരിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പോഡ്കാസ്റ്റുകൾ, ഓൺലൈൻ സ്ട്രീമിംഗ് എല്ലാം ചേർന്ന് റേഡിയോയുടെ പുതിയ രൂപം നിർമിച്ചിരിക്കുകയാണ്.
എന്നാൽ ഈ മാറ്റങ്ങൾക്കിടയിലും റേഡിയോയുടെ ആധാരഗുണമായ മനുഷ്യശബ്ദം മാറ്റമില്ലാതെ തുടരുന്നു. ഒരു ഗാനത്തിന്റെ ആവേശം, ഒരു അഭിമുഖത്തിന്റെ വികാരം, ഒരു അവതാരകന്റെ ആത്മീയത—ഇവയെല്ലാം ശബ്ദത്തിലൂടെ നേരിട്ട് ശ്രോതാക്കളെ സ്പർശിക്കുന്നു. മനുഷ്യന്റെ ശബ്ദം സൃഷ്ടിക്കുന്ന ഈ ബന്ധം തന്നെയാണ് റേഡിയോയുടെ ആത്മാവ്.
ഇന്ന് കടന്നുവരുന്ന നിർമ്മിതബുദ്ധിയുടെ അതിപ്രസരം പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു: ശ്രോതാക്കൾ കേൾക്കുന്ന ശബ്ദം മനുഷ്യന്റേതോ യന്ത്രത്തിന്റേതോ എന്നത് അവർക്കറിയേണ്ടതില്ലേയോ? വിവരങ്ങൾ തിരഞ്ഞെടുക്കുന്നത് ഒരു പത്രപ്രവർത്തകനാണോ, അല്ലെങ്കിൽ ഒരു ആൽഗോരിതമാണോ? അതിനാൽ, സുതാര്യതയും ഉത്തരവാദിത്വവും ഇന്നത്തെ പ്രധാന ചർച്ചാവിഷയങ്ങളായി മാറിയിരിക്കുകയാണ്.
മാധ്യമ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാണിക്കുന്നത്, നിർമ്മിതബുദ്ധി ഒരു ശക്തമായ ഉപകരണമാണെങ്കിലും അത് മനുഷ്യന്റെ വികാരശേഷിയെ പകരംവെയ്ക്കാൻ കഴിയില്ലെന്നതാണ്. ശബ്ദത്തിന്റെ താളം, ഹൃദയത്തിൽ നിന്നുള്ള അനുഭൂതി, മനുഷ്യബന്ധത്തിന്റെ ചൂട്—ഇവയെ യന്ത്രങ്ങൾക്ക് പൂർണ്ണമായി പുനരാവിഷ്‌കരിക്കാൻ കഴിയില്ല. നിർമ്മിതബുദ്ധി ശബ്ദത്തിന്റെ തനിമ അനുകരിച്ചേക്കാം, പക്ഷേ അതിന്റെ ആത്മാവിനെ പകർത്താൻ കഴിയില്ല.
എന്നാൽ ശ്രോതാക്കളുടെ രുചി മനസ്സിലാക്കാൻ, ശബ്ദരേഖകൾ ക്രമീകരിക്കാൻ, വിവരങ്ങൾ വേഗത്തിൽ കണ്ടെത്താൻ, പ്രോഗ്രാമുകളുടെ നിലവാരം മെച്ചപ്പെടുത്താനോക്കെ നിർമ്മിതബുദ്ധിയുടെ സാങ്കേതിക മികവിനെ ഉപയോഗപ്പെടുത്താവുന്നതാണ്. റേഡിയോയുടെ ഹൃദയത്തിൽ മനുഷ്യരെയും സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ശക്തിയുണ്ട്. ആ ബന്ധം തന്നെയാണ് റേഡിയോയെ ഇന്നും പ്രസക്തമാക്കുന്നത്. സാങ്കേതിക പുരോഗതി എത്ര മുന്നോട്ടുപോയാലും, മനുഷ്യന്റെ ശബ്ദവും ഹൃദയബന്ധവും മാറ്റിസ്ഥാപിക്കാനാകില്ല.
ലോക റേഡിയോ ദിനത്തിൽ ഉയരുന്ന പ്രധാന സന്ദേശം വ്യക്തമാണ്: നിർമ്മിതബുദ്ധി ഉപകരണമാകട്ടെ—ശബ്ദമാകരുത്. മനുഷ്യന്റെ ഹൃദയത്തെ സ്പർശിക്കുന്ന ശബ്ദം തന്നെയാണ് റേഡിയോയുടെ യഥാർത്ഥ ശക്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: