അഭയവും സുരക്ഷിതത്വവും കൊതിച്ച് ഗാസായിലെ കുട്ടികൾ: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ആയിരക്കണക്കിന് കുട്ടികളുടേതുൾപ്പെടെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ച ഇസ്രായേൽ-പാലസ്തീൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ, അഭയവും സുരക്ഷിതത്വവും ഉള്ള ഒരു ജീവിതമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഗാസാ മുനമ്പിലെ കുട്ടികൾ. ഗാസായിലെ കുട്ടികളുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും കണക്കിലെടുത്ത് പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെ, , ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയാണ്, പ്രദേശത്തെ കുട്ടികൾ സമാധാനപൂർണ്ണമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയത്.
"തങ്ങൾ ആഗ്രഹിക്കുന്ന ഗാസാ" എന്ന പേരിൽ, ഗാസാ പ്രദേശത്തെ അഞ്ച് പ്രവിശ്യകളിലെ അഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ ശിശുക്ഷേമനിധി നടത്തിയ പഠനാന്വേഷണങ്ങളിൽ ആയിരത്തി അറുന്നൂറ്റിമൂന്ന് കുട്ടികൾ ചോദ്യാവലിക്ക് നേരിട്ട് ഉത്തരം നൽകിയിരുന്നുവെന്നും, ഏതാണ്ട് പതിനൊന്നായിരത്തോളം കുട്ടികൾ വിവിധ സംരംഭങ്ങളിലൂടെ പങ്കെടുത്തുവെന്നും സംഘടന അറിയിച്ചു.
സമാധാനപരമായി രാത്രി മുഴുവൻ ഉറങ്ങാനും, ഭയമില്ലാതെ സ്‌കൂളുകളിൽ പോകാനും ഗാസായിലെ കുട്ടികൾ ആഗ്രഹിക്കുന്നുണ്ടെന്ന് യൂണിസെഫ് തങ്ങളുടെ റിപ്പോർട്ടിൽ എഴുതി. നിലവിൽ താത്കാലിക ക്യാമ്പുകളിലും കൂടാരങ്ങളിലും നടത്തിവരുന്ന വിദ്യാഭ്യാസം സുസ്ഥിരമായ സ്‌കൂളുകളിലേക്ക് തിരികെ മാറ്റുന്നതും കുട്ടികൾ സ്വപ്നം കാണുന്നുണ്ടെന്ന് ശിശുക്ഷേമനിധി എഴുതി.
ശാന്തവും സുരക്ഷിതവും ശുചിത്വമുള്ളതുമായ ആശുപത്രികൾക്കും, സ്വതന്ത്രമായ വിനോദസാധ്യതകൾക്കും കുട്ടികൾ കൊതിക്കുന്നുണ്ടെന്ന് എഴുതിയ യൂണിസെഫ് പക്ഷെ, വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് ശേഷം മാത്രം ഗാസാ മുനമ്പിൽ നൂറ്റിമുപ്പത്തിയഞ്ച് കുട്ടികൾ കൊല്ലപ്പെട്ടുവെന്ന്, പാലസ്‌തീനായിലെ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള യൂണിസെഫ് പ്രതിനിധി ജോനാഥൻ ക്രിക്സിന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: