തിരയുക

സുഡാനിൽനിന്നുള്ള ആളുകൾ കഴിയുന്ന ഒരു ക്യാമ്പിന്റെ ദൃശ്യം സുഡാനിൽനിന്നുള്ള ആളുകൾ കഴിയുന്ന ഒരു ക്യാമ്പിന്റെ ദൃശ്യം  (AFP or licensors)

തെക്കൻ സുഡാനിൽ എട്ടേകാൽ ലക്ഷത്തോളം കുട്ടികൾ പോഷകാഹാരക്കുറവിന് ഇരകളായേക്കാം: യൂണിസെഫ്

തെക്കൻ സുഡാനിലെ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ, രാജ്യത്തെ കുട്ടികൾ കൂടുതൽ പോഷകാഹാരക്കുറവ് നേരിട്ടേക്കാമെന്ന് മുന്നറിയിപ്പുമായി, തെക്കൻ സുഡാനിലേക്കുള്ള ശിശുക്ഷേമനിധി താത്കാലിക പ്രതിനിധി ഒബിയ അച്ചിയെങ്. ജോംഗ്ലെയ് സംസ്ഥാനത്ത് മാത്രം മൂന്ന് ലക്ഷത്തോളം ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് ഫെബ്രുവരി 13-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കൻ സുഡാനിലെ സംഘർഷങ്ങൾ കഴിഞ്ഞ വർഷം ഡിസംബർ മുതൽ കൂടുതൽ വഷളായി വരികയാണെന്നും ലക്ഷക്കണക്കിന് കുട്ടികളാണ് പോഷകാഹാരക്കുറവുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 13-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ തെക്കൻ സുഡാൻ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് തെക്കൻ സുഡാനിലേക്കുള്ള ശിശുക്ഷേമനിധി താത്കാലിക പ്രതിനിധി ഒബിയ അച്ചിയെങാണ് വിശദീകരിച്ചത്.

ജോംഗ്ലെയ് സംസ്ഥാനത്ത് മാത്രം രണ്ടുലക്ഷത്തി എൺപതിനായിരത്തോളം ആളുകൾ കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും അതിൽ അൻപത്തിമൂന്ന് ശതമാനവും കുട്ടികളാണെന്നും യൂണിസെഫ് പ്രതിനിധി വ്യക്തമാക്കി. തുടർച്ചയായ രണ്ടാം പ്രാവശ്യമാണ് ഇവരിൽ പലരും വീടുകൾ വിട്ടിറങ്ങുന്നതെന്നും, എന്നാൽ മൂന്നാം തവണയും വീടുപേക്ഷിച്ച് ഒളിച്ചോടാൻ നിർബന്ധിതരായവരും നിലവിലെ അഭ്യർത്ഥികൾക്കിടയിലുണ്ടെന്നും സംഘടനാനേതൃത്വം വിശദീകരിച്ചു.

ആഭ്യന്തരയുദ്ധകാലത്തുണ്ടായിരുന്ന ക്യാമ്പുകളിലാണ് പലരും കഴിയുന്നതെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ് പ്രതിനിധി, എന്നാൽ തുറസ്സായ സ്ഥലങ്ങളിൽ കഴിയുന്നവരും ഇവർക്കിടയിലുണ്ടെന്നും, പകുതിയിലധികവും കുട്ടികളാണെന്നും പ്രസ്താവിച്ചു.

രാജ്യത്തെ ആരോഗ്യപരിപാലനസംവിധാനം തകർന്നുകൊണ്ടിരിക്കുകയാണെന്നും, ആക്രമണങ്ങൾ വർദ്ധിച്ചതിനാൽ പതിനൊന്നോളം ആരോഗ്യപരിപാലനകേന്ദ്രങ്ങൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

ജനുവരി മുതൽ രാജ്യത്ത് ഏതാണ്ട് അഞ്ഞൂറോളം കോളറ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവയിൽ 125-ഉം ജോംഗ്ലെയ് സംസ്ഥാനത്താണെന്നും ശിശുക്ഷേമനിധി അറിയിച്ചു. നിലവിലെ സ്ഥിതിഗതികൾ തുടരുകയാണെങ്കിൽ, ജോംഗ്ലെയ്, യൂണിറ്റി, കിഴക്കൻ ഈക്വാത്തോറിയ സംസ്ഥാനങ്ങളായിലായി ഏതാണ്ട് എട്ടേകാൽ ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന് ഇരകളായേക്കാമെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.

സംഘർഷബാധിതപ്രദേശങ്ങളിലേക്കുള്ള പ്രവേശനം ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് ഓർമ്മിപ്പിച്ച ഈ ഐക്യരാഷ്ട്രസംഘടന, എന്നാൽ മറ്റ് സന്നദ്ധസേവനപ്രവർത്തനസംഘടനകൾക്കൊപ്പം അർഹരായവർക്ക് സഹായമെത്തിക്കുന്നതിനുവേണ്ടിയുള്ള തങ്ങളുടെ പരിശ്രമങ്ങൾ തങ്ങൾ തുടരുകയാണെന്ന് വ്യക്തമാക്കി. സംഘർഷങ്ങൾ ഉടൻ അവസാനിക്കണമെന്ന് യൂണിസെഫ് തങ്ങളുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉടൻ മാനവികസഹായമെത്തിക്കുന്നത് ആവശ്യമാണെന്നും, ആയിരക്കണക്കിന് കുട്ടികളുടെ ജീവൻ ഇതിനെ അപേക്ഷിച്ചാണിരിക്കുന്നതെന്നും സംഘടന കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ഫെബ്രുവരി 2026, 15:12