മഡഗാസ്കർ: ഗെസാനി കൊടുങ്കാറ്റ് മൂലം ആറായിരത്തോളം കുട്ടികൾ കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇരുനൂറ് കിലോമീറ്ററിലധികം വേഗതയിൽ കിഴക്കൻ മഡഗാസ്കറിൽ വീശിയടിച്ച ഗെസാനി കൊടുങ്കാറ്റ് മൂലം രാജ്യത്ത് ആറായിരത്തോളം കുട്ടികളെങ്കിലും കുടിയിറങ്ങാൻ നിർബന്ധിതരായെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം രണ്ടുലക്ഷത്തി എഴുപത്തിനായിരത്തോളം ആളുകളെ ഫെബ്രുവരി പത്താം തീയതി ഉണ്ടായ ഈ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്. പതിനാറായിരത്തിലധികം ആളുകൾ കുടിയിറങ്ങിയിട്ടുള്ളതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊടുങ്കാറ്റ് ഏറ്റവും ശക്തമായി വീശിയ അറ്റ്സിനാന മേഖലയിൽ, പ്രത്യേകിച്ച് മഡഗാസ്കറിലെ രണ്ടാമത്തെ വലിയ നഗരവും രാജ്യത്തെ പ്രധാന തുറമുഖവുമായ ടോമാസിനയിൽ നിരവധി വീടുകൾക്ക് വൻതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടുത്ത ജനസാന്ദ്രതയുള്ള താത്കാലികയിടങ്ങളിൽ അഭയം തേടിയിരിക്കുകയാണ് ഈ വീടുകളിൽ താമസിച്ചിരുന്നവർ. ആയിരക്കണക്കിന് കുട്ടികളാണ് സ്വഭാവനങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും വേർപിരിഞ്ഞ് കഴിയുന്നതെന്നും, ഇവരിൽ പലരും ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരകളാകാനും മാനസിക ആഘാതങ്ങൾക്ക് ഇരകളാകാനും സാധ്യതയുണ്ടെന്നും യൂണിസെഫ് അറിയിച്ചു.
കൊടുങ്കാറ്റ് നിരവധി വീടുകൾ തകർത്തുവെന്നും, ശുദ്ധജലം, ശിചിത്വസൗകര്യങ്ങൾ, സുരക്ഷിതത്വം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, മഡഗാസ്കറിലേക്കുള്ള യൂണിസെഫ് പ്രതിനിധി ക്രിസ്റ്റീൻ യൗൾമെസ്, ഫെബ്രുവരി 17-ന് ശിശുക്ഷേമനിധി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രദേശത്തെ ശുദ്ധജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണെന്നും, രണ്ട് യൂണിവേഴ്സിറ്റി ആശുപത്രികൾക്ക് നാശനഷ്ടങ്ങൾ നേരിട്ടിട്ടുണ്ടെന്നും, 21 ആരോഗ്യകേന്ദ്രങ്ങൾ തകർന്നുവെന്നും യൂണിസെഫ് അറിയിച്ചു. 35 സ്‌കൂളുകൾ തകർന്നുവെന്നും, 563 സ്‌കൂളുകളുടെ മേൽക്കൂരകൾ നഷ്ടപ്പെട്ടുവെന്നും, 218 എണ്ണത്തിന്റെ മേൽക്കൂരകൾ ഭാഗികമായി തകർന്നെന്നും സംഘടന വിശദീകരിച്ചു.
ഫെബ്രുവരി പതിനഞ്ച് ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ ലിയോ പതിനാലാമൻ പാപ്പാ മഡഗാസ്കറിലെ ജനങ്ങൾ ഈ കൊടുങ്കാറ്റ് മൂലം നേരിടുന്ന ദുരിതങ്ങൾ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: