തിരയുക

ഉക്രൈനിൽ നിന്നുള്ള കാഴ്ച്ച ഉക്രൈനിൽ നിന്നുള്ള കാഴ്ച്ച  

ഉക്രൈൻ ജനതയ്ക്കു വേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്

നാലുവർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ, ഏറെ ദുരിതം അനുഭവിക്കുന്ന ഉക്രൈൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ടും, ഇക്കാലമത്രയും, പ്രത്യേകിച്ചും അതിശൈത്യത്തിൽ ജനത അനുഭവിച്ച അതി കഠിനമായ ജീവിതത്തെ എടുത്തു പറഞ്ഞുകൊണ്ടും, ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ, മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കുമായി, സ്വിറ്റ്ലാന ദുഖോവിച്ച് അഭിമുഖം നടത്തി.

സ്വിറ്റ്ലാന ദുഖോവിച്ച്, വത്തിക്കാൻ സിറ്റി

സമീപ മാസങ്ങളിൽ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന ഉക്രൈനും, റഷ്യയും തമ്മിലുള്ള യുദ്ധം നാലു വർഷങ്ങൾ പിന്നിടുകയാണ്. "തണുപ്പ്" എന്നർത്ഥം വരുന്ന ഉക്രേനിയൻ പദമായ ഖോലോദ്, ഇന്ന് യഥാർത്ഥത്തിൽ, പട്ടിണിയിലൂടെ വംശഹത്യ ചെയ്യുന്ന "ഹോളോഡോമോർ" ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് എടുത്തു പറഞ്ഞുകൊണ്ടാണ്, ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ, മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് തന്റെ അഭിമുഖ സംഭാഷണം ആരംഭിച്ചത്.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഭീകരമായ ശൈത്യകാലത്തിലൂടെയാണ് ഉക്രൈൻ ജനത കടന്നു പോകുന്നതെന്നും, പൂജ്യത്തിനു താഴെ ഇരുപതു ഡിഗ്രിയായി താപനില കുറഞ്ഞപ്പോൾ, റഷ്യൻ ആക്രമണം വൈദ്യുതിയുടെയും, ഗാസിന്റെയും  ലഭ്യതയില്ലായ്മ, വർധിപ്പിച്ചുവെന്നും, നിരവധിയാളുകൾ തണുപ്പിന്റെ ഭീകരതയിലൂടെയാണ് കടന്നു പോകുന്നതെന്നും, അദ്ദേഹം എടുത്തു പറഞ്ഞു. അനേകം പേർ, താത്‌ക്കാലികമായുള്ള ജനറേറ്ററുകളുടെ സഹായത്തോടെയാണ്, അവരുടെ പല ആവശ്യങ്ങളും നിറവേറ്റുന്നതെന്നും ആർച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി.

ഈ ശൈത്യകാലത്ത്, കീവിൽ നിന്നും ഏകദേശം അരലക്ഷത്തോളം ആളുകൾ രാജ്യം വിട്ടുപോയതായി കണക്കാക്കപ്പെടുന്നുവെന്നും, എങ്കിലും, ഇപ്പോഴും ആക്രമണത്തിന്റെ ഭീതിയിലാണ് ജനം കഴിയുന്നതെന്നും പങ്കുവച്ചു. എന്നാൽ ജനതയുടെ ഒപ്പം സഭ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്നും, ഈ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോൾ നാമെല്ലാവരും തുല്യരാണെന്നും, ഐക്യത്തോടെ തുടരാനും പരസ്പരം സഹായിക്കാനും അപ്രകാരം ജീവിതത്തിന്റെ ക്രൈസ്തവ അർത്ഥം കണ്ടെത്തുവാനും ഏവരും ശ്രമിച്ചിട്ടുണ്ടെന്നും മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം 2024 നെ അപേക്ഷിച്ച് 31 ശതമാനവും 2023 നെ അപേക്ഷിച്ച് 70 ശതമാനവും വർദ്ധിച്ച വർഷമായിരുന്നു 2025 എന്ന് പറഞ്ഞ അദ്ദേഹം, സമാധാന കരാറുകളെക്കുറിച്ച് കൂടുതല് സംസാരിക്കുന്തോറും ഉക്രേനിയൻ മണ്ണിൽ ഒഴുകുന്ന രക്തം വർധിക്കുകയാണെന്നുള്ള വസ്തുതയും പങ്കുവച്ചു.

സഹോദരൻ, സഹോദരി, മാതാപിതാക്കൾ അല്ലെങ്കിൽ കുട്ടി എന്നിവരെ നഷ്ടപ്പെട്ടതിന്റെ വേദനയോ ദുഃഖമോ അനുഭവിക്കാത്ത ഒരു കുടുംബവും ഉക്രൈനിൽ ഇല്ല എന്നുള്ളതാണ് സത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് മാനസികമായ പിരിമുറുക്കങ്ങളും ജനതയിൽ ഉണ്ടാക്കുന്നുവെന്നും, ഇവിടെ സഭ വലിയ ഒരു ആശ്വാസമായി ജനങ്ങൾക്കൊപ്പം ഉണ്ടെന്നും അദ്ദേഹം പങ്കുവച്ചു. പരിശുദ്ധ പിതാക്കന്മാരും ഈ കഴിഞ്ഞ നാല് വർഷങ്ങളിലായി ഉക്രൈൻ ജനതയ്ക്ക് നൽകിയ വലിയ കരുതലിനും, സ്നേഹത്തിനും അദ്ദേഹം പ്രത്യേകം നന്ദിയർപ്പിച്ചു.

ഈ യുദ്ധത്തിന്റെ നാലാം വാർഷികം മാനവികതയ്ക്ക് നാണക്കേടാണെന്നും, നാലു വർഷത്തിനിടയിൽ  അധിനിവേശത്തിന്റെ മാരകമായ കരം തടയുന്നതിൽ  അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടു എന്നത് ലജ്ജാകരമാണെന്നും ആർച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഫെബ്രുവരി 2026, 13:26