ഉക്രൈൻ ദുരന്തബാധിതർക്ക് ഐക്യദാർഢ്യത്തിന്റെ ആശ്വാസം മാത്രം
സ്വിറ്റ്ലാന ദുഖോവിച്ച്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കഴിഞ്ഞ ദിവസം ഉക്രേനിയൻ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ, രാജ്യത്തിൻറെ ഊർജ്ജ മേഖല വീണ്ടും തകർക്കപ്പെട്ടു. റഷ്യൻ സൈന്യം 70-ലധികം മിസൈലുകളും 450 ആക്രമണ ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയത്. സുമി, ഖാർകിവ്, കിവ്, ഡിനിപ്രോ, ഒഡെസ, വിന്നിറ്റ്സിയ എന്നീ പ്രദേശങ്ങൾ ആക്രമിക്കപ്പെട്ടു. ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് നടന്ന ബോംബാക്രമണത്തിൽ ഒരു താപവൈദ്യുത നിലയത്തിലെയും രണ്ട് സബ്‌സ്റ്റേഷനുകളിലെയും നിർണായക ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തത്ഫലമായി, 853 ആൾത്താമസമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെ 929 കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
വത്തിക്കാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഖാർകിവ്-സപോരിജിയ രൂപതയുടെ കാരിത്താസ് ഡയറക്ടർ ഫാദർ വോയ്‌സിക് സ്റ്റാസിവിച്ച്സ്, സ്ഥലത്തെ നിലവിലെ ദുരിതപൂർണ്ണമായ അവസ്ഥകളെ വിവരിച്ചു. വൈദ്യുതിയുടെ ലഭ്യതയില്ലായ്മ, ഈ ശൈത്യകാലത്ത് ജനത അനുഭവിക്കുന്ന ദുരിതങ്ങളിൽ ഏറ്റവും അസഹനീയമെന്നു പറഞ്ഞ അദ്ദേഹം, ആളുകൾക്കിടയിലുള്ള ഐക്യവും, സഹായവും സഹകരണങ്ങളും മാത്രമാണ് ഏക ആശ്വാസ ഘടകമെന്നും ചൂണ്ടിക്കാട്ടി. തണുപ്പും ഗതാഗത പ്രശ്നങ്ങളും കാരണം എല്ലാവർക്കും യാത്ര ചെയ്യാൻ കഴിയില്ല, എന്നാൽ സഹായിക്കുവാൻ ഏറെ ആളുകൾ സന്മനസോടെ മുൻപോട്ടു വരുന്നുണ്ടെന്നും, യൂറോപ്പിൽ നിന്ന്, പ്രത്യേകിച്ച് പോളണ്ടിൽ നിന്ന് ലഭിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണെന്നും, അദ്ദേഹം പറഞ്ഞു.
ഉക്രേനിയൻ നഗരങ്ങൾക്കായി ജനറേറ്ററുകൾ വാങ്ങുന്നതിനായി പോളിഷ് രൂപതകൾ എല്ലാ ഇടവകകളിലും നടത്തിയ ധനസമാഹരണം, കൂട്ടായ്‍മയുടെ വലിയ അടയാളമാണെന്നും അദ്ദേഹം പങ്കുവച്ചു. ഉക്രൈനിലേയും വിവിധ ഇടവകകൾ, ആളുകളുടെ സേവനത്തിനായി തുറന്നു കൊടുത്തിരിക്കുകയാണ്. വിവിധ രൂപതകളുടെ കൂരിയ മുറികൾ പോലും ആളുകൾക്ക് താമസിക്കുവാനും, തണുപ്പിൽ നിന്നും രക്ഷ നേടുവാനും വേണ്ടി നല്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ ആളുകളോട് എന്താണ് പങ്കുവയ്ക്കുവാനുളളത് എന്ന ചോദ്യത്തിന്, പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും സംഭാവനകൾക്കും എല്ലാവരുടെയും പേരിൽ താൻ നന്ദിയർപ്പിക്കുന്നുവെന്നും, ഏവർക്കും പ്രാർത്ഥന ഉറപ്പു നൽകുന്നുവെന്നും, സാമീപ്യവും പിന്തുണയും വിഷമതയുടെ നേരങ്ങളിൽ ആശ്വാസം പകരുന്നതാണെന്നും ഫാദർ വോയ്‌സിക് പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: