തിരയുക

നൈജീരിയയിൽ  നിന്നുള്ള കാഴ്ച്ച നൈജീരിയയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

നൈജീരിയയിൽ മനുഷ്യക്കൊലപാതകങ്ങൾ വർധിക്കുന്നു

സാമൂഹിക അരക്ഷിതാവസ്ഥ സൃഷ്‌ടിച്ചുകൊണ്ട്, നൈജീരിയയിൽ മനുഷ്യജീവനുകൾ ഹനിക്കുന്ന പ്രവണത ഏറെ വർധിച്ചുവരികയാണെന്നു സോകോതോ രൂപതയുടെ മെത്രാൻ, മോൺസിഞ്ഞോർ മാത്യു ഹസ്സൻ കുക്കാ പങ്കുവച്ചു. ഫീദെസ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.

 ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മനുഷ്യരാശിക്കെതിരെ ദിനം തോറും നടക്കുന്ന കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന, നൈജീരിയ രാഷ്ട്രത്തിന്റെ ഭാവിയിലേക്കുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുമെന്നു, സോകോതോ രൂപതയുടെ മെത്രാൻ,  മോൺസിഞ്ഞോർ മാത്യു ഹസ്സൻ കുക്കാ പറഞ്ഞു. തിങ്കളാഴ്ചകളിൽ 10 പേരും ചൊവ്വാഴ്ചകളിൽ 50 പേരും ബുധനാഴ്ചകളിൽ 100 ​​പേരും കൊല്ലപ്പെടുന്ന മറ്റൊരു രാജ്യവും ഈ ലോകത്ത് നിലവിലില്ല എന്ന് പറഞ്ഞുകൊണ്ട്, നൈജീരിയയിലെ കൂട്ടക്കൊലയുടെ ഭീകരത മോൺസിഞ്ഞോർ എടുത്തു കാണിച്ചു.

എന്നാൽ, മതപരമായ മാനദണ്ഡങ്ങൾക്കനുസൃതമായി കൊലപാതകങ്ങളും, കൂട്ടക്കൊലകളും വളച്ചൊടിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതായും മോൺസിഞ്ഞോർ മാത്യു വിമർശിച്ചു. അത്തരം ആഖ്യാനങ്ങൾ അവിശ്വാസം വർദ്ധിപ്പിക്കുകയും സമൂഹങ്ങൾക്കിടയിലുള്ള വിള്ളലുകൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാശ്ചാത്യ മാധ്യമങ്ങൾ തന്റെ രാജ്യത്തെ കൂട്ടക്കൊലകളെ ചിത്രീകരിച്ച രീതിയെ ആർച്ച് ബിഷപ്പ് കുക്ക പ്രത്യേകം വിമർശിച്ചു: "നൈജീരിയയിൽ മാത്രമാണ് ക്രിസ്ത്യാനികളും മുസ്ലീങ്ങളും മരിക്കുന്നത്. '20 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു, 30 മുസ്ലീങ്ങൾ കൊല്ലപ്പെട്ടു' എന്നതുപോലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ മതപരമായ വിള്ളലുകൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്നാൽ മതത്തിന്റെ ധ്രുവീകരണത്തിലേക്ക് ഇത്തരം അക്രമങ്ങളെ ഒതുക്കാതെ മത-സാമുദായിക നേതാക്കളുടെ പങ്കാളിത്തത്തോടെ രാഷ്ട്രീയ, സ്ഥാപന തലങ്ങളിൽ ഈ വിഷയം അഭിസംബോധന ചെയ്യണമെന്നും കൂട്ടായ ഉത്തരവാദിത്തമില്ലാതെ സമാധാനം കൈവരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയ്ക്ക് പകരം ഐക്യം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, രാഷ്ട്രത്തിന്റെ ധാർമ്മികവും സ്ഥാപനപരവുമായ ദിശാബോധം നഷ്ടപ്പെടുമെന്നുള്ള  മുന്നറിയിപ്പും മോൺസിഞ്ഞോർ നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഫെബ്രുവരി 2026, 14:48