ഉക്രൈനിൽ പതിനൊന്ന് കുട്ടികൾ ആക്രമണങ്ങൾക്കിരകളായി: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി പതിനൊന്ന് കുട്ടികൾ കൂടി ആക്രമണത്തിന്റെ ഇരകളായെന്ന് യൂണിസെഫ്. സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി 7 ബുധനാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഈ വാർത്ത പുറത്തുവിട്ടത്.
ഏഴാം തീയതി ദ്നിപ്രൊയിലുണ്ടായ (Dnipro) ഒരു ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റുവെന്ന് യൂണിസെഫ് എഴുതി. കഴിഞ്ഞ ആഴ്ചയിൽ മാത്രം, പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ഒരു കുട്ടി കൊല്ലപ്പെടുകയും, പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും ശിശുക്ഷേമനിധി അറിയിച്ചു. തികച്ചും മോശമായ ഒരു വർഷാരംഭമാണിതെന്നും സംഘടന അപലപിച്ചു.
ഉക്രൈനിലെ കുട്ടികൾ അവസാനമില്ലാത്ത ഭയത്തോടെയാണ് ജീവിക്കുന്നതെന്നും, രാജ്യത്ത് അനുഭവപ്പെടുന്ന അതിശൈത്യത്തെ, അടിക്കടിയുണ്ടാകുന്ന വിദ്യുശ്ചക്തി, ശുദ്ധജല വിശ്ചേദനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, അതിജീവിക്കാൻ കുട്ടികൾ ബുദ്ധിമുട്ടുകയാണെന്നും ഐക്യരാഷ്ട്രസഭാസംഘടന വ്യക്തമാക്കി.
ആക്രമണങ്ങൾ അവസാനിപ്പിക്കാനും, കുട്ടികളെ സംരക്ഷിക്കാനും ശിശുക്ഷേമനിധി ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: