ഉക്രൈനിൽനിന്നുള്ള ഒരു ദൃശ്യം ഉക്രൈനിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

ഉക്രൈനിൽ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു: യൂണിസെഫ്

മുൻ വർഷങ്ങളെ അപേക്ഷിച്ച് പതിനൊന്ന് ശതമാനം കൂടുതൽ കുട്ടികളാണ് 2025-ൽ ഉക്രൈനിൽ യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുടെ ഇരകളായതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. 92 കുട്ടികളാണ് കഴിഞ്ഞ വർഷം ഉക്രൈനിൽ കൊല്ലപ്പെട്ടതെന്നും, 652 പേർക്ക് പരിക്കുകളേറ്റെന്നും ജനുവരി 16-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യൂറോപ്പിലെ കടുത്ത ശൈത്യത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഉക്രൈനിലെ കുട്ടികൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂനിസെഫ്. ജനുവരി 16 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ, ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സാദേയാണ് രാജ്യത്ത് തുടരുന്ന യുദ്ധവും കടുത്ത ശൈത്യകാലാവും മൂലം കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയിച്ചത്.

2025-ൽ മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം കൂടുതൽ കുട്ടികൾ യുദ്ധ ആക്രമണങ്ങളുടെ ഇരകളായെന്ന് യൂണിസെഫ് പ്രതിനിധി അറിയിച്ചു. ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 92 കുട്ടികൾ കൊല്ലപ്പെട്ടതായും 652 പേർക്ക് പരിക്കുകളേറ്റതായും ശിശുക്ഷേമനിധി വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതുമുതൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായി 3.200 കുട്ടികളുണ്ടെന്ന് സംഘടന കൂട്ടിച്ചേർത്തു.

രാജ്യത്ത് തപോത്പദകേന്ദ്രങ്ങൾക്കും, ജലവിതരണകേന്ദ്രങ്ങൾക്കും നേർക്ക് നടന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതിപാദിച്ച യൂണിസെഫ്. ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത്, ആവശ്യമായ താപോർജ്ജമോ, വിദ്യുശ്ചക്തിയോ, ജലമോ ലഭിക്കാതെ ബുദ്ധിമുട്ടുന്നതെന്ന് അറിയിച്ചു. കുട്ടികളും അവരുടെ കുടുംബങ്ങളും അതിജീവനത്തിനുള്ള ശ്രമത്തിലാണെന്നും, ചിലയിടങ്ങളിൽ മൈനസ് 18 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ഈ ഐക്യരാഷ്ട്രസഭാസംഘടന ഓർമ്മിപ്പിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കടുത്ത കാലാവസ്ഥാപ്രതിസന്ധിയും കുട്ടികളുടെ ജീവിതത്തെ ശാരീരികമായും മാനസികമായും ബാധിക്കുന്നുണ്ടെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. കടുത്ത തണുപ്പും, അനുബന്ധ സ്ഥിതിവിശേഷങ്ങളും മൂലം കുട്ടികൾ, പ്രത്യേകിച്ച് നവജാതശിശുക്കൾ ശ്വാസകോശസംബന്ധിയായ രോഗങ്ങൾ ഉൾപ്പെടെ വിവിധ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് സംഘടന ഓർമ്മിപ്പിച്ചു.

രാജ്യത്തെ ജനങ്ങൾക്ക് തണുപ്പിൽനിന്നുള്ള സംരക്ഷണം ഉറപ്പാക്കാനും, മറ്റ് ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായുള്ള സഹായപദ്ധതികളുമായി തങ്ങൾ രാജ്യത്ത് തുടരുന്നുണ്ടെന്ന് സംഘടന ഉറപ്പുനൽകി. സാധാരണജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾക്ക് നേരെയും, കുട്ടികൾക്ക് ആവശ്യമുള്ള പൊതുമേഖലാസ്ഥാപനങ്ങൾക്ക് നേരെയും ഉള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന തങ്ങളുടെ അഭ്യർത്ഥന യൂണിസെഫ് പുതുക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ജനുവരി 2026, 13:53