ഉക്രൈനിൽ നിന്നുള്ള ദൃശ്യം ഉക്രൈനിൽ നിന്നുള്ള ദൃശ്യം   (AFP or licensors)

ഉക്രൈനിൽ സമാധാനം യാഥാർഥ്യമാകാത്ത ഒരു സ്വപ്നമായി തുടരുന്നു

ഉക്രൈനിലെ യുദ്ധം ഏകദേശം നാലു വർഷത്തിനിടെ ഇരുവശത്തും ഏകദേശം രണ്ട് ദശലക്ഷം സൈനികരുടെ ജീവഹാനിക്ക് കാരണമായെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഒഡെസയിലും കീവിലും റഷ്യൻ ആക്രമണം തുടരുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

റോബെർത്ത ബാർബി, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഉക്രൈനിന്റെ നഗരമായ ഒഡെസയിലും കീവ് മേഖലയിലും, പ്രത്യേകിച്ച് തലസ്ഥാനത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ റഷ്യൻ ആക്രമണം തുടരുകയും, നിരവധിയാളുകൾക്ക് ജീവഹാനി ഉണ്ടാകുകയും ചെയ്യുന്നുവെന്ന് പ്രാദേശിക അധികാരികൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ, നഗരത്തിലെ 900-ലധികം കെട്ടിടങ്ങളിൽ താമസിക്കുന്നവർ, അതിശൈത്യത്തിൽ തണുപ്പിൽ കഴിയുവാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.

അതേസമയം, അബുദാബിയിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കും. നിലവിൽ റഷ്യ കൈവശപ്പെടുത്തിയിരിക്കുന്ന സപോരിഷിയ ആണവ നിലയത്തിന്റെ കാര്യത്തെക്കുറിച്ചും, ഡോൺബാസ് പോലെയുള്ള പ്രദേശങ്ങളുടെ ഭാവിയെക്കുറിച്ചും മോസ്കോയുമായും വാഷിംഗ്ടണുമായും ഒരു ത്രികക്ഷി കൂടിക്കാഴ്ചയ്ക്ക് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി ശ്രമിക്കുന്നുണ്ട്.

വാഷിംഗ്ടൺ ഡി.സി.യിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ ഒരു പഠനമനുസരിച്ച്, യുദ്ധത്തിന്റെ തുടക്കം മുതൽ റഷ്യയ്ക്ക് 1.2 ദശലക്ഷം സൈനികരെയും, ഉക്രൈനിന് ആറു  ലക്ഷം സൈനികരെയും നഷ്ടപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം കിഴക്കൻ ഉക്രെയ്നിലെ ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് പ്രദേശങ്ങളിൽ മന്ദഗതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ജനുവരി 2026, 12:22