മൊസാംബിക്കിൽ രക്ഷാപ്രവർത്തനം നടത്തുന്നു മൊസാംബിക്കിൽ രക്ഷാപ്രവർത്തനം നടത്തുന്നു  (ANSA)

മൊസാംബിക്കിൽ വെള്ളപ്പൊക്കം കടുത്ത മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നു

ജനുവരിയിലെ ആദ്യ ആഴ്ചകളിൽ ഉണ്ടായ അസാധാരണമായ കനത്ത മഴ മൊസാംബിക്കിന്റെ വിവിധ പ്രദേശങ്ങളെ വെള്ളത്തിൽ ആഴ്ത്തുകയും, 50,000-ത്തിലധികം ആളുകൾ പലായനം ചെയ്യുവാൻ ഇടയാക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജനുവരിയിലെ ആദ്യ ആഴ്ചകളിൽ ഉണ്ടായ അസാധാരണമായ  കനത്ത മഴ  മൊസാംബിക്ക് രാജ്യത്തിന്റെ വലിയ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ സൃഷ്ടിച്ചുവെന്നും, സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം, 513,000-ത്തിലധികം ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്നും, യൂണിസെഫ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തു പറയുന്നു. ഇപ്പോൾ 62 താൽക്കാലിക കേന്ദ്രങ്ങളിലാണ് ആളുകൾ തങ്ങുന്നത്. മിക്ക ബാധിത പ്രദേശങ്ങളിലും, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷിതമല്ലാത്ത വെള്ളം, പകർച്ചവ്യാധികൾ, പോഷകാഹാരക്കുറവ് എന്നിവ കുട്ടികൾക്ക് മാരകമായ ഭീഷണിയായി മാറുകയാണ്. ദുരിതബാധിതരിൽ പകുതിയിലധികം ആളുകളും കുട്ടികളാണെന്നത് വേദനാജനകമാണ്. ഭക്ഷ്യവിതരണം, ആരോഗ്യ സേവനങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലെ തടസ്സങ്ങൾ ദുർബലരായ ആളുകൾക്ക് ഏറെ ഭീഷണിയുയർത്തുന്നു.

17 ദശലക്ഷത്തിലധികം ആളുകൾ 18 വയസ്സിന് താഴെയുള്ളവർ വസിക്കുന്ന രാജ്യമാണ് മൊസാംബിക്ക്. അതിനാൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ, ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് ഏറ്റവും പ്രായം കുറഞ്ഞവരെയാണ്. നദീതടങ്ങൾ ജാഗ്രതാ നിർദ്ദേശത്തിന് മുകളിലായതിനാലും, ചില പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാലും, ചുഴലിക്കാറ്റ് കാലം  ആരംഭിക്കുന്നതിനാലും, വരും ദിവസങ്ങളിലും ആഴ്ചകളിലും ബാധിതരായ കുട്ടികളുടെയും കുടുംബങ്ങളുടെയും എണ്ണം കൂടുതൽ ഉയരുമെന്നും വാർത്താകുറിപ്പിൽ എടുത്തു പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ജനുവരി 2026, 14:02