ഗാസയിൽ കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഒക്ടോബർ ആദ്യം വെടിനിർത്തൽ നിലവിൽ വന്നതിനുശേഷവും, ഗാസാമുനമ്പിൽ കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും, ആയതിനാൽ അവർക്ക് ദീർഘകാലപരിചരണം ആവശ്യമാണെന്നും യൂണിസെഫ് സംഘടനാ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ അടിവരയിട്ടു പറഞ്ഞു. കനത്ത മഴ, ശക്തമായ കാറ്റ്, തണുത്തുറഞ്ഞ താപനില എന്നിവയ്ക്ക് വിധേയമായി 1.3 ദശലക്ഷം ആളുകൾ ഇപ്പോഴും ഗാസയിൽ ഉണ്ടെന്നും, അവരിൽ നിരവധി കുട്ടികളും ഉണ്ടെന്നതും സംഘടന ചൂണ്ടിക്കാണിക്കുന്നു.
നിരവധി മാസങ്ങൾക്കുശേഷം ആദ്യമായി, വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം, കുട്ടികളുടെ ജീവിതത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ പര്യാപ്തമല്ലെന്നതും റിപ്പോർട്ട് എടുത്തുപറയുന്നു. വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം , ഗാസയിൽ 100-ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .
2023 ഒക്ടോബർ മുതൽ ഗാസ മുനമ്പിലുടനീളമുള്ള 700,000-ത്തിലധികം സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉപേക്ഷിക്കുവാൻ നിർബന്ധിതരായിട്ടുണ്ടെന്നും, അവരെ തിരികെ കൊണ്ടുവരിക എന്ന ദൗത്യം ഊർജ്ജസ്വലമായി തുടരുമെന്നും സംഘടന അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: