തിരയുക

ഇന്ത്യയിൽ നിന്നുള്ള കാഴ്‌ച്ച ഇന്ത്യയിൽ നിന്നുള്ള കാഴ്‌ച്ച   (ANSA)

ക്രൈസ്തവ ഐക്യവാരാചരണം ഇന്ത്യയിൽ ശക്തമായ ഒരു സാക്ഷ്യം നൽകുന്നു

സമ്പന്നമായ വൈവിധ്യത്തിനും യഥാർത്ഥ വിഭജനത്തിനും ഇടയിൽ, ഇന്ത്യയിലെ സഭയിൽ ക്രൈസ്തവ ഐക്യവാരാചരണം വളരെ വലിയ പ്രാധാന്യം വഹിക്കുന്നുവെന്നും, ഇത് സമാധാനം ഊട്ടിയുറപ്പിക്കുവാനുള്ള പ്രതിബദ്ധത എല്ലാവരിലും ഉളവാക്കുന്നുവെന്നും ശ്രീകാകുളം രൂപത മെത്രാൻ ഫീദെസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജനുവരി മാസം പതിനെട്ടു മുതൽ ആരംഭിച്ച, ക്രൈസ്തവ ഐക്യ വാരം, ഭാരത കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. വിവിധ ക്രൈസ്തവ സഭകൾ ഏറെ ഐക്യത്തിൽ വ്യാപരിക്കുന്ന ഇന്ത്യയിൽ ഈ വാരാചരണം വലിയ ഒരു സാക്ഷ്യമാണ് വിശ്വാസികൾക്ക് നൽകുന്നതെന്ന്, ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ ശ്രീകാകുളം രൂപതയിലെ മെത്രാൻ വിജയ കുമാർ രായരാള  ഫീദെസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലെ ഐക്യം, സമാധാനം, പരസ്പര ധാരണ എന്നിവയ്ക്കുള്ള സഭയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ഈ പ്രാർത്ഥന വാരാചരണം നടക്കുന്നത്.

ശ്രീകാകുളം രൂപതയിലെ കത്തോലിക്കാ സമൂഹം , പ്രദേശത്തെ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പ്രാർത്ഥനാ യോഗങ്ങൾ ഈ ദിവസങ്ങളിൽ സംഘടിപ്പിച്ചു വരുന്നു. നിലവിലെ സഭാപരവും സാമൂഹികവുമായ പശ്ചാത്തലത്തിൽ എക്യുമെനിക്കൽ പ്രതിബദ്ധതയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് മോൺസിഞ്ഞോർ വിജയ കുമാർ സംസാരിച്ചു.  ഇന്ത്യയിലെ വിശ്വാസ സമൂഹങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളികൾക്കിടയിൽ, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കിടയിൽ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങൾ പണിയാനുള്ള ആഹ്വാനത്തെക്കുറിച്ച്  സമ്മേളനങ്ങളിൽ  പ്രത്യേകമായ ചിന്തകൾ പങ്കുവച്ചു.

ഐക്യം തന്ത്രങ്ങളിലൂടെയോ ചർച്ചകളിലൂടെയോ അല്ല കെട്ടിപ്പടുക്കുന്നതെന്ന് വിശുദ്ധ പൗലോസിന്റെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും, അത് സഭയിലേക്ക് ജീവൻ ശ്വസിക്കുന്ന ആത്മാവിൽ വേരൂന്നിയ ഒരു കൃപയാണെന്നും മോൺസിഞ്ഞോർ എടുത്തു പറഞ്ഞു.

വിശക്കുന്നവർക്ക് ഭക്ഷണം നൽകുക, കുട്ടികളെ പഠിപ്പിക്കുക, രോഗികളെ പരിചരിക്കുക, ഗ്രാമങ്ങളിലും നഗരങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടി സംസാരിക്കുക എന്നിവയിലൂടെ ക്രൈസ്തവ  സഭകൾ സമൂഹത്തിനു നൽകുന്ന സേവനങ്ങളൂം അദ്ദേഹം അനുസ്മരിച്ചു. ഒന്നാം നൂറ്റാണ്ട് മുതലുള്ള വേരുകളുള്ള കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികൾ മുതൽ, മറ്റു കത്തോലിക്കാ സഭകളും, ക്രിസ്ത്യൻ സമൂഹങ്ങളും തമ്മിലുള്ള ഐക്യം നിശബ്ദവും എന്നാൽ ശക്തവുമായ ഒരു സാക്ഷ്യം നൽകുന്നുവെന്നു പ്രത്യേകം  അനുസ്മരിച്ചു.

ഇന്ത്യയിലെ ക്രിസ്ത്യാനികൾ 1.3 ബില്യൺ ജനസംഖ്യയിൽ (ജനസംഖ്യയുടെ 2.3%) ഏകദേശം 28 ദശലക്ഷം വിശ്വാസികൾ വരുന്ന ഒരു ന്യൂനപക്ഷമാണ്. എ.ഡി. 52-ൽ അപ്പോസ്തലനായ തോമസിന്റെ വരവ് മുതലുള്ള പുരാതന വേരുകൾ ഇതിനുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ജനുവരി 2026, 13:27