കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കുക കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കുക 

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർദ്ധിക്കുന്നു: യൂണിസെഫ്

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ "വേരൂന്നിയ" കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കഠിനമായ തോതിൽ വർദ്ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി. ഡിസംബർ 30-ന് പുറത്തുവിട്ട ഒരു പുതിയ റിപ്പോർട്ടിലൂടെ കുട്ടികളുടെ ജീവിതത്തെ ഭയാനകമായ തോതിൽ ബാധിക്കുന്ന ഈ തിന്മയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംഘടന വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ആഫ്രിക്കൻ രാജ്യമായ കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കഠിനമായ തോതിൽ വർദ്ധിക്കുന്നുവെന്ന് യൂണിസെഫ്. ഈയൊരു തിന്മ രാജ്യത്ത് ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നും ഡിസംബർ 30 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെ  ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഓർമ്മിപ്പിച്ചു.

2025-ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ മാത്രം രാജ്യത്താകമാനം കുട്ടികൾക്കെതിരായ ബലാത്സംഗം ഉൾപ്പെടെ 35.000 ലൈംഗിക അതിക്രമങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് അറിയിച്ച സംഘടന, 2024-ൽ ഇത്തരത്തിലുളള കേസുകൾ 45.000 ആയിരുന്നുവെന്നും, രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ലൈംഗിക അതിക്രമകേസുകളിൽ നാൽപ്പത് ശതമാനവും കുട്ടികൾക്ക് നേരെയായിരുന്നു നടന്നതെന്നും അറിയിച്ചു. ഇത് 2022-ൽ നടന്ന അതിക്രമങ്ങളുടെ മൂന്നിരട്ടിയായിരുന്നുവെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.

ഈയൊരു തിന്മ രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ടെന്നും, കൂടുതൽ ശക്തമായി വരികയെന്നും യൂണിസെഫ് തങ്ങളുടെ റിപ്പോർട്ടിൽ എഴുതി. ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങൾ ഉണ്ടാകാമെന്നും, അതുകൊണ്ടുതന്നെ യഥാർത്ഥ കണക്കുകൾ ഇപ്പോൾ ലഭ്യമായവയിലും കൂടുതലായിരിക്കുമെന്നും സംഘടന ഓർമ്മിപ്പിച്ചു.

ലൈംഗികാതിക്രമം നേരിട്ട കുട്ടികളുമായി മണിക്കൂറുകൾ യാത്ര ചെയ്താണ് അമ്മമാർ ആശുപത്രികളിലെത്തുന്നതെന്നും, അപമാനവും പ്രതികാരനടപടികളും ഭയന്ന് പലരും ഇത്തരം ദുരുപയോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് പിന്നോക്കം പോകുന്നുണ്ടെന്നും, യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.

സംഘർഷങ്ങളും കുടിയിറക്കവും തുടരുന്ന തെക്കും വടക്കും കിവു പ്രദേശങ്ങളിലും ഇത്തൂരിയിലുമാണ് കൂടുതൽ ലൈംഗികാക്രമണകേസുകൾ ഉണ്ടാകുന്നതെന്ന് ശിശുക്ഷേമനിധി എഴുതി. ദാരിദ്ര്യവും, ഭക്ഷ്യ അരക്ഷിതാവസ്ഥയും നേരിടുന്നതും, വിദ്യാഭ്യാസസാധ്യതകൾ കുറഞ്ഞതുമായ, കിൻഷാസയിലും കസായിയിലും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും സംഘടന അറിയിച്ചു.

ആൺകുട്ടികളും ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ടെങ്കിലും, കൗമാരക്കാരായ പെൺകുട്ടികളാണ് ദേശീയതലത്തിൽ കൂടുതലായി ആക്രമണങ്ങൾ നേരിടുന്നതെന്ന് സംഘടന എഴുതി.

ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായ കുട്ടികൾക്ക് യൂണിസെഫ് നൽകിവന്നിരുന്ന സേവനങ്ങൾ 2022-ൽനിന്ന് 2024-ലെത്തിയപ്പോൾ 143 ശതമാനം വർദ്ധിപ്പിച്ചുവെന്നും, 2024-ൽ മാത്രം 24.200 കുട്ടികൾക്ക് തങ്ങൾ സഹായമേകിയെന്നും സംഘടന അറിയിച്ചു.

സംഘർഷഭരിതമേഖലകളുൾപ്പെടെ എല്ലായിടങ്ങളിലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ അവസാനിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് തങ്ങളുടെ പത്രക്കുറിപ്പിലൂടെ യൂണിസെഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഡിസംബർ 2025, 13:56