പാക്കിസ്ഥാനിൽ ദേവാലയത്തിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നു പാക്കിസ്ഥാനിൽ ദേവാലയത്തിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നു   (ANSA)

പാക്കിസ്ഥാനിൽ ന്യൂനപക്ഷ അവകാശ നിയമം പാർലമെന്റ് അംഗീകരിച്ചു

വളരെക്കാലമായി നിരവധിയാളുകൾ പ്രതീക്ഷയോടെ കാത്തിരുന്ന, ദേശീയ ന്യൂനപക്ഷ അവകാശ കമ്മീഷൻ സ്ഥാപിക്കുന്നതിനുള്ള നിയമം, പാകിസ്ഥാൻ പാർലമെന്റ് അംഗീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പാക്കിസ്ഥാനിൽ, മൗലികാവകാശങ്ങളുടെയും, സുരക്ഷിതത്വത്തിന്റെയും ഉറപ്പു നൽകുന്ന ദേശീയ ന്യൂനപക്ഷ അവകാശ കമ്മീഷൻ സ്ഥാപിക്കുന്നതിനുള്ള പ്രമേയം പാർലമെന്റ് അംഗീകരിച്ചു.  "രാജ്യത്തിന് പ്രതീക്ഷ നൽകുന്ന ഒരു ചുവടുവയ്പ്പാണ്" ഇതെന്ന് പാക്കിസ്ഥാൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് സാംസൺ ഷുക്കാർഡിൻ ,ഫീദെസ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

മുസ്ലീം ഇതര സമൂഹങ്ങളുടെ (ക്രിസ്ത്യാനികൾ, ഹിന്ദുക്കൾ, സിഖുകാർ, മറ്റ് മതങ്ങൾ) അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള കമ്മീഷനായിരിക്കും ഇത്. ഡിസംബർ 2 ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ഇസ്ലാമിക മതകക്ഷികൾ പ്രതികൂലമായ അഭിപ്രായം പ്രകടിപ്പിച്ച സജീവമായ ചർച്ചയ്ക്ക് ശേഷം 160 വോട്ടുകൾ അനുകൂലമായും 79 വോട്ടുകൾക്ക് എതിർത്തുമാണ്, ഭൂരിപക്ഷത്തിന്റെ പിന്തുണയിൽ നിയമം അംഗീകരിച്ചത്. പാകിസ്ഥാനിലെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും സിഖുകാർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും ഒരു നാഴികക്കല്ലാണ് ഈ നിയമം.

2014-ൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് ശേഷമാണ് നിയമത്തിന് അംഗീകാരം ലഭിച്ചത്. പള്ളികൾക്കും മറ്റ് സമൂഹങ്ങൾക്കുമെതിരായ അക്രമങ്ങളെത്തുടർന്ന് ന്യൂനപക്ഷ അവകാശങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക കമ്മീഷൻ സ്ഥാപിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കോടതി ഇക്കാര്യത്തിന് ഉത്തരവിറക്കിയത്.

നിയമമനുസരിച്ച്, അവകാശ ലംഘനങ്ങൾ നിരീക്ഷിക്കാനും, ദുരുപയോഗങ്ങൾ അന്വേഷിക്കാനും, പരാതികൾ പരിശോധിക്കാനും, ജയിലുകളും പോലീസ് സ്റ്റേഷനുകളും പരിശോധിക്കാനും, നയങ്ങളെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കാനും, വിവേചനം തടയുന്നത് ഉൾപ്പെടെ മതന്യൂനപക്ഷങ്ങളെ പ്രത്യേകമായി ബാധിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നത് അവലോകനം ചെയ്യാനും കമ്മീഷന് അധികാരമുണ്ട്.

നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹം, മതനിന്ദ നിയമത്തിന്റെ ദുരുപയോഗം, പോലീസ് സേനയുടെയും കോടതികളുടെയും ചിലപ്പോൾ വിഭാഗീയ സമീപനം എന്നിവ അമുസ്ലിം സമൂഹങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന സാരമായ പ്രശ്നങ്ങളായി തുടരുന്നതിനിടെയാണ്, ഈ പുതിയ നിയമത്തിനു പാർലമെന്റ് അംഗീകാരം നൽകിയിരിക്കുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 ഡിസംബർ 2025, 11:48