തിരയുക

കോംഗോയിൽ നിന്നുള്ള ദയനീയമായ കാഴ്ച്ച കോംഗോയിൽ നിന്നുള്ള ദയനീയമായ കാഴ്ച്ച  

കോംഗോയിൽ കോളറ ഭീഷണി അതിരൂക്ഷം

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ഇടയിൽ നടന്ന ഏറ്റവും വലിയ സാംക്രമിക കോളറ രോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നു, യൂണിസെഫ് സംഘടനയുടെ വാർത്താകുറിപ്പിൽ അറിയിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

രക്തരൂക്ഷിതമായ ആക്രമണങ്ങൾ, ജനജീവിതം ദുസ്സഹമാക്കുന്ന കോംഗോയിൽ, കോളറ രോഗവും ഏറെ ദുരിതങ്ങൾ സൃഷ്ടിക്കുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ യൂണിസെഫ് സംഘടനയാണ്, വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. വർഷാരംഭം മുതൽ ആകെ 64,427 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതിൽ 1,888 മരണങ്ങളും ഉൾപ്പെടുന്നു. കുട്ടികൾക്കിടയിലും  ഈ രോഗബാധ അധികമാണെന്നും, 14,818 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, 340 കുട്ടികൾ മരണപ്പെടുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും വാർത്താകുറിപ്പിൽ എടുത്തു പറയുന്നു.

തലസ്ഥാനമായ കിൻഷാസ ഉൾപ്പെടെ രാജ്യത്തെ 26 പ്രവിശ്യകളിൽ പതിനേഴു പ്രവിശ്യകളിലും നിലവിൽ രോഗം മൂർദ്ധന്യതയിൽ നിൽക്കുന്നുവെന്നും സംഘടന മുന്നറിയിപ്പ് നൽകി. പൂർണ്ണമായും തടയാൻ കഴിയുന്ന ഒരു രോഗം കോംഗോയിലെ കുട്ടികളെ ഇത്രയധികം ബാധിക്കുകയും, നിരവധിപേർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യം വേദനാജനകമാണെന്നും വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു.

30 വർഷത്തിനിടയിൽ ഒരിക്കലൂം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അടിയന്തിരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. കുടിയേറ്റ തരംഗം വർദ്ധിക്കുന്നതിനാൽ മറ്റു സാംക്രമിക രോഗങ്ങളും ഏറെ കൂടുകയാണ്. വസൂരി, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത  തിങ്ങിനിറഞ്ഞതും വൃത്തിഹീനവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും പത്രക്കുറിപ്പിൽ അടിവരയിടുന്നു. ജല, ശുചിത്വ സേവനങ്ങളിലേക്കുള്ള പരിമിതമായ പ്രവേശനം, ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്ന നിരന്തരമായ സംഘർഷം, കുടിയിറക്കം, അരക്ഷിതാവസ്ഥ എന്നിവ കോളറ പ്രതിസന്ധി കൂടുതൽ വഷളാക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഡിസംബർ 2025, 12:58