തിരയുക

ജമൈക്കയിലെ ഒരു മെഡിക്കൽ ക്യാമ്പിൽനിന്നുള്ള ദൃശ്യം ജമൈക്കയിലെ ഒരു മെഡിക്കൽ ക്യാമ്പിൽനിന്നുള്ള ദൃശ്യം  (ANSA)

മെലീസ കൊടുങ്കാറ്റ്: ഒൻപത് ലക്ഷം കുട്ടികൾക്ക് മാനവിക സഹായം ആവശ്യമുണ്ടെന്ന് യൂണിസെഫ്

കരീബിയൻ പ്രദേശങ്ങളിൽ നാശം വിതച്ച മെലീസ കൊടുങ്കാറ്റ് അഞ്ച് ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയെന്നും, പ്രദേശത്ത് ഒൻപത് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് നവംബർ 18-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കരീബിയൻ പ്രദേശങ്ങളിൽ മെലീസ കൊടുങ്കാറ്റ് നാശം വിതച്ച് കടന്നുപോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഏതാണ്ട് അഞ്ചുലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം ഇനിയും പൂർണ്ണമായും പുനരാരംഭിക്കാനായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. പ്രധാനമായും ക്യൂബ, ഹൈറ്റി, ജമൈക്ക എന്നീ രാജ്യങ്ങളെയാണ് മെലീസ കൂടുതലായി ബാധിച്ചതെന്ന്, നവംബർ 18 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.

മെലീസ കാരണമുണ്ടായ കടുത്ത മഴയും വെള്ളപ്പൊക്കവും മൂലം തീരദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ ദുർബലമായെന്ന് അറിയിച്ച യൂണിസെഫ്, നിരവധി സ്‌കൂളുകൾ തകർന്നെന്നും, പലതും അടച്ചിട്ടിരിക്കുകയാണെന്നും, അതുകൊണ്ടുതന്നെ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടിരിക്കുകയാണെന്നും വ്യക്തമാക്കി. വിദ്യാഭ്യാസം മുടങ്ങിയവരുൾപ്പെടെ ഏതാണ്ട് ഒൻപത് ലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും സംഘടന ഓർമ്മിപ്പിച്ചു.

വിദ്യഭ്യാസം മുടങ്ങുന്നത് വഴി, കുട്ടികളുടെ സുരക്ഷയും ഭാവിയുമാണ് തടസ്സപ്പെടുന്നതെന്ന് തെക്കേ അമേരിക്കയിലേക്കും കരീബിയൻ പ്രദേശങ്ങളിലേക്കുമുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ റൊബെർത്തോ ബേനെസ് (Roberto Benes) പ്രസ്താവിച്ചു. തങ്ങളും പ്രാദേശിക സർക്കാരുകളോട് ചേർന്ന്, വിദ്യാഭ്യാസം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കും, കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബയിൽ വെള്ളപ്പൊക്കം കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ യൂണിസെഫ്, ഏതാണ്ട് 21.000 കുട്ടികൾക്ക് വേണ്ടിയുള്ള കിറ്റുകൾ വിതരണം ചെയ്തുവെന്നും, സ്‌കൂളുകൾക്കുവേണ്ടി 30 ടെന്റുകളും 500 ടാർപോളിനുകളും എത്തിക്കുമെന്നും സംഘടന അറിയിച്ചു.

ഹൈറ്റിയിൽ ഏതാണ്ട് 2.800 കുട്ടികൾക്ക് കിറ്റുകൾ വിതരണം ചെയ്തതായും ശിശുക്ഷേമനിധി അറിയിച്ചു. ജമൈക്കയിൽ ഏതാണ്ട് പതിനായിരത്തോളം കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ നൂറോളം താത്കാലിക വിദ്യാഭ്യാസയിടങ്ങൾ തയ്യാറാക്കിയതായും യൂണിസെഫ് വിശദീകരിച്ചു. നിലവിലുള്ള 1.000 അദ്ധ്യാപകർക്ക് പുറമെ, 500 അദ്ധ്യാപകരെക്കൂടി യൂണിസെഫ് രാജ്യത്ത് പരിശീലിപ്പിച്ചെടുക്കുമെന്നും സംഘടന കൂട്ടിച്ചേർത്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 നവംബർ 2025, 14:23