മുറിവേറ്റതും തകർന്നതുമായ രാഷ്ട്രം വീണ്ടും ഉയിർത്തെഴുന്നേൽക്കട്ടെ: മ്യാന്മറിലെ മെത്രാന്മാർ
ദെബോറ കസ്‌തെല്ലാനോ ലുബോവ്, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മ്യാൻമറിലെ പ്രത്യേക സാഹചര്യത്തിൽ, കത്തോലിക്കാ മെത്രാൻ സമിതി, ബഹുരാഷ്ട്ര പ്രതിസന്ധിക്ക് അനുകമ്പയുടെയും പ്രത്യാശയുടെയും സന്ദേശം പ്രസിദ്ധീകരിച്ചു. മ്യാൻമറിലുടനീളം, തങ്ങൾ അതിശക്തമായ വേദനയുടെയും, അനിശ്ചിതത്വത്തിന്റെയും, ആശയക്കുഴപ്പത്തിന്റെയും ഒരു കാലഘട്ടം അനുഭവിക്കുകയാണെന്ന് സന്ദേശത്തിൽ പറയുന്നു. ഒന്നിലധികം അടിയന്തരാവസ്ഥകൾ ഒത്തുചേരുകയും ഓരോന്നും മറ്റുള്ളവയെ കൂടുതൽ വഷളാക്കുകയും ചെയ്യുന്ന ഒരു ദുരന്തത്തിലൂടെയാണ് രാഷ്ട്രം കടന്നുപോകുന്നതെന്നും സന്ദേശത്തിൽ അടിവരയിടുന്നു.
സായുധ സംഘർഷം, പ്രകൃതി ദുരന്തങ്ങൾ, കുടിയിറക്കം, സാമ്പത്തിക തകർച്ച, ആഴത്തിലുള്ള സാമൂഹികമുറിവുകൾ എന്നിവയാണ് ഇന്ന് രാഷ്ട്ര അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. ഐക്യരാഷ്ട്രസഭയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, സംഘർഷം രൂക്ഷമായതിനുശേഷം മ്യാൻമറിലെ 3 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്ന്, മെത്രാന്മാർ ചൂണ്ടിക്കാണിക്കുന്നു.
മരങ്ങൾക്കടിയിൽ, നെൽപ്പാടങ്ങൾ, ആശ്രമങ്ങൾ, താൽക്കാലിക കൂടാരങ്ങൾ എന്നിവയിൽ അഭയം തേടുന്ന ഇവർക്ക് ഭക്ഷണമോ വെള്ളമോ വിദ്യാഭ്യാസമോ സുരക്ഷയോ ലഭിക്കുന്നില്ല എന്നത് ഭീതിപ്പെടുത്തുന്നുവെന്നും മെത്രാന്മാർ അടിവരയിടുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്നുവെന്നും, തൊഴിലവസരങ്ങൾ ഇല്ലാതായി എന്നും, ഇന്ധനത്തിനും മരുന്നിനും ക്ഷാമം അനുഭവിക്കുന്നുവെന്നും മെത്രാന്മാർ എടുത്തു പറയുന്നു.
അതിനാൽ ക്രിസ്ത്യാനികളും, ദൈവ വിശ്വാസികളും എന്ന നിലയിൽ, അനുരഞ്ജനം, രോഗശാന്തി, ശാശ്വത സമാധാനം എന്നിവയിലേക്കുള്ള ഒരു പാത തുറക്കുവാൻ മെത്രാന്മാർ ഏവരെയും ആഹ്വാനം ചെയ്യുന്നു. മുറിവേറ്റതും തകർന്നതുമായ രാഷ്ട്രം വീണ്ടും ഉയിർത്തെഴുന്നേൽക്കട്ടെ എന്ന ആശംസയും അവർ നൽകുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: